|    Jun 22 Fri, 2018 1:20 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നോട്ട് നിരോധനത്തിനുശേഷം ഇന്ത്യ

Published : 8th August 2017 | Posted By: fsq

മുതലാളിത്ത വികസനപാതയില്‍ മുന്നോട്ടു കുതിക്കുന്ന രാജ്യങ്ങള്‍, തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടിന്റെ സ്വാഭാവികവും അനിവാര്യവുമായ പരിണിതഫലമെന്നോണം സംഭവിക്കുന്ന പ്രതിസന്ധികളോ തിരിച്ചടികളോ ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാന്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ മാധ്യമശ്രദ്ധ തിരിച്ചുവിടാനും വീഴ്ച മറച്ചുവയ്ക്കാനും ശ്രമിക്കുന്നത് അതിലൊന്നാണ്.അങ്ങനെയൊന്നായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ നടന്ന പാര്‍ലമെന്റ് ആക്രമണമെന്ന് വിലയിരുത്തുന്ന വിദഗ്ധര്‍ ഏറെയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കു ശവപ്പെട്ടികള്‍ വാങ്ങിയതില്‍ നടത്തിയ അഴിമതി മറച്ചുവയ്ക്കല്‍ കൂടി പാര്‍ലമെന്റ് ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിലെ ലക്ഷ്യമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. നരേന്ദ്രമോദി അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം തികയുന്ന മെയ് 2017ന്, ഭരണപരമായി നേരിട്ട ഗുരുതരമായ വീഴ്ചകളെ, പ്രത്യേകിച്ച് ജനങ്ങളെ ഏറെ വലച്ച നോട്ട് നിരോധനത്തിന്റെ തുടര്‍ ചര്‍ച്ചകളെയും വിലയിരുത്തലുകളെയും, കന്നുകാലി വില്‍പന നിരോധനം കൊണ്ടുവന്ന് മറച്ചു വയ്ക്കുകയായിരുന്നുവെന്ന് നിരീക്ഷിക്കാന്‍ സാധിക്കും.അച്ഛേ ദിന്‍ മുദ്രാവാക്യമുയര്‍ത്തി ഭരണത്തിലേറിയ നരേന്ദ്രമോദി ലക്ഷ്യമായി ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും വിപുലമായ തൊഴില്‍സാധ്യതയുമാണ്. അതിനു വേണ്ടി കൈക്കൊണ്ട നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള തീരുമാനങ്ങള്‍ക്കുശേഷം ആര്‍ബിഐ തന്നെ പുറത്തുവിട്ട റിപോര്‍ട്ടിലെ രേഖപ്പെടുത്തല്‍ ഇങ്ങനെയാണ്: നോട്ട് അസാധുവാക്കല്‍ തിരിച്ചടിയായി, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു, ഇന്ത്യ അതിവേഗം കുതിക്കുന്ന സാമ്പത്തികശക്തി അല്ലാതായി. സാമ്പത്തിക വകുപ്പും റിസര്‍വ് ബാങ്കും ചേര്‍ന്നു തയ്യാറാക്കിയ റിപോര്‍ട്ടിലും രാജ്യത്ത് ഉല്‍പാദനമേഖലയിലുണ്ടായ ഇടിവും വളര്‍ച്ചയില്‍ വന്ന കുറവും വ്യക്തമാക്കുന്നുണ്ട്.2016 നവംബര്‍ 8ന് അര്‍ധരാത്രിയാണ് 1000, 500 രൂപാ നോട്ടുകള്‍ പ്രധാനമന്ത്രി അസാധുവാക്കിയത്. അഴിമതി, കള്ളപ്പണം, കള്ളനോട്ടുകള്‍, തീവ്രവാദ ഫണ്ട് എന്നിവ തടയുമെന്നും അഴിമതി കുറഞ്ഞാലുണ്ടാവുന്ന നേട്ടങ്ങള്‍, ഡിജിറ്റല്‍ പണമിടപാടുകളുടെ വര്‍ധന, സാമ്പത്തിക നീക്കിയിരിപ്പിന്റെ വര്‍ധന, ഇടപാടുകളുടെ സുതാര്യത- ഇതെല്ലാം ഉയര്‍ന്ന ജിഡിപിയിലേക്കും നികുതി വരുമാനത്തിലേക്കും നയിക്കുമെന്നും അതുമൂലം മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാവുമെന്നുമൊക്കെയാണ് മോദിയും അമിത് ഷായും സ്വപ്‌നം കണ്ടത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം, എത്ര കള്ളപ്പണം ഉണ്ടായിരുന്നുവെന്ന് കണ്ടുപിടിക്കുന്നതിന് കഴിഞ്ഞിട്ടില്ല. അസാധുവായ നോട്ടുകളുടെ എണ്ണല്‍ പോലും പൂര്‍ത്തിയായിട്ടില്ല. നോട്ട് നിരോധനവും അതിലൂടെ സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും ഭരണനേട്ടങ്ങളും വെറും പിത്തലാട്ടമായിരുന്നു എന്നു വ്യക്തം.ഇന്ത്യയുടേത് സാമ്പ്രദായിക സമ്പദ്ഘടന ആയതുകൊണ്ട് 78 ശതമാനം ക്രയവിക്രയവും നോട്ടിലാണ്. 87 ശതമാനം വരുന്ന നോട്ടുകളുടെ നിരോധനം ഇന്ത്യയുടെ സമ്പദ്ഘടനയെ സാരമായി ബാധിച്ചതായി റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ അഞ്ചാം മാസാന്ത ധനകാര്യനയ പ്രസ്താവനയില്‍ ഗ്രോസ് വാല്യൂ ആഡഡ് വളര്‍ച്ചയായി അടയാളപ്പെടുത്തുന്നത് 7.1 ശതമാനമാണ്. അത് നാലാം ധനകാര്യനയ പ്രസ്താവന അടയാളപ്പെടുത്തിയ വളര്‍ച്ചയായ 7.6നേക്കാള്‍ കുറവാണ്. അതായത്, നിലനിന്നിരുന്ന വളര്‍ച്ചാനിരക്ക് നോട്ട് നിരോധനത്തോടെ കുറഞ്ഞു എന്നര്‍ഥം. ഫെബ്രുവരിയില്‍ പുറത്തുവിട്ട ആറാം ധനകാര്യനയ പ്രസ്താവനപ്രകാരം വളര്‍ച്ച 6.9 ശതമാനത്തിനു താഴെയാണ്.നോട്ട്ക്ഷാമം മൂലം ചോദനം കുറഞ്ഞു. സംഘടിതവും അസംഘടിതവുമായ മേഖലകളില്‍ വേതനം നല്‍കുന്നതിന് നേരിട്ട പ്രതിസന്ധി ഉല്‍പാദന-സേവന മേഖലകളുടെ ത്വരിതഗമനത്തെ ബാധിച്ചിട്ടുണ്ട്. നില്‍സണ്‍ നടത്തിയ സര്‍വേ പ്രകാരം, സംഘടിത ഉല്‍പാദനമേഖലയില്‍ വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന വസ്തുക്കളുടെയും ഓട്ടോമൊബീലുകളുടെയും വില്‍പനയില്‍ തകര്‍ച്ചയുണ്ടായിട്ടുണ്ട്. 2016ല്‍ ആദ്യമായി ഉല്‍പാദന സംബന്ധമായ വാങ്ങല്‍ സൂചികയിലും കയറ്റുമതിയുടെ വളര്‍ച്ചയിലും തകര്‍ച്ച സംഭവിച്ചു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പറയുന്നത്, പുതിയ മുതല്‍മുടക്കിനുള്ള ഉപക്ഷേപത്തില്‍ ഇടിവു വന്നിട്ടുണ്ട് എന്നാണ്. ആകെ തൊഴിലിന്റെ 82.4 ശതമാനവും ദേശീയ വളര്‍ച്ചയുടെ 44.9 ശതമാനവും സംഭാവന ചെയ്യുന്ന അസംഘടിത മേഖലയില്‍ കാര്യമായ പ്രയാസം ഉണ്ടായിട്ടുണ്ട്. കൂടുതലായും നോട്ടിനെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുപോവുന്നത് അസംഘടിത മേഖല ആയതുകൊണ്ടുതന്നെയാണിത്. സേവന നികുതിയുടെ കാര്യത്തിലും കുറവു വന്നിട്ടുണ്ട്. കൃഷിയിലും കുറവ് വന്നു. എന്നാല്‍, വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ മാത്രം വര്‍ധന ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നതും നോട്ട് നിരോധനവും തമ്മില്‍ പുലബന്ധം പോലും ഇല്ലാത്തതുകൊണ്ട് അതൊരു നേട്ടമായി കണക്കാക്കാനും കഴിയില്ല. റിലയന്‍സ് മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഉര്‍ജിത് പട്ടേല്‍ പറയാന്‍ ശ്രമിക്കുന്നതുപോലെ ഇതൊരു താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന വിലയിരുത്തലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല; പ്രത്യേകിച്ച് നോട്ട് നിരോധനത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ സ്ഥിതിക്ക്. ജനുവരി ഒന്നിന് ഇന്ത്യ ഒരു പുതിയ ഇന്ത്യ ആയില്ലെങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ എന്ന് കരഞ്ഞുപറഞ്ഞ പ്രധാനമന്ത്രി, ജനുവരിയില്‍ ഒരു മാറ്റവും സംഭവിക്കാഞ്ഞിട്ടും പറഞ്ഞതൊന്നും അറിഞ്ഞില്ലെന്ന ഭാവം നടിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതു തന്നെ മൗഢ്യമാണ്.ലോകരാജ്യങ്ങളില്‍ പലതും നോട്ട് നിരോധനം നടത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ജനങ്ങളുമായി തെരുവില്‍ ഭരണകൂടം ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍, മറ്റു ചിലയിടത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം ജനം  വലഞ്ഞു. ചിലയിടങ്ങളില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. സോവിയറ്റ് യൂനിയനില്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അധികാരം ഒഴിയേണ്ടിവന്നതുപോലും ഈ പരിഷ്‌കാരശ്രമം മൂലമാണ്.നോട്ട് നിരോധനത്തിലൂടെ സമ്പദ്ഘടന ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നത് നിരോധനത്തിനുശേഷമുള്ള അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിലാണ്. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക അസാധ്യമാണ്. മാത്രമല്ല, ഭരിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയും അതിന്റെ അടിസ്ഥാനത്തില്‍ പരസ്പര സഹകരണത്തിലുമാണ് പരിഷ്‌കരണങ്ങള്‍ വിജയിക്കുക. എന്നാല്‍ ഒരു രാത്രി പെട്ടെന്ന് ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ മേല്‍പറഞ്ഞ തയ്യാറെടുപ്പും സഹകരണവും ഒന്നും തന്നെ സാധിക്കില്ല. ആ തയ്യാറെടുപ്പില്ലായ്മ ഇന്ത്യയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആവശ്യമായ പണം ബാങ്കുകളിലില്ല. ജനങ്ങള്‍ക്ക് നോട്ടുകള്‍ മാറാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. പണമില്ലാത്തതുകൊണ്ട് ചികില്‍സ ലഭിക്കാതെയും കാത്തുനിന്ന് കുഴഞ്ഞുവീണും മരണങ്ങളുണ്ടായി. മാസങ്ങള്‍ പിന്നിട്ടിട്ടും ചെറുകിട കച്ചവടങ്ങളില്‍ പണത്തിന്റെ ക്ഷാമം വരുത്തിയ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല.എന്നാല്‍, വളരെ കലുഷിതമായ അവസ്ഥ മാസങ്ങളോളം ഇന്ത്യയില്‍ ഉണ്ടായിട്ടും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കേണ്ടിവരാതിരുന്നത് പ്രതിപക്ഷ കക്ഷികളുടെയും നേതാക്കളുടെയും ദുര്‍ബലത കൊണ്ടു മാത്രമാണ്. സോവിയറ്റ് യൂനിയനില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ ഭരണകൂടത്തെ നിലത്തിറക്കിയപ്പോള്‍ ഇന്ത്യയില്‍ അത്തരം മുദ്രാവാക്യങ്ങള്‍ പോലും ശക്തമായി ഉയര്‍ന്നില്ല. ജനങ്ങള്‍ നോട്ട് മാറുന്നതിനു മണിക്കൂറുകള്‍ വരിനിന്നപ്പോള്‍ അവര്‍ക്കു വെള്ളം കൊടുത്ത് സഹായിക്കലാണ് പ്രതിപക്ഷ ധര്‍മമെന്നു ധരിക്കുന്ന ദുര്‍ബലരും ദീര്‍ഘവീക്ഷണമില്ലാത്തവരുമായ ഭാവി പ്രധാനമന്ത്രിമാര്‍ പ്രതിപക്ഷത്തെ നയിക്കുമ്പോള്‍ മോദി ഇനിയും ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ ആരും എതിര്‍ക്കാനിടയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss