|    Oct 19 Fri, 2018 8:30 am
FLASH NEWS
Home   >  Editpage  >  Editorial  >  

നോട്ട് നിരോധനത്തിന്റെ ആഘാതങ്ങള്‍

Published : 6th September 2017 | Posted By: fsq

 

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. നിരോധനത്തെ തുടര്‍ന്നുണ്ടാവുന്ന സാമ്പത്തിക തകര്‍ച്ച ദീര്‍ഘകാലംകൊണ്ടുണ്ടാകാവുന്ന ഗുണത്തേക്കാള്‍ അധികമായിരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് നിലപാട് ആരാഞ്ഞിരുന്നുവെന്നും നോട്ട് നിരോധനം ഗുണംചെയ്യില്ലെന്നായിരുന്നു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വന്ന ഇടിവിന് പ്രധാന കാരണം നോട്ട് നിരോധനമാണെന്ന് ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ സാമ്പത്തിക സ്ഥിതിവിവരപ്രകാരം മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി)ത്തില്‍ വന്‍ ഇടിവുണ്ടായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5.7 ശതമാനമാണ് ജിഡിപി കാണിക്കുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നതിനേക്കാളും വളരെ കുറവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നിട്ട തുടര്‍ച്ചയായ ആറു പാദവാര്‍ഷികങ്ങളിലായി വളര്‍ച്ചാനിരക്കില്‍ സ്ഥിരമായി ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2016 മാര്‍ച്ചില്‍ അവസാനിച്ച പാദവാര്‍ഷികത്തിലെ 9.2 ശതമാനം ജിഡിപിയില്‍ നിന്നാണ് ഇപ്പോഴത്തെ എക്കാലത്തെയും താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലേക്ക് വളര്‍ച്ചാനിരക്ക് മൂക്കുകുത്തിവീണത്. സാമ്പത്തികമേഖലയില്‍ അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടായിരുന്നിട്ടും ജിഡിപിയില്‍ സംഭവിച്ച വന്‍ ഇടിവ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതവും മോദി സര്‍ക്കാരിന്റെ ധന മാനേജ്‌മെന്റിന്റെ പരാജയവുമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്തല്ല. 1.5 ശതമാനം മാത്രമായിരുന്നു അടുത്ത കാലത്ത് പണപ്പെരുപ്പം. ധനകമ്മി മിതമായ നിലയിലും നിയന്ത്രണവിധേയവുമായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി പലിശനിരക്ക് ആവര്‍ത്തിച്ച് കുറഞ്ഞുകൊണ്ടാണിരുന്നത്. സാമ്പത്തിക വിപണിയിലും നേരിട്ടുള്ള നിക്ഷേപത്തിലും ഡോളറിന്റെ വരവ് ഉയര്‍ന്നതോതിലേക്കെത്തിയിരുന്നു. വിപണി സൂചിക എക്കാലത്തേക്കാളും ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരം തലവേദനയായ എണ്ണവില സുസ്ഥിരവും താരതമ്യേന താഴ്ന്നതുമായി നിലകൊണ്ടു. അതിബൃഹത്തായ ഈ അനുകൂല ഘടകങ്ങള്‍ക്കിടയിലും ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കഴിഞ്ഞില്ലെന്നതാണു വസ്തുത. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നും ഭീകരവാദത്തെ തളയ്ക്കാനെന്നും പെരുമ്പറകൊട്ടി നടപ്പാക്കിയ നോട്ട് നിരോധനം ആ മൂന്നു ലക്ഷ്യങ്ങളും നിറവേറ്റിയില്ലെന്ന് മുന്‍മന്ത്രി പി ചിദംബരം ചൂണ്ടിക്കാട്ടുന്നു. നിരോധിത നോട്ടുകള്‍ 95 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പറയുമ്പോള്‍ നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തായിരുന്നുവെന്ന് രാജ്യത്തോട് വെളിപ്പെടുത്താന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss