|    Apr 20 Fri, 2018 5:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് പിന്‍വലിക്കല്‍: രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും പ്രക്ഷോഭത്തിലേക്ക്

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ ജനജീവിതം താറുമാറാക്കിയ പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും പ്രക്ഷോഭത്തിനിറങ്ങുന്നു. സിപിഎം, സിപിഐ, യുഡിഎഫ്, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനമുണ്ടായ കഴിഞ്ഞ എട്ടിനും തൊട്ടടുത്ത ദിവസങ്ങളിലും പാര്‍ട്ടികള്‍ കരുതലോടെയാണു പ്രതികരിച്ചിരുന്നത്. എന്നാല്‍, ഒരാഴ്ചയായിട്ടും നോട്ട് പിന്‍വലിക്കല്‍മൂലമുണ്ടായ ജനങ്ങളുടെ പ്രയാസങ്ങള്‍ ഒരല്‍പ്പം പോലും കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാര്‍ട്ടികള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമായത്.
കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് തിരക്കിട്ടെടുത്ത തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്കു കടുത്ത ദുരിതമാണ് സമ്മാനിച്ചത്. ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും വരെ പഴയ നോട്ടുകളുടെ സാധുത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 17ന് റിസര്‍വ് ബാങ്കിന് മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. അന്നേദിവസം എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും സായാഹ്നധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.
യാതൊരു മുന്നൊരുക്കവുമില്ലാതെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി സാധാരണക്കാരന്റെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 17ന് കരിദിനം ആചരിക്കാന്‍ യുഡിഎഫ് നേതൃയോഗവും തീരുമാനിച്ചു. യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അന്ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നില്‍ യുഡിഎഫ് നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തും. അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് യുഡിഎഫ് നേതാക്കള്‍ ആശങ്ക അറിയിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടികള്‍ ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നോട്ട് പിന്‍വലിച്ച നടപടിയിലൂടെ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യോഗം വിലയിരുത്തി.
ആരോടും ആലോചിക്കാതെ എടുത്ത തീരുമാനത്തില്‍ വലയേണ്ടിവന്നത് സാധാരണ ജനങ്ങളാണ്. ചെയ്തത് തെറ്റാണെങ്കില്‍ കഴുവിലേറ്റൂ എന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം കുറ്റസമ്മതമാണ്. മുമ്പൊരു ഭരണാധികാരിയും ഇത്തരമൊരു ഭ്രാന്തന്‍ തീരുമാനം സ്വീകരിച്ചിട്ടില്ല. വലിയ അരാജകത്വമാണ് രാജ്യത്തുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണക്കാരന്റെ നിത്യജീവിതം സ്തംഭനത്തിലാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ഇന്നലെ ആര്‍ബിഐ ശാഖകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ആസൂത്രണമില്ലാതെ നോട്ട് മാറ്റം പ്രഖ്യാപിച്ച് ജനങ്ങളെ വലച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss