|    Feb 26 Sun, 2017 11:12 pm
FLASH NEWS

നോട്ട് അസാധുവാക്കല്‍: കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു

Published : 29th November 2016 | Posted By: SMR

എ പി വിനോദ്

കാഞ്ഞങ്ങാട്: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത് കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. നാണ്യവിളകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കര്‍ഷകരെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. റബര്‍, തേങ്ങ, അടക്ക തുടങ്ങിയ നാണ്യവിളകള്‍ മലഞ്ചരക്ക് വ്യാപാരികള്‍ വാങ്ങാതായതോടെ കര്‍ഷകര്‍ അര്‍ധ പട്ടിണിയിലാണ്. റബറിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരതയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. റബറും തേങ്ങയും വില്‍പന നടത്തുമ്പോള്‍ കടകളില്‍ നിന്നു ചീട്ടു നല്‍കുകയാണ് ചെയ്യുന്നത്. ബാങ്കുകളില്‍ നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രധാന വ്യാപാരികളെല്ലാം ചരക്കെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുക്കയാണ്. മലഞ്ചരക്ക് വിപണിയില്‍ കച്ചവടം എഴുപതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ ഓരോ ആഴ്ചയും ലഭിക്കുന്ന ഉല്‍ന്നങ്ങള്‍ അതാതു ആഴ്ചകളില്‍ വില്‍ക്കുന്നതാണ് പതിവ് രീതി. നോട്ടിന്റെ ക്ഷാമം നിമിത്തം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറാകാത്തത് കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. രണ്ടാം വിള നെല്‍കൃഷി ആരംഭിക്കേണ്ട സമയത്ത് കയ്യില്‍ പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിക്കുകയാണ്. നോട്ടു നിരോധിച്ചതിന് ശേഷം മലയോര മേഖലയിലെ 25 ശതമാനത്തോളം കടകളും അടഞ്ഞു കിടക്കുകയാണ്. ബാങ്കുകളില്‍ നിക്ഷേപിച്ച പണം പോലും കര്‍ഷകര്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. എടിഎമ്മുകളിലെ സര്‍വീസ് ചാര്‍ജ് നിര്‍ത്തിയതിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുവാന്‍ ബാങ്കുകള്‍ താല്‍പര്യം കാണിക്കുന്നില്ല. ഉച്ചയോടെ തന്നെ നഗരങ്ങളിലെ പ്രധാന എടിഎമ്മുകളെല്ലാം കാലിയാവുന്ന സ്ഥിതിയാണ്. എസ്ബിടി പോലുള്ള ദേശസാല്‍കൃത ബാങ്കുകളില്‍ ഒരു ദിവസം നൂറു ടോക്കന്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ഷെഡ്യൂള്‍ ബാങ്കുകള്‍ വന്‍കിട ഇടപാടുകാര്‍ക്ക് പണം യഥേഷ്ടം നല്‍കുന്നുമുണ്ട്. കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പില്‍ പുതിയ രണ്ടായിരം രൂപയുടെ ആറുലക്ഷം രൂപ കൈമാറുമ്പോള്‍ പോലിസ് പിടികൂടിയ കേസ് എങ്ങുമെത്തിയില്ല. കാഞ്ഞങ്ങാട്ടെ ഒരു വ്യാപാരിയാണ് മുപ്പതു ശതമാനം കമ്മിഷനില്‍ പണം കൈമാറ്റം നടത്തിയത്. പണം പിന്‍വലിക്കാന്‍ നിയമ തടസ്സമുള്ള സാഹചര്യത്തില്‍ ഏതു ബാങ്കാണ് ഒരു വ്യക്തിക്ക് ഇത്രയും പണം നല്‍കിയത് എന്നതിനെ കുറിച്ചുള്ള അന്വേഷണം നിലച്ചിരിക്കുകയാണ്. എടിഎമ്മുകളില്‍ നിന്നും 2000 രൂപ മാത്രമാണ് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്. റബറിനു ഉല്‍പാദനം കൂടുതലുള്ള സമയത്ത് ചരക്കു വിറ്റഴിക്കാന്‍ സാധിക്കാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. കാര്‍ഷിക മേഖലയിലെ രൂക്ഷമായ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാതൊന്നും ചെയ്യുന്നില്ല. സഹകരണ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും കര്‍ഷകരാണ്. സ്വര്‍ണം പണയം വച്ചുപോലും വായ്പയെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാര്‍ഷികാവശ്യത്തിന് വായ്പ ലഭിക്കാത്തതിനാല്‍ കൃഷിപ്പണികള്‍ നിലച്ചിരിക്കുകയാണ്. ജലസേചനത്തിനും കൃഷിക്കും ബാങ്കുകളെ ആശ്രയിക്കുന്ന കര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. സഹകരണ ബാങ്കുകള്‍ കൂടുതലായുള്ള മലയോര ഗ്രാമങ്ങളില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. പണം ലഭിക്കാത്തതിനാല്‍ കൃഷിപ്പണികളും നിര്‍മാണ ജോലികളും പൂര്‍ണമായി നിലച്ചിട്ടുണ്ട്. പൊതു മരാമത്ത് പണികള്‍പോലും നിര്‍ത്തിവച്ച സ്ഥിതിയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day