|    Jul 17 Tue, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നോട്ട് നിരോധനം : സര്‍ക്കാര്‍ ജീവനക്കാരുടെ നിക്ഷേപങ്ങള്‍ സിവിസി അന്വേഷിക്കും

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് അഴിമതിവിരുദ്ധ നിരീക്ഷണ വിഭാഗമായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) അന്വേഷിക്കുന്നു. നവംബര്‍ 8നു നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ നിക്ഷേപങ്ങളാണ് സിവിസി അന്വേഷിക്കുകയെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ കമ്മീഷന്‍ തേടിയിട്ടുണ്ടെന്നും സിവിസി മേധാവി അറിയിച്ചു. നവംബര്‍ 8നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച ശേഷം ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ നിക്ഷേപിക്കാന്‍ നിശ്ചിത സമയം അനുവദിച്ചിരുന്നു. ഈ സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിക്ഷേപിച്ച തുകയെക്കുറിച്ചാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡില്‍ നിന്നു വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനനിക്ഷേപം സംബന്ധിച്ച ഇടപാടുകളുടെ എണ്ണങ്ങള്‍ കണക്കാക്കുന്നത് എങ്ങനെയാണെന്ന കാര്യങ്ങള്‍ നികുതി വകുപ്പ് അധികാരികളുമായി ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സിവിസി മേധാവി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ നിക്ഷേപിച്ച തുക അവരുടെ വരുമാനത്തിന്റെ അനുപാതവുമായി പൊരുത്തപ്പെടുന്നതാണോ എന്ന കാര്യം മനസ്സിലാക്കുന്നതിനാണ് നികുതിവകുപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ഏതു തരത്തിലുള്ള വിവരങ്ങളാണ് തങ്ങള്‍ക്കു വേണ്ടതെന്ന കാര്യത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവര്‍ നമ്മോട് സഹകരിക്കുന്നുണ്ട്. അവര്‍ നിരവധി ആശയങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കേസുകളാണ് സിവിസി പരിശോധിക്കുക. സാധാരണയായി ഗ്രൂപ്പ് എ, ബി ഓഫിസര്‍മാരുടെ വിഭാഗങ്ങളാണ് സിവിസിയുടെ അധികാരപരിധിയില്‍ വരുന്നത്. കമ്മീഷന്റെ അധികാരപരിധിയില്‍ വരാത്ത ഉദ്യോഗസ്ഥരുടെ കേസുകളില്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് ചീഫ് വിജിലന്‍സ് ഓഫിസര്‍മാര്‍ക്ക് കൈമാറും. പത്തു ലക്ഷവും അതിനു മുകളിലും നടന്ന ഇടപാടുകളാണ് സംശയകരമായ ഇടപാടുകളായും കള്ളപ്പണമായും കണക്കാക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss