|    Jun 25 Sun, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലനട ഇന്നു തുറക്കും; നോട്ട്നിരോധനം തീര്‍ത്ഥാടകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക

Published : 15th November 2016 | Posted By: SMR

പി എം അഹ്മദ്

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിന് ഇന്ന് തുടക്കമാവും. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ഇത്തവണ തീര്‍ത്ഥാടകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞ തവണ വൃശ്ചികം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ എരുമേലിയിലും മറ്റ് തീര്‍ത്ഥാടക പാതകളിലും അയ്യപ്പഭക്തന്‍മാരുടെ തിരക്ക് ആരംഭിച്ചിരുന്നു. കൂടാതെ എരുമേലി ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക പാതകളില്‍ വ്യാപാരകേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍, സ്ഥിതി ഇത്തവണ ആശങ്കാജനകമാണ്.
500, 1000 നോട്ടുകള്‍ അസാധുവാക്കുകയും പുതിയ നോട്ടുകള്‍ ലഭിക്കാതെയും വന്നതോടെ ജനങ്ങള്‍ ഒന്നടങ്കം പണം മാറാനും നിലവിലുള്ള പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനുമായി നെട്ടോട്ടമാണ്. ഇതോടെ സീസണ്‍ കച്ചവടത്തിനുള്ള ഒരുക്കങ്ങള്‍ വേണ്ടത്ര നടത്താനായിട്ടില്ല. താല്‍ക്കാലിക കടകള്‍ക്കായി ലക്ഷങ്ങള്‍ ലേലത്തില്‍ പിടിച്ചവര്‍ വ്യാപാരം തുടങ്ങുന്നതിനാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാന്‍ നെട്ടോട്ടമോടുകയാണ്. സ്വര്‍ണം പണയംവച്ചു പോലും കാര്യങ്ങള്‍ സാധിക്കാനാവാത്ത അവസ്ഥയിലാണ്.
സഹകരണ മേഖലയെ അസാധുവാക്കിയ നോട്ടുകളുടെ ക്രയവിക്രയങ്ങളില്‍നിന്ന് ഒഴിവാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇത്തവണ ഈ മേഖലയില്‍നിന്നുള്ള സഹായം ലഭിക്കാത്തതിനാല്‍ ചെറുകിട വ്യാപാരികള്‍ നിസ്സഹായരായിരിക്കുകയാണ്.  തീര്‍ത്ഥാടകര്‍ എത്തുന്നതോടെ ചെറുകിട ഹോട്ടലുകളിലും ബസ്സുകളിലും ചില്ലറക്ഷാമം രൂക്ഷമാവും. പ്രതിസന്ധി ഡിസംബര്‍ 30വരെ നീളുമെന്ന പ്രധാനമന്ത്രിയുടെ പരോക്ഷസമ്മതം വ്യാപാരികളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഡിസംബര്‍ 30 ആവുമ്പോഴേക്കും ഇത്തവണത്തെ മണ്ഡലകാലം അവസാനിച്ച് മകരവിളക്ക് കാലം പകുതിയോടടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക