|    Sep 25 Mon, 2017 9:58 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: ഉണര്‍വു ലഭിച്ചത് അര്‍ബന്‍ ബാങ്കുകള്‍ക്ക്

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിലും മാറ്റിനല്‍കുന്നതിലും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് വിലക്ക് നിലനില്‍ക്കെ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് പുത്തനുണര്‍വ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും കൂടുതല്‍ ഇടപാടുകാര്‍ എത്തുകയാണ്. കേന്ദ്രത്തിന്റെ നടപടി ജില്ലാ ബാങ്കുകളിലും മറ്റു സഹകരണ ബാങ്കുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും  തടസ്സപ്പെട്ടിരിക്കെ പ്രതിസന്ധിയില്ലാതെ കൂടുതല്‍ സുഗമമായി മുന്നോട്ടുപോകാനുള്ള സാഹചര്യമാണ് അര്‍ബന്‍ ബാങ്കുകളില്‍ ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്യുന്നതെന്ന് കണ്ണൂര്‍ സഹകരണ അര്‍ബാന്‍ ബാങ്ക് ചെയര്‍മാന്‍ കെ പ്രമോദ് പറഞ്ഞു. ഇടപാടുകാരുടെ തിരക്ക് കണക്കിലെടുത്ത് അര്‍ബന്‍ ബാങ്കില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അക്കൗണ്ടില്ലാത്ത വ്യക്തികള്‍ക്ക് പുതുതായി അക്കൗണ്ട് ആരംഭിച്ച് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. കെവൈസി മാര്‍ഗനിര്‍ദേശങ്ങളും ആദായ നികുതി വകുപ്പിന്റെ വ്യവസ്ഥകളും പാലിച്ചാണ് പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം നിലവില്‍ ഓരോ ആഴ്ചയും 24,000 രൂപ അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാനാവും. എടിഎമ്മുകളില്‍ നിന്ന് 2500 രൂപയും പിന്‍വലിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക