|    May 23 Wed, 2018 2:50 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: ദുരിതം മാറുന്നില്ല; ബാങ്കുകളെയും സര്‍ക്കാരിനെയും പഴിച്ച് ജനം

Published : 14th November 2016 | Posted By: SMR

മഞ്ചേരി: അസാധുവാക്കിയ നോട്ടുകള്‍ കൊണ്ട് ജനം പൊറുതി മുട്ടുന്നു. ബാങ്കുകളെയും സര്‍ക്കാറിനെയും പഴിച്ച് ജനം. മഞ്ചേരിയില്‍ ഇന്നലെയും ബാങ്കിന് മുന്നിലെ തിരക്കിന് യാതൊരു കുറവുമുണ്ടായില്ല. ഞായറാഴ്ചയായിട്ടും പ്രവൃത്തി ദിവസത്തിന്റെ പ്രതീതി ഉളവാക്കി. റോഡില്‍ വാഹനത്തിരക്കുണ്ടായിരുന്നു. ഉച്ചവരെ വരി നിന്നവര്‍ക്ക് 2000 രൂപയുടെ നോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചില ബാങ്കുകള്‍ 20,10 രൂപയുടെ നോട്ടുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ചില്ലറയില്ലെന്നു പറഞ്ഞ് പെട്ടെന്ന് ആളുകളെ ഒഴിവാക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചതിനാല്‍ പലര്‍ക്കും അവ കിട്ടിയില്ല. വന്ന പണം തീര്‍ന്നതോടെ ഉച്ചയ്്്ക്കു ശേഷം നോട്ട് മാറ്റി നല്‍കല്‍ നിര്‍ത്തിവച്ച് നിക്ഷേപം സ്വീകരിക്കല്‍ മാത്രമാക്കിയതോടെ അതുവരെ വരി നിന്നവര്‍ക്ക് പിരിഞ്ഞുപോവേണ്ടി വന്നു. 49,999 രൂപ വരെ പാന്‍ കാര്‍ഡില്ലാതെ അടയ്്്ക്കാമെന്നും ഇതിനു മുകളിലുള്ള സംഖ്യക്ക് പാന്‍ കാര്‍ഡ് വേണമെന്നുമാണ് അറിയിച്ചത്. എസ്ബിടിയുടെയും ഫെഡറല്‍ ബാങ്കിന്റെയും എടിഎം മാത്രം പ്രവര്‍ത്തിച്ചു. കാനറാ, യൂനിയന്‍ ബാങ്കുകളുടെ എടിഎം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. മടങ്ങിപ്പോവുന്നവര്‍ പലരും ബാങ്കുകാരെയും മോദിയെയും പഴിച്ചാണ് സ്ഥലം വിടുന്നത്. ഹെഡ് പോസ്റ്റോഫിസിലും എസ്ബിടി, ഫെഡറല്‍, യൂനിയന്‍ ബാങ്കുകളിലും വരി റോഡിലേയ്്ക്കു നീണ്ടു. എന്നാല്‍, വൈകീട്ട് നാലിനു ശേഷം മിക്ക ബാങ്കുകളിലും തിരക്ക് കുറഞ്ഞു. എടവണ്ണ മേത്തലങ്ങാടിയിലെ ക്ലിനിക്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കാനെത്തിയ സ്ത്രീയോട് പഴയ നോട്ടിന് ടോക്കണില്ലെന്നു പറഞ്ഞ് മടക്കി വിട്ടതായി പരാതിയുണ്ട്. തൊട്ടടുത്ത പെട്രോള്‍ പമ്പ് ജീവനക്കാരാണ് കരഞ്ഞു വന്ന സ്ത്രീക്ക് ചില്ലറ നല്‍കിയതത്രെ. മഞ്ചേരിയില്‍ പണം കിട്ടാതെ മടങ്ങിയ സ്ത്രീകള്‍ക്ക് മാധ്യമപ്രവര്‍ത്തകരാണ് ബസ് ചാര്‍ജ്ജ് നല്‍കിയത്. അതേസമയം, മഞ്ചേരിയിലെ കടകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നത് ശരിയല്ലെന്ന് വ്യാപാരി വ്യവസായി യൂനിറ്റ് ജന. സെക്രട്ടറി കെ നിവില്‍ ഇബ്രാഹീം പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നോട്ട് പരിഷ്‌കരണത്തിനെതിരേ നാളെ മുതല്‍ ആരംഭിക്കുന്ന കടയടപ്പ് സമരം പൂര്‍ണമാവുമെന്നും അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss