|    Apr 29 Sat, 2017 9:03 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; ജനങ്ങളും കച്ചവടക്കാരും വട്ടംകറങ്ങി

Published : 10th November 2016 | Posted By: SMR

മഞ്ചേരി: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതുമൂലം ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ആളുകളും കച്ചവടക്കാരും കനത്ത പ്രതിസന്ധിയിലായി. നോട്ടുകളുടെ ഇടപാട് മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ ടൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. ഇന്നലെ രാത്രി വൈകിയും രാവിലെ പത്രങ്ങള്‍ കണ്ടതോടെയുമാണ് ജനങ്ങള്‍ നോട്ടുകള്‍ മരവിപ്പിച്ച വാര്‍ത്തയറിഞ്ഞത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പോയെങ്കിലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറായില്ല. ചില കച്ചവടക്കാര്‍ ആദ്യം ചില്ലറകള്‍ നല്‍കിയെങ്കിലും ഏതാനും സമയത്തിനകം അവരുടെ കൈവശമുണ്ടായിരുന്ന 100 രൂപ നോട്ടുകളും തീര്‍ന്നു. ഇതോടെ കച്ചവടം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയിലായി. കറന്‍സിയുടെ നിരോധന പ്രഖ്യാപനം വളരെ പെട്ടെന്നായതിനാല്‍ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി. ബാങ്കുകളില്‍നിന്ന് ഒരാള്‍ക്ക് രണ്ടായിരം രൂപ മാത്രമേ മാറ്റിവാങ്ങാന്‍ കഴിയൂവെന്ന നിബന്ധനയും ജനങ്ങളെ കുഴക്കിയിരിക്കുകയാണ്. വസ്തുവില്‍പന സംബന്ധമായും മറ്റും ലക്ഷക്കണക്കിന് രൂപയുടെ ക്രയവിക്രയം നടക്കേണ്ട ഇടപാടില്‍ ഒന്നും നടത്താന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്. മഞ്ചേരി ടൗണിലെ പെട്രോള്‍ പമ്പുകള്‍ തുടക്കത്തില്‍ 500, 1000 നോട്ടുകള്‍ വാങ്ങിയില്ല. എന്നാല്‍, തിരക്ക് കൂടിയതോടെ മുഴുവന്‍ തുകക്കും ഇന്ധനം അടിക്കാന്‍ നിര്‍ദേശിച്ചു. ചില പമ്പുകള്‍  പിന്നീട് പെട്രോള്‍ അടിക്കാനുള്ള ടോക്കണ്‍ കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്. മെഡിക്കല്‍ ഷോപ്പുകളില്‍ നോട്ടുകള്‍ എടുക്കുന്നില്ല എന്ന് പറഞ്ഞില്ല, പകരം ചില്ലറയില്ല എന്നോ മുഴുവന്‍ തുകയ്ക്കും മരുന്ന് വാങ്ങണമെന്നോ നിര്‍ദേശിച്ചു. തുണിഷോപ്പുകളില്‍ ചില്ലറ ചോദിച്ചുവരുന്നവര്‍ക്ക് നല്‍കിയില്ല. അതേസമയം, വസ്ത്രങ്ങള്‍ വാങ്ങാനെത്തിയവര്‍ക്ക് ലഭ്യമായ ബാക്കി കൊടുത്തു. ചില്ലറ കഴിഞ്ഞാല്‍ ബാക്കി തുകയ്ക്കും വസ്ത്രങ്ങള്‍ വാങ്ങേണ്ടി വരുമെന്ന് ചില കടക്കാര്‍ മുന്‍കൂട്ടി പറഞ്ഞു. ബാക്കി പണം തരാനില്ല നിങ്ങള്‍ സഹകരിക്കണമെന്നാണ് ചില കടക്കാര്‍ ഉപഭോക്താക്കളെ ആശ്വസിപ്പിച്ചത്. മഞ്ചേരി നഗരത്തിലെ ഒരു പലചരക്ക് കടയില്‍, നിരോധിച്ച നോട്ടുകള്‍ എടുക്കില്ലെന്ന് ബോര്‍ഡുവച്ചു. പലയാളുകളും ഈ ബോര്‍ഡ് വായിച്ചു മടങ്ങി. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവിടങ്ങളില്‍ എല്ലാ നോട്ടുകളും എടുക്കുകയും ബാക്കി കൊടുക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ നോട്ടുകള്‍ എടുത്തെങ്കിലും സ്വകാര്യ ബസ് ജീവനക്കാര്‍ നോട്ടുകള്‍ വാങ്ങിയില്ല. മഞ്ചേരി ബസ്സ്റ്റാന്റില്‍ രാവിലെ ഒരു വയോധികന്റെ വിലാപം പലരെയും സങ്കടപ്പെടുത്തി. യാത്ര ചെയ്യാന്‍ പണമില്ല. ആരെങ്കിലും 500ന് ചില്ലറ തരുമോയെന്ന ചോദ്യം പലരും തമാശ രൂപത്തിലാണ് കണ്ടത്. ചായ കുടിക്കാനെത്തുന്നവരോട് 500, 1000 ന് ചില്ലറയില്ല എന്ന് ചായക്കടക്കാരന്‍ തീര്‍ത്തു പറഞ്ഞു.  ഇവര്‍ പോവാനൊരുങ്ങുമ്പോള്‍ 500 രൂപയ്ക്കും ചായ കുടിച്ചാല്‍ ബാക്കി തരാമെന്ന തമാശയും കാച്ചി. അസാധു നോട്ടുകള്‍ എടുക്കേണ്ടെന്ന് ഉടമസ്ഥര്‍ ലോട്ടറി ജോലിക്കാര്‍ക്ക് രാവിലെത്തന്നെ നിര്‍ദേശം കൊടുത്തിരുന്നു. മുഴുവന്‍ തുകയ്ക്കും ടിക്കറ്റ് വാങ്ങിയാലും ഇല്ലെങ്കിലും അസാധു നോട്ടുകള്‍ എടുക്കില്ലെന്നു ഇവര്‍ തീര്‍ത്തു പറഞ്ഞു. 500, 1000 നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയതിനാല്‍ എടുക്കാന്‍ നിര്‍വാഹമില്ല, ദയവായി ചില്ലറ തന്ന് സഹകരിക്കണമെന്ന് ബോര്‍ഡ് എഴുതിയാണ് മൊബൈല്‍ കടക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. ഒരു പ്രമുഖ ജ്വല്ലറിയുടെ ഓഫിസിനു മുന്നില്‍ നിരോധിച്ച നോട്ടുകള്‍ എടുക്കില്ലെന്ന് എഴുതി വച്ചിരുന്നു. എന്നാല്‍, മിക്ക ജ്വല്ലറികളിലും എല്ലാ നോട്ടുകളും എടുത്തിരുന്നു. ബാക്കി തുക എഴുതിക്കൊടുക്കുകയായിരുന്നു. ട്രാവല്‍സുകളില്‍  നിരോധിച്ച നോട്ടുകള്‍ വാങ്ങിയില്ല. തലേദിവസം ബുക്ക് ചെയ്ത് പണമടക്കാന്‍ വന്നവരോട് ചെക്ക് വാങ്ങിയാണ് ട്രാവല്‍സുകള്‍ പ്രശ്‌നം പരിഹരിച്ചത്. ആദ്യ ദിവസം അത്ര രൂക്ഷമായില്ലെങ്കിലും ഇന്നുമുതല്‍ ജനം ഭയപ്പാടോടെയാവും കാര്യങ്ങളെ കാണുകയെന്ന് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യാ മഞ്ചേരി മാനേജര്‍ നൂഹ്മാന്‍ എന്ന ബാവ പ്രതികരിച്ചു. നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരിലെത്തെിയ ഗള്‍ഫ് യാത്രക്കാരും വലഞ്ഞു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിനൊപ്പം വിമാനത്താവളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം അടഞ്ഞതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. വിദേശത്തുനിന്ന് നാട്ടിലെത്തെിയവരും ഗള്‍ഫ് യാത്രക്ക് പുറപ്പെടാനായി വിമാനത്താവളത്തിലെത്തെിയവരുമാണ് നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതുമൂലം ദുരിതത്തിലായത്. പെട്രോള്‍ പമ്പുകളില്‍ മുഴുവന്‍ തുകയ്ക്കും പെട്രോള്‍ അടിച്ചാല്‍ മാത്രമേ 500,1000 രൂപകള്‍ സ്വീകരിക്കുന്നുള്ളു. ചില്ലറ ബാക്കി നല്‍കില്ലെന്ന മുന്നറിയിപ്പാണ് എങ്ങും. കച്ചവട സ്ഥാപനങ്ങളും, ബസ്സുകളും ചില്ലറക്കായി നെട്ടോട്ടമോടി. വ്യാപാര മേഖല പാടെ തളര്‍ന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day