|    Jun 21 Thu, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് പിന്‍വലിക്കല്‍ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതെന്ന് റിസര്‍വ് ബാങ്ക്‌

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു. കഴിഞ്ഞമാസം അവസാനം പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ കമ്മിറ്റി മുമ്പാകെ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) സമര്‍പ്പിച്ച വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന്റെ തലേദിവസം കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം റിസര്‍വ് ബാങ്കിനെ അറിയിച്ചതെന്നാണ് പാര്‍ലമെന്ററി സമിതി മുമ്പാകെ ആര്‍ബിഐ നല്‍കിയ ഏഴു പേജുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് എം വീരപ്പമൊയ്‌ലി അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഫിനാന്‍സ് കമ്മിറ്റി മുമ്പാകെ ഡിസംബര്‍ 22നാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് നല്‍കിയത്. നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതിന്റെ തലേദിവസം, നവംബര്‍ ഏഴിനാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഉപദേശം നല്‍കിയതെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉപദേശം ലഭിച്ചതിന്റെ അടുത്തദിവസം നവംബര്‍ എട്ടിനുതന്നെ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. അതേദിവസം രാത്രി എട്ടുമണിക്കാണു പ്രധാനമന്ത്രി മോദി നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.  നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയലാണ് അറിയിച്ചത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് റിസര്‍വ് ബാങ്കാണെന്നും റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്നുമാണു ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss