|    Feb 20 Tue, 2018 7:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി: ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Published : 31st January 2017 | Posted By: fsq

strike_

കൊച്ചി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഫെബ്രുവരി 7ന് പണിമുടക്കും. ബാങ്കിങ് മേഖലയിലെ സംഘടനകളായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഓഫിസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന് യൂനിയന്‍ നേതാക്കളായ സി ഡി ജോസണ്‍, പി പി വര്‍ഗീസ്, ജി ശ്രീകുമാര്‍, പി അരവിന്ദാക്ഷന്‍, എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നിക്ഷേപം പിന്‍വലിക്കാന്‍ ശാഖകളിലും എടിഎമ്മുകളിലുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, സഹകരണ ഗ്രാമീണ ബാങ്കുകളിലടക്കം എല്ലാ ശാഖകളിലും ആവശ്യത്തിന് നോട്ട് എത്തിക്കുക, നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ മരണപ്പെട്ട ബാങ്ക് ഇടപാടുകാരുടെയും ജീവനക്കാരുടെയും അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കോടിക്കണക്കിന് രൂപയുടെ പുതിയ കറന്‍സി വന്‍കിടക്കാര്‍ക്ക് ലഭിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷിക്കുക, ആര്‍ബിഐയുടെ സ്വയംഭരണം മാനിക്കുക, മനപ്പൂര്‍വം വായ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ക്കുറ്റമാക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കുന്നുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. കള്ളപ്പണവേട്ടയുടെ ഭാഗമായി കറന്‍സി മൂല്യത്തിന്റെ 86 ശതമാനമാണ് പിന്‍വലിച്ചതെന്നും നോട്ട് നിരോധനം സമ്പദ്ഘടനയിലും ബാങ്കിങ് മേഖലയിലും സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും നേതാക്കള്‍ പറഞ്ഞു. നവംബര്‍ 10 മുതല്‍ നോട്ട് മാറ്റല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള ബാങ്കുകളില്‍ അവശ്യം നടക്കേണ്ട വായ്പാ വിതരണം സ്തംഭിച്ചിരിക്കുകയാണ്. സാമ്പത്തികമാന്ദ്യം മൂലം വായ്പാ തിരിച്ചടവ് നടക്കുന്നില്ലെന്നും അസാധുവാക്കിയ നോട്ട് ബാങ്ക് നിക്ഷേപങ്ങളായി ക്രമാതീതമായി കുമിഞ്ഞുകൂടിയിരിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വന്‍കിട, ഇടത്തരക്കാരുടെ വ്യവസായങ്ങളില്‍ ചിലത് അസാധുവാക്കിയ നോട്ടുകള്‍ ലോണ്‍ അക്കൗണ്ടുകളില്‍ അടച്ചിട്ടുണ്ട്. ആറുലക്ഷം കോടി രൂപയില്‍പ്പരം നിക്ഷേപമായി ലഭിച്ചപ്പോള്‍ ഒരുലക്ഷം കോടി രൂപ വായ്പയില്‍ കുറവുള്ളതായിട്ടാണ് കാണപ്പെടുന്നതെന്നും ഈ സാഹചര്യം ബാങ്കുകളുടെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി രണ്ടിന് സായാഹ്ന ധര്‍ണകളും ആറിന് റാലിയും നടത്തും. പണിമുടക്കുദിവസം വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss