|    Feb 26 Sun, 2017 8:57 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കേരളം

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ ഒരൊറ്റ രാത്രിയില്‍ അസാധുവാക്കിയ മോദിസര്‍ക്കാരിന്റെ നടപടിക്കെതിരേ കേരളത്തിന്റെ അതിരൂക്ഷ വിമര്‍ശനം. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടന്ന എട്ടാംതിയ്യതിയും ഒമ്പതിനും കരുതലോടെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും ഇന്നലെ രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര നടപടിയെ വിമര്‍ശിച്ചത്. കഴിഞ്ഞ നാലുദിവസമായി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലായതോടെയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരേ തിരിഞ്ഞത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസകും കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതില്‍ ചില ആശങ്കകള്‍ ഉന്നയിക്കുകയും സംസ്ഥാനത്തിന്റെ ചില ആവശ്യങ്ങള്‍ അറിയിക്കുകയും മാത്രമായിരുന്നു ചെയ്തത്. രാഷ്ട്രീയമായ അഭിപ്രായങ്ങളോ വിമര്‍ശനമോ ചൊരിഞ്ഞിരുന്നില്ല. എന്നാല്‍, ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രനടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഫേസ്ബുക്കിലും പിണറായി തന്റെ വിമര്‍ശനം പോസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം കള്ളപ്പണ ലോബിയെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.  കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിന് നേരത്തേതന്നെ സൗകര്യം ഒരുക്കിയിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ബിജെപിക്കാര്‍ നിക്ഷേപിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കള്ളപ്പണം കൈയിലുള്ളവര്‍ക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ലെന്നു മാത്രമല്ല സാധാരണക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. തിടുക്കപ്പെട്ട് ഇത്തരം നടപടി സ്വീകരിക്കുമ്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉത്തരവും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി രാജ്യത്തില്ല. ഇത്രയും നിസ്സംഗ മനോഭാവം മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഡല്‍ഹിയിലെത്തി കേന്ദ്ര ധനമന്ത്രിയെ നേരില്‍ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമര്‍ശിച്ചും സംഘപരിവാറിനെ പരിഹസിച്ചും ധനമന്ത്രി തോമസ് ഐസക്കും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. ഞാന്‍പോലും ഇതിത്ര ഭീകരമാവുമെന്ന് കരുതിയില്ല. പണിയും കൂലിയും ഇല്ലാത്തതുകൊണ്ട് പാവങ്ങള്‍ പട്ടിണിയിലായി. ജനമിങ്ങനെ പെരുവഴിയില്‍ അലയുമ്പോഴാണ് സഹകരണ ബാങ്ക്കൂടി പൂട്ടിക്കാന്‍ ബിജെപിക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കില്‍ കള്ളപ്പണം ആരെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെതന്നെ കാണുമല്ലോ. ഇപ്പോള്‍തന്നെ അത് പൂട്ടിക്കണോ. ഏതായാലും സംഘികള്‍ എല്ലാം മാളത്തിലൊളിച്ചു. എന്റെ പോസ്റ്റിനു കീഴില്‍വന്നു പൊങ്കാലയിട്ട ആയിരങ്ങളുടെ പൊടിപോലും ഇപ്പോള്‍ കാണാനില്ലെന്നും തോമസ് ഐസക് പരിഹസിച്ചു. പ്രധാനമന്ത്രി നാടുചുറ്റല്‍ അവസാനിപ്പിച്ചു ഡല്‍ഹിയില്‍ തിരിച്ചെത്തണം. 30ാം തിയ്യതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിക്കാമെന്നു പ്രഖ്യാപിക്കണം. സംസ്ഥാന ട്രഷറിയുടെ മേലുള്ള എല്ലാനിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക