|    Feb 24 Fri, 2017 11:28 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍ : ക്ഷീരകര്‍ഷകര്‍ പട്ടിണിയില്‍

Published : 21st November 2016 | Posted By: SMR

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിക്കല്‍ സര്‍വ്വമേഖലയെയും തളര്‍ത്തിയപ്പോള്‍ നിത്യവൃത്തിക്കുവേണ്ടി പശുക്കളെ വളര്‍ത്തുന്ന ക്ഷീര്‍ഷകരെ കൂടുതല്‍ പട്ടിണിയിലാക്കി. ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാത്തതും മില്‍മയില്‍ നിന്ന് പണം ലഭിക്കാത്തതുമാണ് ഇതിന് കാരണം. ഒട്ടുമിക്ക ക്ഷീരസംഘങ്ങളും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നില്ല. ക്ഷീര കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ ക്ഷീര സംഘങ്ങളില്‍ നല്‍കുകയും ഒരാഴ്ച കൂടുമ്പോള്‍ പാല്‍വില ക്ഷീരസംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയുമായിരുന്നു പതിവ്. നോട്ടു നിരോധനം വന്നതോടുകൂടി ക്ഷീരസംഘങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24000 മാത്രമാണ്. എന്നാല്‍ ബാങ്കുകളില്‍ പണം ഇല്ലാത്തതിനാല്‍ പലപ്പോഴും അയ്യായിരമോ പതിനായിരമോ രൂപയാണ് ഒരാഴ്ച ബാങ്കുകള്‍ നല്‍കുന്നത്. ഒരാഴ്ച ശരാശരി ഒരു ലക്ഷം രൂപയോളം കര്‍ഷകര്‍ക്ക് പാല്‍വില നല്‍കാന്‍ ക്ഷീരസംഘങ്ങള്‍ക്ക് ആവശ്യമുണ്ട്.സംസ്ഥാനത്തെ 91ശതമാനം ക്ഷീരസംഘങ്ങളുടെയും അക്കൗണ്ട് ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടതാണ്. മില്‍മയ്ക്ക് നല്‍കുന്ന പാല്‍വിലയും ഈ അക്കൗണ്ടുകളിലേക്കാണ് വരുന്നത്. മില്‍മയ്ക്ക് നല്‍കുന്ന പാല്‍വില നേരത്തെതന്നെ ശരാശരി ഒരു മാസത്തിന് ശേഷമാണ് ബാങ്ക് അക്കൗണ്ടുകളില്‍ വന്നുകൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ മില്‍മയില്‍ നിന്നുള്ള പാല്‍വില വരവും നിലച്ചിരിക്കുകയാണ്. പല സംഘങ്ങളും പ്രാദേശികമായി പാല്‍ വില്‍പ്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് ചെറിയ അഡ്വാന്‍സുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതും പ്രാദേശിക വില്‍പ്പനയുള്ള സംഘങ്ങള്‍ക്കെ സാധിക്കുകയുള്ളൂ. ഭൂരിപക്ഷം സംഘങ്ങളിലും പാല്‍ പ്രാദേശിക വില്‍പന വളരെ കുറവാണ്. ഇത്തരം സംഘങ്ങള്‍ക്ക് അഡ്വാന്‍സ് പോലും നല്‍കാന്‍ സാധിക്കുന്നില്ല. മില്‍മയുടെ തിരുവന്തപുരം മേഖലാ യൂനിയന്‍ സംഘങ്ങളില്‍ സംഭരിക്കുന്ന പാലിന്റെ അമ്പത് ശതമാനം മില്‍മയ്ക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇതും സംഘങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ക്ഷീര സംഘങ്ങളില്‍ നിന്നും പാല്‍വില ലഭിക്കാതായതോടെ കന്നുകാലികള്‍ക്കാവശ്യമായ തീറ്റ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും കര്‍ഷകര്‍ കുഴങ്ങുകയാണ്. ഒപ്പം നിത്യവൃത്തിയ്ക്ക് വകയില്ലാതെയും. ഇതിനിടയില്‍ മില്‍മയുടെ പാല്‍ വില്‍പ്പന കുറഞ്ഞുവെന്നപേരില്‍ ക്ഷീര ക്ഷീരസംഘങ്ങളില്‍ നിന്നും അയക്കുന്ന പാലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക