|    Feb 24 Fri, 2017 6:57 pm
FLASH NEWS

നോട്ട് നിരോധനത്തിന്റെ ജിയോ ബന്ധം തമാശയല്ല, ഇതു കൂടി കേള്‍ക്കൂ…

Published : 3rd December 2016 | Posted By: frfrlnz

500-1000-note-ban

ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നതു മുതല്‍ ഇതിനോടൊപ്പം വന്ന പേരാണ് റിലയന്‍സ് ഇന്‍ഡസ്ഡ്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പേര്. അംബാനിയെ പോലെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ  കള്ളപ്പണം വെളുപ്പിക്കാനാണ് നിരോധനമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ പലരും കാര്യമായെടുത്തിരുന്നുമില്ല.
എന്നാല്‍ റിലയന്‍സ് ജിയോയുടെയും നോട്ട് നിരോധനത്തിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് റിലയന്‍സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള ജിയോ പെയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് എന്ന സംരംഭം.നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് രണ്ടു ദിവസത്തിന് ശേഷമാണ് ഈ പുതിയ സംരംഭത്തില്‍ ഇരുവരും ഒപ്പുവച്ചതെന്ന്  ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇതിന്റെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.

__reliance-jio-payment

എസ് ബി ഐയെ കൂടാതെ  ഫെഡറല്‍ ബാങ്ക്, എച്ഡിഎഫ് സി തുടങ്ങിയ ബാങ്കുകളും ഈ ധാരണപത്രത്തില്‍ ഒപ്പുവച്ചിരുന്നു. നോട്ട് നിരോധനം മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയ തീരുമാനമായിരുന്നുവെന്ന് വിരല്‍ചൂണ്ടുന്ന പ്രഖ്യാപനങ്ങളാണ് പിന്നീട് മുകേഷ് അംബാനിയും നരേന്ദ്രമോഡിയും നടത്തിയത്.
പ്രധാനമന്ത്രി രണ്ടു ദിവസം മുമ്പ് ആഹ്വാനം ചെയ്ത കറന്‍സി  രഹിത സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതാണ് കഴിഞ്ഞദിവസം റിലയന്‍സ് ചെയര്‍മാന്‍ അംബാനി പ്രഖ്യാപിച്ച കാര്യങ്ങള്‍. ജിയോ മണി മര്‍ച്ചന്റ് സൊലൂഷന്‍സ് എന്ന ഇ വാലറ്റ് സംവിധാനമാണ് ഇതില്‍ പ്രധാനം. പെയ്‌മെന്റ് ബാങ്കിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവ മുന്നില്‍ കണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്ന ആരോപണത്തിന് ഇതോടെ  ശക്തമാവുകയാണ്.

reliance-jio-money-2
പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ കയ്യില്‍ കറന്‍സിയില്ലെങ്കിലും അത്യാവശ്യം കാര്യങ്ങളൊക്കെ നടത്താന്‍ ജിയോ ഫോണ്‍ കയ്യിലുണ്ടായാല്‍ മതി. പൊതുജനങ്ങള്‍ കാര്യമായി ഇടപാട് നടത്തുന്ന റസ്‌റ്റോറന്റുകള്‍, ചെറിയ കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍, ബസ്സുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്നതാണ് ജിയോ മണി മര്‍ച്ചന്റ് സൊലൂഷന്‍സ്. ജിയോ മണിയെ കാര്യക്ഷമമാക്കുന്നതിന് ജിയോയുടെ മൈക്രോ എടിഎമ്മുകള്‍ രാജ്യത്തെമ്പാടും സ്ഥാപിക്കും. ഡിജിറ്റല്‍ അക്കൗണ്ടുകളിലെ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമാണ് മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ജിയോയുടെ 4ജി മൊബൈല്‍ ശൃംഖലയും എസ്ബിഐയുടെ രാജ്യവ്യാപകമായുള്ള നെറ്റ് വര്‍ക്കും ചേര്‍ന്ന് ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് വലിയൊരു വഴിത്തിരിവാകും ഇതെന്നാണ് കരുതപ്പെടുന്നത്.  പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടാനാണ് റിലയന്‍സുമായി ചേര്‍ന്നുള്ള ജിയോ പെയ്‌മെന്റ് സംവിധാനവും ജിയോ മണി മര്‍ച്ചന്റ് സൊലൂഷനും മൈക്രോ എടിഎമ്മും.

reliance-sbi-payment-bank-1
പെയ്‌മെന്റ് ബാങ്കിങ് സംവിധാനത്തില്‍ എസ്ബിഐ ഓഹരികള്‍ 30 ശതമാനവും റിലയന്‍സിന്റേത് 70 ശതമാനവുമാണ്. പെയ്‌മെന്റ് ബാങ്കിങില്‍ ലോണ്‍ വ്യവസ്ഥ ഉണ്ടാവില്ല. നിക്ഷേപിക്കലും പിന്‍വലിക്കലും മാത്രമായിരിക്കും.
പെയ്‌മെന്റ് ബാങ്കിങിനായി മാസങ്ങള്‍ക്ക് മേേുമ്പ റിലയന്‍സും എസ്ബിഐയും ചേര്‍ന്ന് റിസര്‍വ്വ് ബാങ്കിന് അപേക്ഷ നല്‍കിയിരുന്നു. ആര്‍ബിഐ ഇതിന് അനുവാദം നല്‍കിയിട്ടുണ്ട്. 2015 സെപ്തംബറില്‍ തന്നെ റിലയന്‍സ് പെയ്‌മെന്റ് ബാങ്കിങ് സംവിധാനവുമായി ആര്‍ബിഐ സമീപിച്ചിരുന്നു. എന്നാല്‍ പെയ്‌മെന്റ് ബാങ്കിനെക്കുറിച്ച് റിലയന്‍സ് ഇതുവരെ പൊതുവേദിയില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല.
ജിയോ ഉണ്ടെങ്കില്‍ പേമെന്റുകളെല്ലാം അതിലൂടെ നടത്താമെന്ന സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ അതിന് ആദ്യം ജിയോ ക്ലച്ച് പിടിക്കണം. കൂടുതല്‍ ജനങ്ങളിലേക്ക് ജിയോ എത്തേണ്ടതുമുണ്ട്. ഇതെല്ലാം ലക്ഷ്യമിട്ടാണ് ഡാറ്റാ സൗജന്യവുമായി ജിയോ ഉപഭോക്താക്കളെ വലയിലാക്കുന്നത്. രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ രംഗപ്രവേശം ചെയ്ത നാളുകളില്‍ അഞ്ഞൂറു രൂപയ്ക്ക് ഫോണും കണക്ഷനും എന്ന വാഗ്ദാനത്തിലൂടെ ഉപഭോക്താക്കളെ വലയിലാക്കിയ പഴയ കഥ മറക്കാന്‍ സമയമായിട്ടില്ല.

ഓഫറുകളുടെ സഹായത്താലുള്ള ജിയോയുടെ ഈ കളം പിടിച്ചെടുക്കല്‍  മാര്‍ച്ചോടെ ഏകദേശം പൂര്‍ത്തിയാവും. ജിയോയുടെ ഓഫര്‍ കാലാവധി മാര്‍ച്ച് വരെ നീട്ടിയതായി അംബാനി പ്രഖ്യാപിച്ചതും ഇത് മുന്നില്‍ കണ്ടാണ്. അപ്പോഴേക്കും ആളുകളുടെ കയ്യിലെല്ലാം 2000 മാത്രം. പണമെല്ലാം ബാങ്കില്‍. പിന്‍വലിച്ച് പേമെന്റുകള്‍ നടത്താന്‍ ജിയോ സഹായിക്കും… ചിത്രം പൂര്‍ത്തിയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,270 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക