|    Apr 26 Wed, 2017 3:26 pm
FLASH NEWS

നോട്ട് ക്ഷാമം: നെട്ടോട്ടമോടി ജനം; ആറാംദിനത്തിലും അറുതിയായില്ല

Published : 15th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ/മഞ്ചേരി/കാളികാവ്: അസാധുവായ പണം മാറ്റികിട്ടാത്തതുമൂലം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ ജനങ്ങള്‍ വലയുന്നു. ദിവസങ്ങളോളം ബാങ്കുകളില്‍ എത്തി പണം ലഭിക്കാതെ വന്ന ഇടപാടുകാരാണു വീട്ട് ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നത്. മണിക്കൂറുകളോളം ബാങ്കുകളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും, അസാധുവായ നോട്ടുകള്‍ മാറുന്നതിനു നിരവധി പേര്‍ എത്തുന്നതിനാല്‍ ഉച്ചയോടെ മിക്ക ബാങ്കുകളിലും പണം കാലിയാവും. രണ്ടുദിവസം മുമ്പുവരെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് കടകളിലും മാര്‍ക്കറ്റുകളിലും നിന്ന്  ഭക്ഷ്യസാധനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ പഴയ നോട്ട് കച്ചവടക്കാര്‍ വാങ്ങാതയായി. ഇതോടെയാണു നാട്ടുകാര്‍ വലഞ്ഞത്. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പെരിന്തല്‍മണ്ണയിലെ ചില ബാങ്കുകളില്‍ ഇന്നലെ എത്തിയവര്‍ നിരാശരായി മടങ്ങി. പുതിയ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പണം മാറ്റി നല്‍കില്ല എന്ന് എഴുതിയ സ്റ്റിക്കറുകളാണ് ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.തൊഴില്‍മേഖല പ്രതിസന്ധിയില്‍നോട്ടുമാറലിനായി ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുന്നതുകാരണം ജില്ലയില്‍ തൊഴില്‍ മേഖല പ്രതിസന്ധിയില്‍. തൊഴില്‍ മേഖലലയിലെ പ്രതിസന്ധി കാരണം നാട്ടിന്‍പുറങ്ങളിലെ ജോലികളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ വലയുന്നത്. ദിവസക്കൂലിയില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയില്ലാതെ അലയുകയാണിപ്പോള്‍. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണു ദിവസങ്ങളായി ജോലിക്കു പോവാനാവാതെ വേവലാതിയില്‍ കഴിയുന്നത്. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. ആദ്യദിവസങ്ങളില്‍ 1000, 500 നോട്ടുകള്‍ സ്വീകരിക്കാത്ത ഇവര്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ജോലി തന്നെ ഇല്ലാത്ത അവസ്ഥയിലാണ്. പല തൊഴിലാളികള്‍ക്കൊപ്പം കുടംബംഗങ്ങള്‍ കൂടി ഉണ്ടെന്നത് ഇവരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് വരുത്തിയിട്ടുള്ളത്. തൊഴിലാളികളുടെ പ്രശ്‌നവും അസംസ്‌കൃത വസ്തുകളുടെ കുറവും നിര്‍മാണ മേഖലയെ പുര്‍ണമായും സതംഭനാവസ്ഥയിലാക്കിയിട്ടുണ്ട്.ഗ്രാമീണജീവിതം ദുരിത പൂര്‍ണംനോട്ടുമാറ്റത്തില്‍ ആശങ്ക വേണ്ടന്ന് അധികൃതര്‍ പറയുമ്പോഴും ഗ്രാമീണ ജീവിതം ദുരിത പൂര്‍ണം. ആവശ്യമുള്ള പണം ബാങ്കുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിക്കുമ്പോഴും ആവശ്യത്തിന്റെ നാലിലൊന്നുപോലും ബാങ്കുകളിലെത്തുന്നില്ല. ഗ്രാമീണമേഖലയിലാണ് ദുരിതം ഏറെ അനുഭവപ്പെടുന്നത്. മലയോര മേഖലയിലെ ദേശസാല്‍കൃത ബാങ്കുകളുടെ എടിഎമ്മുകള്‍ മൂന്നുദിവസമായി അടഞ്ഞുകിടക്കുകയാണ്. ഒരാഴ്ചയില്‍ അക്കൗണ്ടില്‍നിന്ന് 24,000 രൂപ പിന്‍വലിക്കാമെന്നാണ് അറിയിപ്പ്. എന്നാല്‍, 10,000 രൂപയാണ് ലഭിക്കുന്ന പരമാവധി സംഖ്യ. ഇതുതന്നെ മണിക്കൂറുകള്‍ കൊണ്ട് തീര്‍ന്നു പോവുകയാണ്. ഒരാള്‍ക്ക് 4,500 രൂപ മാറ്റിയെടുക്കാം എന്നു പറയുന്നുണ്ടെങ്കിലും 2,000 രൂപയാണ് ലഭിക്കുന്നത്. പൊരിവെയില്‍കൊണ്ട് മണിക്കൂര്‍ വരിനിന്ന് രണ്ടായിരത്തിന്റെ നോട്ട് ലഭിച്ചാലും പെടാപാട് തന്നെ. കടയില്‍ പോയാല്‍ ചില്ലറ കിട്ടാനില്ലാത്തതാണ് പ്രശ്‌നം. നാട്ടിലെ മിക്ക ജ്വല്ലറികളും കടകളും അടഞ്ഞുകിടക്കുകയാണ്. അവശ്യത്തിനു പണം എന്ന് ലഭിക്കുമെന്ന് പറയാന്‍ ബാങ്ക് അധികൃതര്‍ക്കുമാവുന്നില്ല. സാധാരണ ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ്. പ്രവാസികളുടെ ഭാര്യമാരാണ് ഏറെ ദുരിതത്തിലായത്. പഴയ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ 24 വരെ അവധി നീട്ടിയെങ്കിലും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ പഴയ നോട്ടുകള്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് ലോണെടുത്തവര്‍ ഇതുമൂലം പ്രയാസത്തിലായി. സഹകരണ ബാങ്കുകളില്‍ നോട്ടുമാറ്റിയെടുക്കാന്‍ അനുമതിയില്ലാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്. ഗ്രാമീണ മേഖലയില്‍ മീന്‍, പച്ചക്കറി, പലചരക്ക് വില്‍പ്പനയിലും കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ കുരുങ്ങി ജനം നോട്ടുകള്‍ പിന്‍വലിക്കാനായി മണിക്കൂറുകളോളം എടിഎമ്മുകള്‍ക്കു മുമ്പില്‍ വരിനിന്ന് തളര്‍ന്ന് ജനങ്ങള്‍. ഫെഡറല്‍, എസ്ബിടി എടിഎമ്മുകള്‍ മാത്രമേ ഇന്നലെയും പ്രവര്‍ത്തിച്ചൂള്ളൂ. മഞ്ചേരിയില്‍ മിക്ക എടിഎമ്മിലും നൂറുരൂപയുടെ നോട്ടുകള്‍ ലഭിച്ചുവെങ്കിലും പഴയ നോട്ടുകള്‍ മെഷീനുള്ളില്‍ കുരുങ്ങിയത് പലരെയും ചതിച്ചു. ഇതുമൂലം നിരവധി പേര്‍ക്ക് മെഷീന്‍ ശരിയാക്കും വരെ കാത്തിരിക്കേണ്ടി വന്നു. എടിഎം പലപ്പോഴും പ്രവര്‍ത്തിച്ചും അല്ലാതെയും ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതോടെ മുറുമുറുപ്പോടെ ചിലര്‍ സ്ഥലം വിട്ടു. വൈകുന്നേരത്തും എടിഎമ്മിന് മുന്നില്‍ നീണ്ട വരി ഉണ്ടായിരുന്നു. അതേസമയം, മിക്ക ബാങ്കുകളില്‍ നിന്നും 2,000 രൂപയുടെ നോട്ടുകള്‍ മാത്രമേ വിതരണം ചെയ്തിട്ടുള്ളു. ചില ബാങ്കുകള്‍ മൂന്നരയോടെ തന്നെ ഇടപാടുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്ന് രാവിലെ 10ന് കച്ചേരിപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക ആത്മഹത്യ നടത്തി പ്രതിഷേധിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day