|    Feb 28 Tue, 2017 4:38 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ യുവതീ യുവാക്കള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിയാം: പ്രധാനമന്ത്രി

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തെ യുവതീ യുവാക്കള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കി ബാത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു മോദി. ഈ തീരുമാനത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും എനിക്കറിയാം. നിങ്ങളെന്റെ യഥാര്‍ഥ സൈനികരാണ്, എന്റെ നല്ല സുഹൃത്തുക്കളാണ്. രാജ്യത്തെ സാമ്പത്തിക ഔന്നത്യത്തിലേക്കു കൊണ്ടുപോവാനുള്ള അവസരമാണിത്. നോട്ടില്ലാത്ത ഒരു സമൂഹനിര്‍മിതിയെന്ന ഒരു മഹാകാര്യമാണു ചെയ്യാനാഗ്രഹിക്കുന്നത്. നൂറുശതമാനവും നോട്ടില്ലാത്ത ഒരു സമൂഹം സാധ്യമല്ലെന്നതു ശരിതന്നെ. പക്ഷേ, കുറച്ച് നോട്ടുപയോഗിക്കുന്ന സമൂഹമായി നമുക്കു മാറാനാവും. ഇക്കാര്യത്തില്‍ നിങ്ങളുടെ നേരിട്ടുള്ള സഹായംവേണം. നിങ്ങളെന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് എനിക്കു വിശ്വാസമുണ്ട്- മോദി പറഞ്ഞു.
പുതിയ ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ളിടത്തോളം അനുഭവം പഴയ തലമുറയ്ക്കില്ല. രാജ്യത്തെ എല്ലാ ബാങ്കുകളും ഓണ്‍ലൈന്‍ സൗകര്യം നല്‍കുന്നുണ്ട്. എല്ലാ ബാങ്കുകള്‍ക്കും മൊബൈല്‍ ആപ്പുകളുണ്ട്. എല്ലാ ബാങ്കുകള്‍ക്കും സ്വന്തമായി വാലറ്റുണ്ട്. പല തരത്തിലുള്ള കാര്‍ഡുകള്‍ ലഭ്യമാണ്. ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങളുടെ പക്കല്‍ രുപേ കാര്‍ഡുണ്ട്. രുപേ കാര്‍ഡിന്റെ ഉപയോഗത്തില്‍ എട്ടാം തിയ്യതിക്കുശേഷം 300 ഇരട്ടി വര്‍ധനവുണ്ടായി. മൊബൈല്‍ ഫോണില്‍ പ്രീ പെയ്ഡ് കാര്‍ഡുള്ളതുപോലെ ബാങ്കില്‍നിന്നും പണം ചെലവാക്കാന്‍ പ്രീ പെയ്ഡ് കാര്‍ഡു ലഭിക്കുന്നു. അതുപയോഗിച്ച് നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം, പണമയക്കാം, പണം വാങ്ങുകയുമാവാം. നിങ്ങള്‍ വാട്‌സ് ആപില്‍ സന്ദേശമയക്കുന്നതുപോലെ ലളിതമാണിത്. ഒന്നും പഠിച്ചിട്ടില്ലാത്തവര്‍ക്കുപോലും ഇന്ന് വാട്‌സ് ആപില്‍ അയയ്ക്കാനറിയാം, ഫോര്‍വേഡു ചെയ്യാനുമറിയാം. ഇത്രമാത്രമല്ല, ഇതിന് വലിയ സ്മാര്‍ട്ട് ഫോണൊന്നും ആവശ്യമില്ലാത്തവിധം സാങ്കേതികവിദ്യ ലളിതമായിക്കൊണ്ടിരിക്കുന്നു. സാധാരണയായുള്ള ഫോണുപയോഗിച്ചുപോലും പണം അയയ്ക്കാനാവും. അലക്കുകാരനാണെങ്കിലും, പച്ചക്കറി കച്ചവടം ചെയ്യുന്നയാളാണെങ്കിലും, പാല്‍ വില്‍ക്കുന്നയാളാണെങ്കിലും പത്രം വില്‍ക്കുന്നയാളാണെങ്കിലും ചായ വില്‍ക്കുന്നയാളാണെങ്കിലും കടല വില്‍ക്കുന്നയാളാണെങ്കിലും ഇത് സൗകര്യപൂര്‍വം ഉപയോഗിക്കാം. ഇതിലൂടെ നോട്ടില്ലാത്ത സമൂഹത്തിലേക്കുള്ള നീക്കത്തിന് ശക്തിപകരാനാണ് ശ്രമിക്കുന്നത്. മോദി പറഞ്ഞു.
നോട്ടു പിന്‍വലിച്ചാല്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ 50 ദിവസം വേണ്ടിവരുമെന്നും അത്രയ്ക്കു വലിയ തീരുമാനമാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ 50 ദിവസത്തിനുശേഷമേ സാധാരണ നിലയിലേക്കു മടങ്ങാനാവൂ എന്നും പറഞ്ഞു. 70 വര്‍ഷങ്ങളായി ഏതൊരു രോഗത്തെയാണോ നാം അനുഭവിച്ചു പോരുന്നത്, ആ രോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം ലളിതമാവില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ എനിക്കു നന്നായി മനസ്സിലാവും. എന്നാല്‍,  നിങ്ങളെ വഴി തെറ്റിക്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നടക്കുന്നു. നിങ്ങളുടെ പിന്തുണയും സഹകരണവും കാണുമ്പോള്‍ നിങ്ങള്‍ സത്യത്തെ ശരിയായി മനസ്സിലാക്കിയിരിക്കുന്നെന്നും, രാജ്യനന്മ ലാക്കാക്കിയുള്ള ഈ സംരഭത്തെ നിങ്ങള്‍ ശരിയായി സ്വീകരിച്ചിരിക്കുന്നുവെന്നും മനസ്സിലാവുന്നു. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ ഈ തീരുമാനം വിജയിപ്പിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. ഇന്നും ചില ആളുകളുടെ ദുസ്സ്വഭാവം വിട്ടുപോവാത്ത വിധം വ്യാപിച്ചിരിക്കുന്നു.
ഇപ്പോഴും ചില ആളുകള്‍ക്കു തോന്നുന്നത് അഴിമതിയുടെ പണം, ഈ കള്ളപ്പണം, ഈ കണക്കില്‍പെടാത്ത പണം, ഈ ബിനാമി പണം എന്തെങ്കിലുമൊക്കെ വഴികണ്ടെത്തി വീണ്ടും സാമ്പത്തിക മേഖലയില്‍ കൊണ്ടുവരാമെന്നാണ്. അവര്‍ തങ്ങളുടെ പണം കാക്കാനുള്ള ശ്രമത്തില്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നു. ഇതിലും അവര്‍ ദരിദ്രരെ ഉപയോഗിക്കാനുള്ള മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ദരിദ്രരെ വഴിതെറ്റിച്ച്, പ്രലോഭിപ്പിച്ച് അവരുടെ അക്കൗണ്ടില്‍പണം നിക്ഷേപിച്ച്, അതല്ലെങ്കില്‍ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ചെയ്യിച്ച് കള്ളപ്പണത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ദയവായി ദരിദ്രരുടെ ജീവിതവുമായി കളിക്കാതിരിക്കൂ. രേഖകളില്‍ ദരിദ്രന്റെ പേരുവരുകയും പിന്നീട് അന്വേഷണം വരുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ പാപം കാരണം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന പ്രവര്‍ത്തിയൊന്നും ചെയ്യരുത്. നടപ്പിലാക്കുന്ന ബിനാമി സമ്പത്തിന്റെ കാര്യത്തിലുള്ള നിയമം വളരെ ബുദ്ധിമുട്ടിക്കുന്നതാവും.
ദേശവാസികളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്കു പ്രവേശിക്കാനുള്ള അവസരമാണിതെന്ന് മോദി പറഞ്ഞു. നിങ്ങളും മൊബൈല്‍ ഫോണില്‍ ബാങ്കുകളുടെ ആപ് ഡൗണ്‍ലോഡു ചെയ്യൂ. നിങ്ങളും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പിഒഎസ് മെഷീന്‍ വയ്ക്കൂ.
നോട്ടില്ലാതെ എങ്ങനെ കച്ചവടം നടത്താമെന്ന് നിങ്ങളും പഠിക്കൂ. വലിയ വലിയ മാളുകള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതുപോലെ ഒരു ചെറിയ കച്ചവടക്കാരനും ഉപയോഗിക്കാന്‍ എളുപ്പമുള്ള സാങ്കേതികവിദ്യയിലൂടെ അയാളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിക്കും- മോദി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day