|    Nov 21 Wed, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് നിരോധനത്തിന്റെ മുറിവുണങ്ങിയിട്ടില്ല; കടുത്ത ആഘാതം വരാനിരിക്കുന്നു: മന്‍മോഹന്‍ സിങ്

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രണ്ടു വര്‍ഷത്തിനുശേഷവും നോട്ട് നിരോധനത്തിന്റെ മുറിവുണങ്ങിയിട്ടില്ലെന്നും കടുത്ത ആഘാതം വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികരംഗത്ത് മോദി സര്‍ക്കാര്‍ കൈക്കൊണ്ട അപക്വമായ തീരുമാനങ്ങള്‍ രാജ്യത്തെ എത്രമാത്രം പിന്തുടരുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് നോട്ട് നിരോധനം. കുറച്ചു സമയമെടുത്താല്‍ എത്ര വലിയ മുറിവും ഭേദമാവും. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടിട്ടും നോട്ട് നിരോധനത്തിന്റെ മുറിവുണങ്ങിയിട്ടില്ല. നോട്ട്‌നിരോധനം മൂലം രാജ്യത്തെ സമ്പദ്ഘടനയ്ക്കുണ്ടായ ആഘാതം കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.
നോട്ട്‌നിരോധനത്തിന്റെ യഥാര്‍ഥ തിരിച്ചടി രാജ്യം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) നിരക്ക് ഇടിയുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല ഇത്. സമ്പദ്ഘടനയുടെ അടിത്തറയായ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഇനിയും കരകയറിയിട്ടില്ല. സമ്പദ്ഘടന ഞെരുക്കത്തിലായതിനാല്‍ യുവാക്കള്‍ക്ക് ആവശ്യമായ പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. ഇതു തൊഴില്‍മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓഹരിവിപണിയെയും ബാങ്കിങ്, സഹകരണ മേഖലയെയും വരെ നോട്ട്‌നിരോധനം ബാധിച്ചു. രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും എണ്ണവില ഉയരുന്നതിന്റെയും ദുരിതം വരാനിരിക്കുന്നതേയുള്ളൂ. സാമ്പത്തിക നയരൂപീകരണം ശ്രദ്ധയോടെയും വലിയ ആലോചനയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തിരിച്ചറിയാനുള്ള ഓര്‍മപ്പെടുത്തല്‍ ദിനമാണ് നോട്ട്‌നിരോധന വാര്‍ഷികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss