|    Oct 23 Mon, 2017 6:08 am

നോട്ട് അസാധുവാക്കല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിന് വന്‍ തിരിച്ചടി

Published : 29th November 2016 | Posted By: SMR

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ്. വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ രജിസ്‌ട്രേഷനില്‍ 50 ശതമാനം കുറവുണ്ടായി. ഈമാസം എട്ടിന് രാത്രിയോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഉണ്ടായത്. തൊട്ടടുത്ത ദിവസം മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരാഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കോടികളുടെ നഷ്ടമാണ് വകുപ്പിനുണ്ടായിരിക്കുന്നത്.
ഈമാസം മൂന്നു മുതല്‍ എട്ടുവരെ 9.40 കോടി രൂപ ശരാശരി വരുമാനം ലഭിച്ചപ്പോള്‍ ഒമ്പതിന് അത് 1.49 കോടിയായി കുറഞ്ഞു. ഇതില്‍ 42.50 ലക്ഷം ഫീസ് ഇനത്തിലും 1.07 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലുമാണ് ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ വരുമാനത്തില്‍ ചെറിയ രീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒമ്പതാം തിയ്യതി മുതല്‍ 16ാം തിയ്യതി വരെയുള്ള ദിവസങ്ങളിലെ വരുമാനം 3.96 കോടി രൂപ മാത്രമാണ്.
ഒമ്പതിന് ബാങ്ക് അവധിയായിരുന്നത് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആധാരങ്ങളുടെ എണ്ണത്തില്‍ 55 ശതമാനം കുറവുണ്ടായപ്പോള്‍ വരുമാനത്തില്‍ 85 ശതമാനം കുറഞ്ഞു.
ഉയര്‍ന്ന വിലയുള്ള ആധാരങ്ങളുടെ രജിസ്‌ട്രേഷനിലാണ് കുറവുണ്ടായിരിക്കുന്നത്. പണലഭ്യത കൂടുന്നതനുസരിച്ച് ആധാരത്തിന്റെ എണ്ണത്തിലും വരുമാനത്തിലും പടിപടിയായി ഉയര്‍ച്ചയുണ്ടായിട്ടുള്ളതായി രേഖകളിലുണ്ട്. നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്ത് റവന്യൂ വരുമാനത്തില്‍ വന്‍തോതില്‍ ശോഷണം സംഭവിച്ചിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി ബി ബിനു പറഞ്ഞു.
ഇത് കൃത്യമായി കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം.
നോട്ടു പിന്‍വലിക്കല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെ തടയാന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന വരുമാനക്കുറവ് ഇതാണ് വ്യക്തമാക്കുന്നത്. പക്ഷേ സാധാരണക്കാരെയാണ് ഇത് ഏറ്റവും അധികം ബാധിച്ചതെന്നും ഡി ബി ബിനു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക