|    Feb 23 Thu, 2017 1:21 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍  നടപടിക്കെതിരെ  എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. അങ്ങിങ്ങ് ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍  ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.  കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. സ്വകാര്യ ബസ്സുകളും ഓട്ടോ-ടാക്‌സികളും നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും യഥേഷ്ടം നിരത്തിലിറങ്ങി. വിഎസ്എസ്‌സി വാഹനങ്ങള്‍ പോലിസ് അകമ്പടിയോടെ സര്‍വീസ് നടത്തി. തുറന്നു പ്രവര്‍ത്തിച്ച ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അതിക്രമിച്ച് കയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനമായെത്തിയ പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് ഡിപ്പോയിലേക്ക് കടന്നുകയറിയത്. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ രഞ്ജിത്തിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ഓഫിസ് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിക്ക് പുറത്തിറക്കിയും മര്‍ദിച്ചു. പരിക്കേറ്റ രഞ്ജിത് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് ഉപകരണങ്ങള്‍ വ്യാപകമായി തകര്‍ത്തിട്ടുണ്ട്. ജീവനക്കാരനെ മര്‍ദിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ആര്യനാട് എടിഒ  പോലിസില്‍ പരാതി നല്‍കി. തമ്പാനൂരില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യപാര സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുകൂലികള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചു. ടൂറിസം മേഖലയെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ നേരത്തെ  തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പോലിസ് ഒരുക്കിയ വാഹനങ്ങളിലാണ് വിനോദ സഞ്ചാരികളെ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, മെഡിക്കല്‍ കോളജ് ആശുപത്രി, ആര്‍സിസി എന്നിവടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് പോലിസ് വാഹനങ്ങള്‍ പ്രത്യേക സര്‍വീസ് നടത്തി. പ്രധാനപ്പെട്ട ഓഫിസുകള്‍ക്ക് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും ഇരുചക്ര വാഹനങ്ങളിലാണ് എകെജി സെന്ററിലെത്തിയത്. ബാങ്കുകളെ ഒഴിവാക്കിയിരുന്നതിനാല്‍ അവ തുറന്നു പ്രവര്‍ത്തിച്ചു. തിരക്ക് കുറവായിരുന്നെങ്കിലും അത്യാവശ്യമായി ഇടപാടുകള്‍ നടത്തേണ്ടവര്‍ ബാങ്കുകളിലെത്തിയിരുന്നു. എന്നാല്‍ പല ബാങ്കുകളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. നോട്ട്, സഹകരണസമരങ്ങളില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷം ഹര്‍ത്താലില്‍ പങ്കെടുക്കാതെ രാജ്ഭവന്‍ ഉപരോധം ഉള്‍പ്പെടെ പ്രത്യേകം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, കെഎസ് ശബരീനാഥന്‍, ഡോ എംകെ മുനീര്‍ മറ്റുനേതാക്കളായ സിപി ജോണ്‍, എഎ  അസീസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക