|    Feb 28 Tue, 2017 6:41 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: ഭരണഘടനാ സാധുത സുപ്രിംകോടതി പരിശോധിക്കും

Published : 26th November 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ ഭരണഘടനാ സാധുതയും അത് ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടും സുപ്രിംകോടതി പരിശോധിക്കും. ഇതുസംബന്ധിച്ച എല്ലാ ഹരജികളും വെള്ളിയാഴ്ച ഒന്നിച്ചു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്നലെയും ചൂടേറിയ വാദപ്രതിവാദത്തിനാണ് കോടതി സാക്ഷ്യം വഹിച്ചത്.
കോടതിമുറിയില്‍ ഉണ്ടായിരുന്ന അഭിഭാഷകര്‍ വാദങ്ങളുമായി എഴുന്നേറ്റതോടെ കോടതി ബഹളത്തില്‍ മുങ്ങി. ഒടുവില്‍ കോടതിയുടെ മാന്യതയ്ക്കു നിരക്കുന്ന രീതിയില്‍ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസിന് താക്കീത് ചെയ്യേണ്ടിവന്നു.
നോട്ടുകള്‍ പിന്‍വലിച്ച് ഈ മാസം എട്ടിന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഭരണഘടനാപരമായ സാധുതയുണ്ടോ, ഈ നടപടി ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കിയോ, ഈ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുക. അതോടൊപ്പം നോട്ട് വിഷയത്തില്‍ ഹൈക്കോടതികളിലുള്ള ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ റോഡില്‍ പട്ടിണി കിടക്കേണ്ട സാഹചര്യമാണ് ഉണ്ടായതെന്ന് ഹരജിക്കാരിലൊരാള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ഇതിനെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി എതിര്‍ത്തു. ആരും റോഡില്‍ പട്ടിണി കിടക്കുന്നില്ലെന്ന് രോഹത്ഗി പറഞ്ഞു.
രാജ്യത്തെ മാര്‍ക്കറ്റുകളെല്ലാം അടഞ്ഞുകിടക്കുകയാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. 2000ത്തിന്റെ പുതിയ നോട്ട് നിറമിളകുന്നുണ്ടെന്നും വേഗത്തില്‍ വ്യാജനുണ്ടാക്കാന്‍ കഴിയുന്നതാണെന്നും മനോഹര്‍ലാല്‍ ശര്‍മ എന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പണമെല്ലാം ബിജെപിയുടെ കൈയിലേക്ക് പോയെന്നും ശര്‍മ പറഞ്ഞു. ഇതോടെ മറ്റ് അഭിഭാഷകരും കൈയുയര്‍ത്തി കോടതിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. ബഹളമായതോടെ  കോടതിയുടെ അന്തസ്സിന് നിരക്കുന്ന രീതിയില്‍ പെരുമാറിയില്ലെങ്കില്‍ കേസ് പരിഗണിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ആറാഴ്ചത്തേക്ക് നീട്ടുമെന്നും കോടതി പറഞ്ഞു.
എന്താണ് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന് പറയാന്‍ താക്കൂര്‍ സിബലിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയില്ലെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍  എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും സിബല്‍ പറഞ്ഞു. ഇക്കാര്യം കോടതി പരിഗണിക്കണമെങ്കില്‍ അതാവാമെന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് ഡിസംബര്‍ രണ്ടിന് പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും രോഹത്ഗി പറഞ്ഞു. അന്നു തന്നെ ഈ കേസുകളും പരിഗണിക്കാവുന്നതാണെന്നും എല്ലാ ഭാഗങ്ങളും പരിശോധിച്ച് മാത്രമേ കോടതി നിലപാട് സ്വീകരിക്കാവൂ എന്നും രോഹത്ഗി പറഞ്ഞു. ഇത് അംഗീകരിച്ച കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day