|    Aug 18 Fri, 2017 12:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് നിരോധനം: പ്രതിഷേധം ശക്തം

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി/തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേ സംയുക്ത പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ച പ്രതിഷേധദിനത്തില്‍ രാജ്യമെമ്പാടും പ്രതിഷേധ പരിപാടികള്‍. കേരളം, ത്രിപുര, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളെ പ്രതിഷേധം കാര്യമായി ബാധിച്ചു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നതിനാല്‍ ബംഗാളില്‍ ഇത് കാര്യമായ ചലനമൊന്നുമുണ്ടാക്കിയില്ല.
ഒഡീഷയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. മാവോവാദികള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നതിനാല്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ത്രിപുരയില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. ബിഹാറില്‍ ജനതാദള്‍ യുനൈറ്റഡ് സര്‍ക്കാര്‍ പ്രതിഷേധത്തെ പിന്തുണച്ചില്ലെങ്കിലും സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ പാര്‍ലമെന്റിനുള്ളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കി.
അതേസമയം, നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താതിരുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണമായി നിലച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. അതേസമയം, അവശ്യസര്‍വീസുകള്‍ക്കൊപ്പം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. ഗതാഗതസംവിധാനങ്ങള്‍ കുറവായിരുന്നതിനാല്‍ കൂടുതല്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളിലെത്താന്‍ സാധിച്ചില്ല. എടിഎമ്മുകളില്‍ പണം നിറയ്ക്കാനും സാധിച്ചില്ല.ഹര്‍ത്താലിന് ആഹ്വാനം ചെയ്ത എല്‍ഡിഎഫ് തിരുവനന്തപുരത്ത് ജിപിഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നോട്ട് പിന്‍വലിക്കല്‍, സഹകരണ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്തു. എംഎല്‍എമാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
നോട്ട് പിന്‍വലിച്ചതിനെതിരായ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് പ്രതിഷേധദിനം ആചരിച്ചതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം കെ മുനീര്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റ് വരിച്ചത്.
എംഎല്‍എമാര്‍ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും രാജ്ഭവന് മുന്നില്‍ അണിനിരന്നു. മ്യൂസിയം ജങ്ഷനില്‍നിന്ന് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചും പിക്കറ്റിങും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നേതാക്കളുടെ പ്രസംഗത്തിനുശേഷമാണ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. രമേശ് ചെന്നിത്തല, എം കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി ഡി സതീശന്‍, അനൂപ് ജേക്കബ് എന്നിവരെയാണ് ആദ്യഘട്ടം അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് അഞ്ച് എംഎല്‍എമാര്‍ വീതം അറസ്റ്റിനു വഴങ്ങി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ഏറ്റവും അവസാനമാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പിക്കറ്റിങ് രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്താണ് പോലിസ് മാര്‍ച്ച് തടഞ്ഞത്. യുഡിഎഫ് നേതാക്കളായ എ എ അസീസ്, സി പി ജോണ്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പിക്കറ്റിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് ഡിസിസിയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക