|    Jun 20 Wed, 2018 7:36 am
Home   >  Todays Paper  >  Page 1  >  

നോട്ട് പിന്‍വലിക്കല്‍: കേന്ദ്രസര്‍ക്കാരിനു വിമര്‍ശനം; കലാപ സാധ്യതയെന്ന് സുപ്രിംകോടതി

Published : 19th November 2016 | Posted By: SMR

കെ  എ  സലിം  

ന്യൂഡല്‍ഹി: പണം മാറ്റിക്കിട്ടാനും പിന്‍വലിക്കാനുമായി ജനങ്ങള്‍ക്ക് ബാങ്കുകള്‍ക്കു പുറത്ത് വരിനില്‍ക്കേണ്ട സാഹചര്യം വന്നത് ഗൗരവമുള്ള വിഷയമാണെന്ന് സുപ്രിംകോടതി. ഇതിന്റെ പേരില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും അവര്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് എ ആര്‍ ദവെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സര്‍ക്കാര്‍ നടപടിക്കെതിരേ ജനങ്ങള്‍ ഹൈക്കോടതിയെയും കീഴ്‌ക്കോടതികളെയും സമീപിക്കുന്നത് തടയാനാവില്ലെന്നും ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങളുമായി വരുമ്പോള്‍ എങ്ങനെയാണ് കോടതികള്‍ക്ക് വാതിലുകള്‍ അടയ്ക്കാന്‍ കഴിയുകയെന്ന് സുപ്രിംകോടതി ചോദിച്ചു. വേണമെങ്കില്‍ കേസുകളെല്ലാം ഇങ്ങോട്ട് മാറ്റാവുന്നതാണെന്ന് കോടതി പറഞ്ഞു.
ജനങ്ങള്‍ പ്രയാസപ്പെടുന്നത് നിങ്ങള്‍ കാണുന്നില്ലേ. അതു പരിഹരിക്കാന്‍ നടപടികളെടുത്തേ പറ്റൂ. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടഞ്ഞാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എങ്ങനെയാണ് കഴിയുക. ജനങ്ങള്‍ അക്രമാസക്തരായിട്ടുണ്ട്. അവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അവര്‍ ഇതു കാരണം പ്രയാസപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടോ എന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയോട് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.  ബാങ്കുകളിലെ തിരക്ക് കുറഞ്ഞുവന്നിട്ടുണ്ട്. ഇക്കാര്യം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കോടതിക്ക് നേരിട്ടു പോയിക്കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും രോഹത്ഗി പറഞ്ഞു. എന്നാല്‍ ഇതിനെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ എതിര്‍ത്തു. ബാങ്കുകളില്‍ പണമില്ലാത്തതുകൊണ്ടാണ് തിരക്ക് കാണാത്തതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഹരജിയാണ് ഇതെന്നായിരുന്നു ഇതിന് അറ്റോര്‍ണി ജനറലിന്റെ മറുപടി. രാഷ്ട്രീയതാല്‍പര്യത്തിന് കോടതി വേദിയാക്കുകയാണ്. കഴിഞ്ഞ ദിവസം താങ്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത് താന്‍ കണ്ടുവെന്നും രോഹത്ഗി കപില്‍ സിബലിനോട് പറഞ്ഞു. കോടതിയിലല്ല തന്റെ പാര്‍ട്ടി ഓഫിസിലാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നായിരുന്നു ഇതിന് സിബലിന്റെ മറുപടി.
വരുംദിവസങ്ങളില്‍ ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നില്ലേ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നതെന്ന് കോടതി ചോദിച്ചു. എന്നിട്ട് നിങ്ങള്‍ മാറിയെടുക്കാവുന്ന തുക 2000 ആക്കി കുറയ്ക്കുകയാണ് ചെയ്തത്. എന്താണ് നിങ്ങളുടെ പ്രശ്‌നം- കോടതി ചോദിച്ചു. നോട്ടുകള്‍ പ്രിന്റ് ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക, എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ക്കായി സജ്ജീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് രോഹത്ഗി പറഞ്ഞു.
ആവശ്യത്തിന് കറന്‍സികള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും രോഹത്ഗി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ 24 ലക്ഷം കോടി നോട്ടുകള്‍ പ്രിന്റ് ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ അതിനുള്ള സൗകര്യമില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 14,000 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്തത്. സ്വന്തം പണം ജനങ്ങള്‍ക്കു പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്നത് ഗൗരവമുള്ളതാണ്. ഹിമാചല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബസ്തറിലെ നക്‌സല്‍ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ 20 കിലോമീറ്റര്‍ വരെ നടന്നാണ് എടിഎമ്മുകളില്‍ എത്തുന്നതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഈ ഘട്ടത്തില്‍ വേണ്ടതില്ലെന്നായിരുന്നു രോഹത്ഗിയുടെ നിലപാട്. മറ്റു കോടതികളിലെ കേസുകള്‍ ഇങ്ങോട്ട് മാറ്റുന്നതിന് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാമെന്നും രോഹത്ഗി പറഞ്ഞു. കേസ് വീണ്ടും 25ന് പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss