|    Dec 15 Sat, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച കിരാത നടപടി

Published : 30th November 2018 | Posted By: kasim kzm

കെ എ സലിം

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച കിരാത നടപടിയായിരുന്നെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം നടക്കുന്ന കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. ഇദ്ദേഹം എഴുതിയ “ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്‌ലി ഇക്കോണമി’’ എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്. നോട്ടു നിരോധനത്തിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനമായിരുന്നത് നിരോധനത്തോടെ 6.8 ശതമാനമായി ഇടിഞ്ഞെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. പ്രായോഗിക പരിജ്ഞാനമില്ലാത്ത നടപടിയായിരുന്നു 2016 നവംബര്‍ എട്ടിലെ നോട്ടു നിരോധനം. നോട്ടു നിരോധനത്തെ വിലയിരുത്തുന്ന പുസ്തകം സാമ്പത്തിക ഉപദേഷ്ടാവായിരുന്ന തന്നോട് നോട്ടു നിരോധിക്കുന്ന കാര്യം മോദി ചര്‍ച്ച ചെയ്തിരുന്നോ, ഇല്ലയോ എന്ന വിഷയത്തില്‍ മൗനംപാലിക്കുന്നു. നാലു വര്‍ഷത്തെ കാലാവധി കഴിഞ്ഞതിനാല്‍ ഈ വര്‍ഷം ആദ്യമാണ് സുബ്രഹ്്മണ്യന്‍ പദവിയൊഴിഞ്ഞത്.
86 ശതമാനം കറന്‍സിയാണ് ഒറ്റദിവസം കൊണ്ട് പിന്‍വലിച്ചത്. ആഭ്യന്തര ഉല്‍പാദനത്തെ അത് ഗുരുതരമായി ബാധിച്ചു. നിരോധനത്തിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രകടമായിരുന്നു. നിരോധനത്തോടെ അത് താഴേക്ക് പോയി. നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ച സാവധാനത്തിലാക്കിയെന്ന വാദത്തോട് ആരും വിയോജിക്കുമെന്ന് കരുതുന്നില്ല. അത് എത്രത്തോളം ബാധിച്ചു, അത് രണ്ടു ശതമാനമാണോ, അതോ അതിലും കുറവാണോ എന്ന കാര്യത്തിലായിരിക്കും തര്‍ക്കമുണ്ടാവുക. നോട്ടു നിരോധനത്തോടൊപ്പം ജിഎസ്ടി, ഉയര്‍ന്ന പലിശ നിരക്ക്, ഇന്ധനവിലക്കയറ്റം തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു.
നോട്ടു നിരോധനം പോലുള്ള ആഘാതങ്ങള്‍ അനൗപചാരിക മേഖലയെയാണ് ആദ്യം ബാധിക്കുക. എന്നാല്‍ ജിഡിപി കണക്കാക്കുന്നത് ഔപചാരിക മേഖലയുടെ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. രണ്ടും കൂടി കൂട്ടിച്ചേര്‍ത്തു നോക്കുമ്പോള്‍ അതിന്റെ ആഘാതം വലുതാണ്. ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും ചീത്തയായ പരീക്ഷണമായിരുന്നു നോട്ടു നിരോധനം. സാധാരണ കാലങ്ങളില്‍ ഒരു രാജ്യവും ഇത്തരമൊരു നടപടിക്ക് മുതിരില്ല.
യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കടുത്ത നാണയപ്പെരുപ്പം, രാഷ്ട്രീയകലാപം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ഇതുണ്ടാവുക. രാജ്യം അതിന്റെ ഗൗരവത്തെ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇതൊരു സാധാരണ സംഭവമായാണ് വിലയിരുത്തുന്നത്. ഇതിനു പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയം നോട്ട് നിരോധനത്തിന് അംഗീകാരമായി വായിക്കുകയും ചെയ്യുന്നു. തനിക്കു തന്റെ ആട് പോയെങ്കിലും അവന് അവന്റെ പശുവിനെ നഷ്ടപ്പെട്ടില്ലേ എന്ന മട്ടിലാണ് പ്രയാസത്തിലായ ദരിദ്രര്‍ പണക്കാരനുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ കാണുന്നതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss