|    Nov 24 Fri, 2017 10:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് നിരോധനം; ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം/ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനെതിരായ അഖിലേന്ത്യാ പ്രതിഷേധദിനത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ശബരിമല പരിസരപ്രദേശം, തീര്‍ത്ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചുകൂടിയാണ് ഹര്‍ത്താല്‍. മതിയായ ബദല്‍ സംവിധാനം ഉണ്ടാവുന്നതുവരെയോ ഡിസംബര്‍ 30 വരെയോ നിയമപരമായ എല്ലാ ഇടപാടുകള്‍ക്കും പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നതാണ് ദേശീയ പ്രക്ഷോഭത്തിന്റെ മുഖ്യ ആവശ്യം. ഹര്‍ത്താലിന് എസ്ഡിപിഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിച്ചതിനെതിരായ ദേശീയ പ്രക്ഷോഭത്തില്‍ പങ്കാളികളാണെങ്കിലും സംസ്ഥാനത്തെ എല്‍ഡിഎഫ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.
ഹര്‍ത്താലിലൂടെ വീണ്ടും ജനം വലയുന്നതിനാല്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്ത് എംഎല്‍എമാര്‍ അറസ്റ്റ് വരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
അതേസമയം നോട്ട് നിരോധനത്തിനെതിരേ സംയുക്ത പ്രതിപക്ഷ കക്ഷികള്‍ ഇന്ന് ദേശീയതലത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള വിവിധ കക്ഷികളാണ് ഇന്നു ദേശീയ പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറ് ഇടതുകക്ഷികള്‍ ഇന്ന് ‘ആക്രോശ് ദിവസ്’ ആയി ആചരിക്കും. ഇന്നത്തെ പ്രതിഷേധദിനത്തില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക