|    May 23 Wed, 2018 10:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് നിരോധനം: പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിന്റെ പ്രതിഫലനം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നു. സ്വദേശികള്‍ക്കു പുറമെ സംസ്ഥാനത്തെത്തുന്ന വിദേശികളും നോട്ടുനിരോധനത്തില്‍ വലയുകയാണ്. ചികില്‍സയ്ക്കും ഉല്ലാസത്തിനും മറ്റുമായി എത്തുന്ന വിദേശികള്‍ ഏറിയപങ്കും ചെലവഴിക്കുന്നത് ബാങ്കുകളിലെയും എടിഎമ്മുകള്‍ക്കു മുമ്പിലെയും ക്യൂവിലാണ്.
ടൂറിസം സീസണായതോടെ ആയുര്‍വേദ ചികില്‍സയ്ക്ക് ഉള്‍പ്പെടെ വന്‍തോതില്‍ വിദേശികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. കോവളം, കോട്ട—ക്കല്‍, കുമരകം തുടങ്ങിയ മേഖലകളിലാണു കൂടുതല്‍പേരും ചികില്‍സതേടുന്നത്. എന്നാല്‍, ചികില്‍സയ്‌ക്കെത്തിയ വിദേശികള്‍ ഏറിയപങ്കും പണം മാറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ്. ചികില്‍സ കഴിഞ്ഞിട്ടും പണമില്ലാത്തതിനാല്‍ പലര്‍ക്കും നാട്ടിലേക്കു മടങ്ങാനും കഴിയുന്നില്ല. സംസ്ഥാനത്തുടനീളം ബാങ്കുകളുടെ മുന്നിലെല്ലാം നിലവില്‍ വിദേശികളുടെ നീണ്ടനിര പ്രകടമാണ്.
നോട്ടുകളുടെ നിരോധനം ടൂറിസ്റ്റ് മേഖലയെയും പിന്നോട്ടടിച്ചു. നോട്ടുനിരോധനം നിത്യജീവിതത്തെ ബാധിച്ചതോടെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നതായി ഇവര്‍ പറയുന്നു. ചില്ലറക്ഷാമം രൂക്ഷമായതോടെ പലപ്പോഴും വാഹനം ലഭിക്കാതെ കാല്‍നടയാത്രയായി സഞ്ചരിക്കേണ്ടിയും വരുന്നു. ചില്ലറയില്ലാത്തതിനാല്‍ യാത്രചെയ്യാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ തളര്‍ന്നിരിക്കുന്ന വിദേശസഞ്ചാരികളെയും പ്രധാന നഗരങ്ങളില്‍ കാണാം. പ്രതിസന്ധി ദിനംപ്രതി വര്‍ധിച്ചതോടെ അടുത്തദിവസങ്ങളിലായി രാജ്യത്തേക്കുള്ള വിദേശികളുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. ഇതുവഴി ടൂറിസംരംഗത്തെ വരുമാനവും കുറഞ്ഞിട്ടുണ്ട്.
വിദേശ സഞ്ചാരികള്‍ക്കു വിമാനത്താവളത്തിലെ എക്‌സ്‌ചേഞ്ച് കൗണ്ടറുകളില്‍ നിന്ന് 72 മണിക്കൂറിനകം പണം മാറിയെടുക്കാമെന്നായിരുന്നു സര്‍ക്കാരും ആര്‍ബിഐയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇതറിഞ്ഞ് കൗണ്ടറിലെത്തിയവര്‍ക്കൊന്നും സേവനം ലഭ്യമായില്ലെന്ന് ആക്ഷേപമുണ്ട്. അസാധുവാക്കിയ പണമെടുക്കാന്‍ വ്യാപാരികളും വാഹന ഉടമകളും തയ്യാറാവാത്തതും പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
നോട്ട് നിരോധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മല്‍സ്യമേഖലയും കടുത്ത പ്രതിസന്ധിയിലായി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബോട്ടുകളിലെ തൊഴിലാളികള്‍ പണമില്ലാത്തതിനാല്‍ ഹാര്‍ബറുകളില്‍ കുടുങ്ങി. കേരളത്തിലെ ഹാര്‍ബറുകളിലെത്തിയപ്പോഴാണ് പലരും നോട്ടുനിരോധനം അറിഞ്ഞത്. പ്രതിസന്ധി തുടര്‍ന്നാല്‍ കടലില്‍ പോവില്ലെന്ന നിലപാടിലാണ് മല്‍സ്യത്തൊഴിലാളികള്‍.
മല്‍സ്യലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് നോട്ടുനിരോധനം ഇരുട്ടടിയായിട്ടുണ്ട്. വിലകൂടിയ മല്‍സ്യങ്ങള്‍ ലഭിച്ചിട്ടും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പ്രതിസന്ധി രൂക്ഷമായതോടെ പഴയ നോട്ടുകള്‍ വാങ്ങി കിട്ടുന്ന വിലയ്ക്ക് മല്‍സ്യം വിറ്റഴിക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. പ്രതിസന്ധി തുടര്‍ന്നാല്‍ മല്‍സ്യബന്ധനം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് ബോട്ടുടമകളും പറയുന്നു.
സംസ്ഥാനത്തെ ആശുപത്രികളിലും സ്ഥിതി മറിച്ചല്ല. പിന്‍വലിച്ച നോട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍െപ്പടെ പലയിടത്തും സ്വീകരിക്കുന്നില്ല. സ്വകാര്യ ആശുപത്രികള്‍ പുതിയ നോട്ടിനു പിന്നാലെയാണ്. ഇക്കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ നിസ്സഹായരാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചത്.
അതേസമയം, ബാങ്കുകളില്‍ നിന്ന് കൃത്യമായി തുക ലഭിക്കാതായതോടെ ട്രഷറികളുടെ പ്രവര്‍ത്തനവും താളംതെറ്റി. ശമ്പളം, പെന്‍ഷനുകള്‍ എന്നിവയുടെ വിതരണത്തെയും സര്‍ക്കാരിന്റെ മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും. സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് ശമ്പളം പിന്‍വലിക്കുന്നവരാണ്. പെന്‍ഷന്‍, നിക്ഷേപങ്ങള്‍ എന്നിവയും ട്രഷറി മുഖേന കൈകാര്യം ചെയ്യുന്നവരുണ്ട്. ഇതിനുപുറമെയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പണം ചെലവഴിക്കേണ്ടത്.
പ്രതിദിനം ജില്ലാ ട്രഷറികളില്‍ 2.5 കോടി രൂപയ്ക്ക് മുകളില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ട്. ഓരോ സര്‍ക്കാര്‍ വകുപ്പിനും 10,000 രൂപവീതം ഒരുദിവസം നല്‍കിയാല്‍ മതിയെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഈ സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും. ഇത്തരം പ്രതിസന്ധികള്‍ ഒന്നിനുപിറകെ ഒന്നായി വരുന്നതോടെ ഒന്നും ചെയ്യാനാവാതെ കടുത്ത സമ്മര്‍ദത്തിലാണു സര്‍ക്കാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss