|    Oct 19 Fri, 2018 3:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നോട്ട് നിരോധനത്തിന്റെ പാഠങ്ങള്‍

Published : 24th September 2017 | Posted By: fsq

 

സി  എം   മുഹമ്മദ്  ഷഫീഖ്

2016 സപ്തംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നു രഘുറാം രാജന്‍ പടിയിറങ്ങുമ്പോള്‍, സാമ്പത്തിക ലോകം ഒരുപാട് ആശ്ചര്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ അപ്രതീക്ഷിതമായ വളര്‍ച്ചയ്ക്ക് കൊടിവീശിയ ഒരു സാമ്പത്തിക വിദഗ്ധന്റെ വിടവാങ്ങല്‍ കേന്ദ്രഭരണകൂടം കാണാതെപോയി. അന്നു സുബ്രഹ്മണ്യന്‍ സ്വാമി രഘുറാം രാജനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയക്കുകയുണ്ടായി. മൗനം മറുപടിയായി സ്വീകരിച്ച ധനമന്ത്രിയുടെ സമീപനം കടുത്ത വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ‘ഐ ഡൂ വാട്ട് ഐ ഡൂ’ എന്ന പുസ്തകത്തിലൂടെ രഘുറാം രാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പല കടന്നുകയറ്റങ്ങളിലേക്കുമുള്ള സൂചനയാണ്. ധനവകുപ്പിനു മേല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരേയുള്ള ചോദ്യചിഹ്നമാണ്. ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിനുള്ള പങ്ക് അവ്യക്തമായിരുന്നു. പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കാനുള്ള സമ്മതം മെയ് 19ന് റിസര്‍വ് ബാങ്ക് നല്‍കിയെന്നു സര്‍ക്കാര്‍ എഴുതിവിടുകയും ചെയ്തു. എന്നാല്‍, പുതിയ പുസ്തകത്തില്‍ രഘുറാം രാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഒരുപാട് വിരോധാഭാസങ്ങള്‍ സൃഷ്ടിക്കുന്നു: ”2016 ഫെബ്രുവരിയില്‍ നോട്ട് നിരോധനത്തെക്കുറിച്ച് സര്‍ക്കാര്‍ എന്നോട് ഉപദേശം തേടിയിരുന്നു. ദീര്‍ഘകാലത്തു ലഭിച്ചേക്കാവുന്ന  ലാഭം ഹ്രസ്വകാലത്ത് ഉണ്ടാവുന്ന നഷ്ടത്തെ അതിജയിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല, പ്രസ്തുത ലക്ഷ്യം (കള്ളപ്പണം കുറയ്ക്കല്‍) നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വാചികമായിരുന്നു. പിന്നീട് ലിഖിത രേഖ ആവശ്യപ്പെട്ട സമയത്ത്, നോട്ട് നിരോധനം സൃഷ്ടിക്കാവുന്ന ലാഭങ്ങളും നഷ്ടങ്ങളും വ്യക്തമാക്കുന്ന എഴുത്തും നല്‍കിയിരുന്നു. നടപടിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വ്യക്തമായ മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് മുന്നറിയിപ്പും നല്‍കി. പിന്നീട് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കുകയും ഡെപ്യൂട്ടി ഗവര്‍ണറെ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഞാന്‍ ഗവര്‍ണറായിരുന്ന സമയത്ത് ഒരിക്കല്‍ പോലും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.” സര്‍ക്കാര്‍ പുറത്തുവിട്ടതുപോലെ മെയ് 19നു പുതിയ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക് സമ്മതം നല്‍കിയെങ്കില്‍ രഘുറാം രാജന്‍ അത് അറിയാതിരുന്നതെങ്ങനെ? ആഗസ്ത് 19നു 5500 മില്യന്‍ 500ന്റെ നോട്ടുകളും 2200 മില്യന്‍ 1000 രൂപ നോട്ടുകളും അടിച്ചിറക്കാന്‍ അന്നത്തെ ഗവര്‍ണറായ രഘുറാം രാജന്‍ സമ്മതം നല്‍കുന്നതെങ്ങനെ? മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അരുണ്‍ ജയ്റ്റ്‌ലി നടത്തിയ പ്രസംഗം ഇന്ത്യന്‍ സമൂഹം മറക്കാനിടയില്ല. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥിതിയെ ബാധിച്ചില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. എന്നാല്‍, 2016 നവംബര്‍ മാസത്തിനു ശേഷം വന്ന പല കണക്കുകളും വ്യത്യസ്തമായിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ടി സി എ ആനന്ദ് ഈ വ്യത്യസ്തതയെ വിലയിരുത്തി സംസാരിക്കുന്ന ഭാഗം ശ്രദ്ധേയമാണ്: ”നോട്ട് നിരോധനം പോലുള്ള വലിയ നീക്കങ്ങളുടെ പരിണിത ഫലങ്ങള്‍ പെട്ടെന്നൊന്നും കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഒന്നും സംസാരിക്കാനില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ടി സി എ ആനന്ദ് വിലയിരുത്തിയതുപോലെ അത്രമേല്‍ അവ്യക്തമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ബാക്കിപത്രങ്ങള്‍. ബജറ്റ് വേളയില്‍ അരുണ്‍ ജയ്റ്റ്‌ലി പുകഴ്ത്തിപ്പറഞ്ഞ കാര്‍ഷിക മേഖലയുടെ വളര്‍ച്ച എത്രമാത്രം നീതി പുലര്‍ത്തുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ റാബി കൃഷി നിലച്ചുപോയത് എന്തുകൊണ്ടായിരുന്നു? പച്ചക്കറികളില്‍ അന്ന് അനുഭവപ്പെട്ട വിലയിടിവും ഉത്തരങ്ങളില്ലാതെ ബാക്കി. കറന്‍സിയുടെ ലഭ്യതക്കുറവും തൊഴിലില്ലായ്മയും വസ്തുക്കളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായി വരുകയും ചെയ്തു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറില്‍ രാജ്യത്തിന്റെ ജിഡിപി 6.1 ശതമാനത്തില്‍ ഒതുങ്ങി. സാമ്പത്തിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം വേണ്ടിയിരുന്നത് 7.1 ശതമാനം വളര്‍ച്ചയായിരുന്നു. യഥാര്‍ഥത്തില്‍ 6.1ലും താഴെയാണെന്നത് മറ്റൊരു വസ്തുതയായി നിഴലിക്കുകയും ചെയ്യുന്നു. എന്നാല്‍, വെറും കാര്‍ഷിക മേഖലയില്‍ ഒതുങ്ങുന്നതല്ല രാജ്യത്തെ അസംഘടിത വിഭാഗം. മൊത്തം ജനതയുടെ 45 ശതമാനം വരുന്ന ഈ വിഭാഗത്തില്‍ 31 ശതമാനവും കാര്‍ഷിക മേഖലയെ ആശ്രയിക്കാത്തവരാണ്. ഇവരുടെ നഷ്ടങ്ങളും പ്രയാസങ്ങളും കണക്കുകളില്‍ കാണാനില്ല. ഇത്തരത്തില്‍ വളച്ചൊടിച്ച ഒരുപാട് കണക്കുകളും അതിനു കൂട്ടുനില്‍ക്കുന്ന സാമ്പത്തിക വിദഗ്ധരുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. റിസര്‍വ് ബാങ്ക് ഗവര്‍ണറെ വെറുമൊരു ഉദ്യോഗസ്ഥനായി വിലയിരുത്തുന്ന രാഷ്ട്രീയ ക്രമം അവസാനിപ്പിക്കണമെന്ന് രഘുറാം രാജന്‍ ആവശ്യപ്പെടുന്നു. കേന്ദ്രഭരണകൂടത്തെ ഉപദേശിക്കാന്‍ മാത്രം സ്വാതന്ത്ര്യം ഗവര്‍ണര്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഏജന്റായി ഗവര്‍ണറെ വിലയിരുത്തുന്ന മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍ ശരിയല്ല. നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ പാവപ്പെട്ടവരാണെന്നും ഇത് ജിഡിപിയില്‍ അത്രമേല്‍ പ്രകടമാവില്ലെന്നും പുതിയ പുസ്തകത്തിലൂടെ മുന്‍ ഗവര്‍ണര്‍ തുറന്നടിക്കുന്നു. ധനകാര്യം രാഷ്ട്രീയ ക്രമമായി മാറുന്നിടത്തൊക്കെ പരാജയം നുണഞ്ഞിട്ടുണ്ട്. 1950ല്‍ ഉത്തര കൊറിയയെയും മലേസ്യയെയും പിന്നിലാക്കിയ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മുരടിച്ചുപോയതിന്റെ രഹസ്യവും ഇത്തരം കീഴ്‌വഴക്കമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭാവം ഇന്ത്യ അനുഭവിച്ചിട്ടില്ല. ഏഷ്യയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തികള്‍ ഇന്ത്യയിലും ജപ്പാനിലും ഒതുങ്ങുന്നു. 1974ല്‍ പീതാംബര്‍ പന്ത് നടത്തിയ കണ്ടെത്തലുകള്‍ കീഴ്‌വഴക്കത്തിന്റെ പട്ടികയില്‍ മികച്ചുനില്‍ക്കുന്നു. ‘ഗരീബി ഹഠാവോ’ എന്ന ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത രചന. രാജ്യത്തിന്റെ ദാരിദ്ര്യത്തിന്റെ അളവുകോലുകള്‍ വ്യക്തമാക്കുന്ന കൃതിയില്‍ എന്തുകൊണ്ട് ദാരിദ്ര്യം എന്നതിന് ഉത്തരമില്ല. 2004ല്‍ ബിജെപി സര്‍ക്കാര്‍ പരാജയം നുണഞ്ഞത് ‘ഇന്ത്യ ഷൈനിങ്’ എന്ന കാംപയിനിന്റെ പരാജയം കാരണത്താലായിരുന്നു. അന്നു പാവങ്ങളും ഗ്രാമീണരും യുപിഎ ഗവണ്‍മെന്റില്‍ വിശ്വാസം അര്‍പ്പിച്ചു. 2009 ഭരണം തുടരാന്‍ സാധിച്ചത് എംആര്‍എന്‍ഇജിഎയിലൂടെ നല്‍കിയ തൊഴിലവസരങ്ങളിലൂടെയായിരുന്നു. ഇത്തരം രാഷ്ട്രീയ ക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപി കണ്ടെത്തിയ വജ്രായുധമായിരുന്നു വര്‍ഗീയത. അത് വിജയം കാണുകയും ചെയ്തു. കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്ന പുത്തന്‍ സാമ്പത്തിക ക്രമം വിമര്‍ശനാത്മകമായി നേരിടേണ്ടിയിരിക്കുന്നു. അല്‍പം വൈകിയാണെങ്കിലും രഘുറാം രാജന്‍ കാണിച്ച ആര്‍ജവം മുഴുവന്‍ സാമ്പത്തിക വിചക്ഷണരും കാണിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷ കണക്കുകളില്‍ പ്രകടമാകുന്ന വളര്‍ച്ചയുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭരണം വൈകാതെ ജനം തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss