|    Apr 27 Thu, 2017 8:19 pm
FLASH NEWS

നോട്ട് പിന്‍വലിച്ച നടപടി;നോട്ടു കൈവശം വച്ചവരെ തട്ടിപ്പുകാരാക്കി: അമര്‍ത്യ സെന്‍

Published : 27th November 2016 | Posted By: mi.ptk

amartya_sen

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ നോട്ടുകള്‍ കൈവശം വച്ച എല്ലാവരെയും തട്ടിപ്പുകാരാക്കുന്നതായിപ്പോയെന്ന് നൊബേല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ധനുമായ പ്രഫസര്‍ അമര്‍ത്യ സെന്‍. നോട്ട് കൈയിലുള്ളവരെല്ലാം തങ്ങള്‍ കള്ളപ്പണക്കാരല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടായി. നോട്ട് പിന്‍വലിക്കുകയെന്ന ആശയവും അത് നടപ്പാക്കിയ രീതിയും എല്ലാം സ്വേച്ഛാധിപത്യ നടപടിയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരെന്ന സര്‍ക്കാറിന്റെ സ്വഭാവത്തെ വഞ്ചിക്കുന്നതുമാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഒരു ദേശീയ ദിനപ്പത്രത്തോട് സംസാരിക്കുകയായിരുന്നു സെന്‍. ചിലയാളുകളുടെ കൈയില്‍ കള്ളപ്പണമുണ്ടെന്ന കാരണത്താല്‍ രാജ്യത്തെ എല്ലാവരോടും നിങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍തന്നെ തെളിയിക്കണമെന്ന് സര്‍ക്കാര്‍ പെട്ടെന്നൊരുദിവസം ആവശ്യപ്പെടുന്നു. പണം കൈവശമുള്ളവരെല്ലാം അതോടെ കുറ്റക്കാരായി. അവര്‍ കള്ളപ്പണക്കാരല്ലെന്നു തെളിയിക്കേണ്ട ബാധ്യത ജനങ്ങളില്‍ വന്നുചേര്‍ന്നു. ഇത്തരമൊരു ദുരിതത്തിലേക്ക് ഒരു ഉത്തരവാദിത്തമുള്ള സര്‍ക്കാരും സ്വന്തം ജനങ്ങളെ തള്ളിവിടാന്‍ പാടില്ലായിരുന്നു. നിരപരാധികളായ കോടിക്കണക്കിന് ജനങ്ങള്‍ അവരുടെ സ്വന്തം പണം കൈയില്‍ക്കിട്ടുന്നതിനായി പ്രയാസപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. സെന്‍ പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ അടിസ്ഥാനമൊന്നും കാണുന്നില്ലെന്നും സെന്‍ പറഞ്ഞു. എങ്ങനെയാണ് ഇത് കള്ളപ്പണം ഇല്ലാതാക്കുക. വിദേശത്തെ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിലെ പരാജയമായിട്ടേ ഇതിനെ കാണാന്‍ പറ്റൂ. ഈ പരാജയത്തിന്റെ ബാധ്യത സാധാരണക്കാരനില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. നല്ല നയങ്ങള്‍ ചിലപ്പോള്‍ ചില വേദനകള്‍ ഉണ്ടാക്കാം. അതിനെ കുറ്റം പറയാനാവില്ല. എന്നാലിത് ഒരു തരത്തിലും നല്ല നയമല്ല സെന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day