|    Mar 22 Thu, 2018 11:55 am

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി; കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയിലേക്ക്

Published : 25th November 2016 | Posted By: SMR

കണ്ണൂര്‍: 1000, 500 നോട്ടുകള്‍ പിന്‍വലിക്കുകയും ഇടപാടുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതോട കടുത്ത പ്രതിസന്ധിയിലായ കണ്ണൂര്‍ ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപങ്ങളുടെ 65 ശതമാനവും പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. എന്നാല്‍ ഈ നിക്ഷേപം പിന്‍വലിക്കാനോ പ്രാഥമിക ബാങ്കുകളുടെ ഇടപാടുകാര്‍ക്ക് വായ്പ നല്‍കാനോ അവരുടടെ നിക്ഷേപം തിരിച്ചു കൊടുക്കാനോ ഇപ്പോള്‍ കറന്‍സി ഉപരോധത്തിന്റെ ഫലമായി കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ പ്രൈമറി സഹകരണ ബാങ്ക് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെല്ലാം പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമവ്യവസ്ഥക്ക് വിധേയമായാണ്. മാത്രമല്ല, സഹകരണ വകുപ്പിന്റെ സൂക്ഷ്മമായ പരിശോധനയും നിയന്ത്രണവും അവയ്ക്കുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടപെടലുമുണ്ട്. സഹകരണ ബാങ്കുകളുടെ നിക്ഷേപകരില്‍ 10 ലക്ഷത്തിന് മുകളില്‍ വരുന്ന നിക്ഷേപകരുടെ എല്ലാ വിവരങ്ങളും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപകരുടെ വിവരങ്ങള്‍ അവര്‍ക്കു കൈമാറുന്നുണ്ട്.ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെയും എവിടെയെങ്കിലും കള്ളപ്പണം ഉള്ളതായോ ക്രമവിരുദ്ധമായ നിക്ഷേപം ഉള്ളതായോ കണ്ടെത്താനായിട്ടില്ല. എന്നിട്ടും സഹകരണ ബാങ്കുകളെ അടച്ചാക്ഷേപിക്കാനുള്ള നീക്കത്തെയാണ് നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നതെന്നു കേരള പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ എല്ലാവിധ ജീവിത ആവശ്യങ്ങളും നിറവേറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കാനോ ദുര്‍ബലപ്പെടുത്താനോ ഉള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ്. 2007-08 മുതല്‍ അഞ്ച് വര്‍ഷം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് അനധികൃതമായാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷക്കണക്കിന് രൂപ ടാക്‌സ് ഇനത്തില്‍ ഈടാക്കിയത്. ഇന്‍കം ടാക്‌സ് നിയമത്തിലെ 80(പി) വകുപ്പ് അനുസരിച്ച് ഹൈക്കോടതി സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ടാക്‌സ് ഒഴിവാക്കിയിരുന്നു.ഇതേത്തുടര്‍ന്ന് ടാക്‌സ് ഈടാക്കിയ ബാങ്കുകള്‍ക്കെല്ലാം തുക തിരിച്ചു നല്‍കിത്തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ബാങ്കുകള്‍ക്കെതിരേ ചിലര്‍ കള്ളപ്രചാരണം തുടരുകയാണ്. നിലവിലെ കറന്‍സി പ്രതിസന്ധി കാരണം ബാങ്കിലെ അംഗങ്ങളും നിക്ഷേപകരുമായ ജനങ്ങളില്‍ ഏറെ ആശങ്കയുണ്ട്. എന്നാല്‍ സഹകരണബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപം പൂര്‍ണമായും സംരക്ഷിക്കപ്പെടും. അതിന് സംസ്ഥാന സര്‍ക്കാരും സഹകാരികളും എല്ലാ നിയമനടപടികളും സ്വീകരിക്കും. കള്ളപ്രചാരണങ്ങള്‍ക്കെതിരേ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 28, 29, 30 തിയ്യതികളിലായി ഒരുദിവസം പഞ്ചായത്ത് തലത്തില്‍ സഹകരണബാങ്കുകളും മറ്റ് പണമിടപാടുകള്‍ നടത്തുന്ന സഹകരണ പ്രസ്ഥാനങ്ങളും യോജിച്ച് പ്രചാരണപരിപാടി നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വി കുഞ്ഞിക്കൃഷ്ണന്‍, കെ നാരായണന്‍, എം എന്‍ രവീന്ദ്രന്‍, കെ അച്യുതന്‍, പി പി രവീന്ദ്രന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss