|    Dec 11 Mon, 2017 8:22 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; ജില്ലയില്‍ ഭൂമി രജിസ്‌ട്രേഷന്‍ നടന്നില്ല

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തെ വലച്ചു. സര്‍ക്കാര്‍ തീരുമാനമറിയാതെ രാവിലെ ജില്ലയുടെ മലയോര ഗ്രാമങ്ങളായ കോന്നിയിലും റാന്നിയിലും തണ്ണിത്തോട്ടിലും സീതത്തോട്ടിലും എത്തിയ ആദിവാസികളടക്കമുള്ളവരും നന്നേ വലഞ്ഞു. ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടപ്പോള്‍ സ്വര്‍ണം, വെള്ളി വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചിട്ടത് ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ചു. എന്നാല്‍ നല്ലവരായ ജില്ലയിലെ ഹോട്ടലുടമകളില്‍ ചിലര്‍ വലിയ നോട്ടുമായെത്തിയവര്‍ക്ക് ആഹാരം നല്‍കി പണം അടുത്ത ദിവസം എത്തിക്കണമെന്ന് പറഞ്ഞുവിട്ടു. പലചരക്ക്, പച്ചക്കറി വ്യാപാരികളും ദൈനംദിന പ്രവൃത്തികള്‍ സ്ഥിരം ഉപഭോക്താക്കളുമായി മാത്രം നടത്തി. ചില്ലറയില്ലാത്തതിനാല്‍  മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്നവരുണ്ട്. ലോട്ടറി വ്യാപാരികള്‍ 250 രൂപയ്ക്ക് ലോട്ടറി വാങ്ങിയാല്‍ 500, 1000 രൂപകള്‍ മാറി നല്‍കി. ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരും കിട്ടിയ അവസരം മുതലാക്കി. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് രൂപയില്‍ താഴെ ഇന്ധനം നല്‍കാന്‍ ഉടമകള്‍ മടിച്ചു. ഇത് ചെറിയ തോതില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തൊഴിലുറപ്പു തൊഴിലാളികള്‍,തോട്ടം,നിര്‍മാണ മേഖലയിലെ തൊഴിലാളികളടക്കം വേതനം ലഭിച്ചതിലധികവും അഞ്ഞൂറിന്റെ നോട്ടുകളാണ്. ഇത് മാറി നിത്യോപയോഗ സാധനങ്ങളടക്കം വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. എന്നാല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ ചെക്കും ഓണ്‍ലൈന്‍ ബാങ്കിങും നടത്തി പ്രതിസന്ധികളെ അതിജീവിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനം വന്ന ഇന്നലെ തന്നെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നു. ഇന്നലെ ജില്ലയില്‍ പുതിയ നോട്ടുകള്‍ എത്തിയതായും ഇത് ഇന്നു രാവിലെ ജില്ലയിലെ വിവിധ ബാങ്കുകളിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ പെട്ടെന്ന് വലിയ തുകയ്ക്കുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരേ പരസ്യ പ്രതികരണത്തിന് നേതാക്കളാരും മുതിര്‍ന്നില്ലെന്നുള്ളതും ശ്രദ്ധേയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക