|    Feb 24 Fri, 2017 11:23 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; ആദ്യ ശമ്പളദിനത്തില്‍ ട്രഷറിയിലും ബാങ്കുകളിലും വന്‍തിരക്ക്

Published : 2nd December 2016 | Posted By: SMR

തിരുവന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള-പെന്‍ഷന്‍ ദിനമായ ഇന്നലെ ജില്ലയിലെ ട്രഷറികളിലും പ്രധാനപ്പെട്ട ബാങ്കുകളിലും വന്‍ തിരക്കനുഭവപ്പെട്ടു. രാവിലെ മുതല്‍ ശമ്പളവിതരണം തുടങ്ങിയെങ്കിലും മണിക്കൂറുകള്‍ പിന്നിടുംതോറും തിരക്ക് വര്‍ധിച്ച് വന്നത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. തിരക്ക് നിയന്ത്രിക്കാനും ശമ്പള വിതരണത്തില്‍ തടസം നേരിട്ടാല്‍ ജനങ്ങള്‍ രോഷാകുലരാകാനുമുള്ള സാധ്യത കണക്കിലെടുത്ത് ബാങ്ക് അധികൃതര്‍ പോലിസ് സഹായം തേടിയിരുന്നു. നഗരത്തിലെ ട്രഷറികളിലും ബാങ്കുകളിലും പണമുണ്ടായിരുന്നതിനാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ ഗ്രാമീണ മേഖലയില്‍ സബ് ട്രഷറികളിലും ബാങ്കുകളിലും എത്തിയത് വളരെ തുച്ഛമായ തുകയായതിനാല്‍ അത് പ്രതിസന്ധിക്ക് കാരണമായി. ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് പാറശാല ട്രഷറിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ ഇവിടെയെത്തയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇന്നലെ എത്തിയവരെ അടുത്ത ദിവസത്തേയ്ക്കുള്ള ടോക്കണ്‍ നല്‍കിയാണ് മടക്കിയയച്ചത്. രാവിലെ മുതല്‍ തന്നെ ശമ്പളം വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു ബാങ്കുകളില്‍. പലരും കൂട്ടത്തോടെ അവധിയെടുത്താണ് ശമ്പളം വാങ്ങാനെത്തിയത്. ഇതോടെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞു. രാവിലെ എഴ് മണിക്ക് തന്നെ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂ ആരംഭിച്ചു. ഒമ്പതര ആയപ്പോള്‍ തന്നെ ടോക്കണ്‍ കിട്ടിയവരുടെ നമ്പര്‍ 950 കടന്നു. രാവിലെ പതിനൊന്നോടെ പണം വിതരണം ചെയ്തു തുടങ്ങി. സ്റ്റാച്യുവിലെ ജില്ലാ ട്രഷറിയില്‍ രാവിലെ മുതല്‍ മുടക്കമില്ലാതെ പണ വിതരണം നടന്നു. ശമ്പളത്തിനും പെന്‍ഷനും പുറമേ ബില്ലുകളും ഇവിടെ മാറി നല്‍കി. ടോക്കണ്‍ സമ്പ്രദായത്തിലാണ് ഇവിടെ പണം നല്‍കിയത്. 2000, 500 പുത്തന്‍ നോട്ടുകള്‍ക്ക് പുറമേ 100, 50, 20,10 എന്നിവയുടെ കെട്ടുകളും ഇവിടെ എത്തിയവര്‍ക്ക് നല്‍കി. കിഴക്കേകോട്ടയിലെ ട്രഷറിയില്‍ പെന്‍ഷന്‍കാരുടെ വലിയ തിരക്ക് ഉണ്ടായിരുന്നു. ശമ്പള ദിവസം ഈ തിരക്ക് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു. 24,000 രൂപ വരെ ഇവിടെ നല്‍കി. എന്നാല്‍ 2000, 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇവിടെ നല്‍കിയത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ കൃത്യമായി ട്രഷറികള്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ട് കൂടുതലായുള്ള എസ്ബിടി, എസ്ബിഐ, കാനറ ബാങ്കുകളുടെ ബ്രാഞ്ചുകളിലായിരുന്നു കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. നീണ്ട ക്യൂവില്‍ നിന്ന് ശമ്പളവും പെന്‍ഷനും വാങ്ങിയവര്‍ക്ക് ചില്ലറ ലഭിക്കാതിരുന്നത് ദുരിതം ഇരട്ടിപ്പിച്ചു. ട്രഷറികളിലും ബാങ്കുകളിലും കൂടുതലും എത്തിയിരിക്കുന്നത് രണ്ടായിരം രൂപ നോട്ടുകളും പുതിയ അഞ്ഞൂറ് രൂപ നോട്ടുകളുമാണ്. 100, 50 രൂപ നോട്ടുകളും  എത്തിച്ചിരുന്നെങ്കിലും ഇവ ആദ്യ മണിക്കൂറുകളില്‍ തന്നെ തീര്‍ന്നു. എടിഎം കാര്‍ഡ് ഉപയോഗിച്ച് ദിവസവും പിന്‍വലിക്കാവുന്ന തുക 2,500 രൂപയായി നിജപ്പെടുത്തിയതാണ് ശമ്പളത്തിനായി എല്ലാവരും ബാങ്കുകളെ ആശ്രയിക്കാനുള്ള കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക