|    Dec 16 Sun, 2018 6:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം: കേന്ദ്രത്തിന്റെ വാദം ആര്‍ബിഐ തള്ളിയിരുന്നു

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നോട്ടു നിരോധനം വഴി കള്ളനോട്ട്, കള്ളപ്പണം എന്നിവ ഇല്ലാതാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടക്കത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്ന് രേഖകള്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി നോട്ടു നിരോധനത്തിന് അംഗീകാരം നല്‍കിയ സമയത്തുതന്നെ കള്ളനോട്ട്, കള്ളപ്പണം എന്നിവ ഇല്ലാതാക്കാമെന്ന കേന്ദ്ര അവകാശവാദങ്ങള്‍ ആര്‍ബിഐ തള്ളിക്കളഞ്ഞിരുന്നുവെന്നാണ് റിപോര്‍ട്ട്.
2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് നാലു മണിക്കൂര്‍ മുമ്പുതന്നെ ആര്‍ബിഐ ഇത് ചെയ്തിരുന്നെന്നാണ് പ്രമുഖ ദേശീയ ദിനപത്രം ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 8ന് വൈകുന്നേരം 5.30നു ചേര്‍ന്ന ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡിന്റെ 561ാം യോഗത്തിന്റെ മിനുട്‌സില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. നോട്ടു നിരോധനം നല്ല തീരുമാനമൊക്കെയാണ്, എന്നാല്‍ അത് ആ വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ (ജിഡിപി) കുറച്ചു കാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്.
ആറു വിയോജിപ്പുകളും പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ എന്ന തരത്തിലാണ് മിനുട്‌സില്‍ രേഖപ്പെടുത്തിയിരുന്നത്. 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നത് കള്ളപ്പണം ഇല്ലാതാക്കാനും കള്ളനോട്ടിന്റെ പ്രചാരണം ഇല്ലാതാക്കാനും സഹായിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ തള്ളുന്ന ഡയറക്ടര്‍മാരുടെ കുറിപ്പിനു പുറമേ, ഇതിനു ധനമന്ത്രി നല്‍കിയ വിശദീകരണങ്ങളും മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണത്തിന്റെ നല്ലൊരു ഭാഗവും കറന്‍സിയുടെ രൂപത്തിലല്ല സൂക്ഷിച്ചിരിക്കുന്നത്. സ്വത്തുവകകള്‍, സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ് എന്നീ രൂപങ്ങളിലാണ്. ആ സ്വത്തുവകകളെ തൊടാന്‍ നോട്ടു നിരോധനനീക്കത്തിലൂടെ സാധിക്കില്ലെന്നാണ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യോഗം നടന്ന് ഒരു മാസം പിന്നിട്ട ശേഷം ഡിസംബര്‍ 15നാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഈ മിനുട്‌സില്‍ ഒപ്പുവച്ചിരിക്കുന്നത്.
കള്ളനോട്ടുകളില്‍ ഭൂരിഭാഗവും 1000, 500 നോട്ടുകളായാണ് ഉണ്ടാവുന്നതെന്നും അത്തരം കള്ളനോട്ടുകളുടെ എണ്ണം 400 കോടി വരുമെന്നുമാണ് ധനമന്ത്രാലയം ബോര്‍ഡിനെ ധരിപ്പിച്ചത്. എന്നാല്‍, രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന ആകെ കറന്‍സിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 400 കോടിയെന്നത് വളരെ ചുരുങ്ങിയ ശതമാനമാണെന്നാണ് ബോര്‍ഡ് ഇതിനു മറുപടി നല്‍കിയിരുന്നതെന്നും മിനുട്‌സില്‍ വ്യക്തമാക്കുന്നുണ്ട്. നോട്ടു നിരോധനം മൂലം പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയെയും ടൂറിസം മേഖലയെയും ദുര്‍ബലപ്പെടുത്തുമെന്നു വ്യക്തമാക്കിയ ബോര്‍ഡ്, സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ നോട്ടു നിരോധനം ഒഴിവാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആര്‍ബിഐ വിശദമായി ചൂണ്ടിക്കാട്ടിയി. ദീര്‍ഘദൂര ആഭ്യന്തര സഞ്ചാരികള്‍ ടാക്‌സി, പോര്‍ട്ടര്‍ കൂലി എന്നിവ കൊടുക്കാന്‍ പ്രയാസപ്പെടും. ഇത് ടൂറിസ്റ്റുകളെ ദോഷകരമായി ബാധിക്കുമെന്നും ആര്‍ബിഐ ഡയറക്ടര്‍മാരെ വ്യക്തമാക്കിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss