|    Apr 23 Mon, 2018 3:48 am
FLASH NEWS

നോട്ട് അസാധുവാക്കല്‍; ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു

Published : 17th November 2016 | Posted By: SMR

തൃശൂര്‍: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉടലെടുത്ത വിനിമയ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാവുന്നു. നോട്ട് നിരോധനത്തിന്റെ ആദ്യ ദിനങ്ങളില്‍ സര്‍ക്കാരിനോട് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ചവര്‍ വരെ അവധാനമില്ലാതെ നടപ്പാക്കിയ  നടപടിയെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പരിപാടികള്‍ നടന്നു. കേരളാ മഹിളാ സംഘം എസ്ബിഐ ബാങ്കിലേക്ക്  മാര്‍ച്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷീന പറയങ്ങാടല്‍ അധ്യക്ഷത വഹിച്ചു. എം സ്വര്‍ണലത, ജയ, റോസിലി, റസോജ, അജിത വിജയന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ കനറാ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വ്യാപാകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്. സമിതി സംസ്ഥാന ഖജാഞ്ചി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ ആര്‍ അജിത് ബാബു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ എം ലെനിന്‍ സംസാരിച്ചു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്. അതേസമയം രാഷ്ട്രീയ നേട്ടത്തിനും പൊങ്ങച്ചം കാട്ടുന്നതിനും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും മറുപടി പറയണമെന്നും പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആര്‍എംപിഐ സംസ്ഥാന ചെയര്‍മാന്‍ ടി എല്‍ സന്തോഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി വിപണയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വ്യാപാരങ്ങള്‍ നിലച്ചതായി കച്ചവടക്കാര്‍ പറയുന്നു. ആവശ്യത്തിന് ചില്ലറ ലഭ്യമാവാത്തതിനാല്‍ ചെറുകിട വ്യാപാര രംഗമാണ് കൂടുതല്‍ പ്രശ്‌നം നേരിടുന്നത്. അതിനിടെ ഇന്നലെ നഗരത്തിലെ എടിഎമ്മുകളില്‍ ആവശ്യത്തിന് പണമില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. നഗരത്തിലെ തന്നെ ചില എടിഎമ്മുകള്‍ ഇന്നലെ അടഞ്ഞുകിടന്നു. ബാങ്കുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയമാണ്. വിവിധ തൊഴിലുകളിലേര്‍പ്പെട്ട ആയിരക്കണക്കിന് ബംഗാ ള്‍, അസം, തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് ജില്ലയിലുള്ളത്. തൊഴില്‍ കുറഞ്ഞു എന്നതാണ് ഇവര്‍ നേരിടുന്ന ഒരു പ്രശ്‌നം. പ്രതിഫലമായി ലഭിക്കുന്ന നോട്ടുകള്‍ വ്യാപാരികള്‍ സ്വീകരിക്കുന്നില്ല. നാട്ടിലേക്ക് കൊണ്ടുപോവാന്‍ കരുതിയ സമ്പാദ്യം ബാങ്കില്‍ മാറ്റാനാവുന്നില്ല. ആധാറും തിരിച്ചറിയല്‍ കാര്‍ഡും പലരുടേയും കൈവശമില്ല. എഴുത്തും വായനയും അറിയാത്തവരാണ് ഇവരില്‍ അധിക  പേരും എന്നത് യാഥാര്‍ഥ്യം. കിട്ടിയ തൊഴിലിന് പോവാന്‍ കഴിയാതെ ബാങ്കിന് മുമ്പില്‍ ഇവരില്‍ ചിലര്‍ ക്യൂ നിന്നുവെങ്കിലും തിരക്ക് മൂലം കൈയിലുള്ള പണം മാറ്റാന്‍ കഴിഞ്ഞില്ലന്ന് പലരും പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാതെ ആയിരവും, അഞ്ഞൂറും കൈയ്യില്‍ വച്ച് പകയ്ക്കുകയാണിവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss