|    Feb 23 Fri, 2018 6:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് അസാധുവാക്കല്‍ അവിസ്മരണീയ മണ്ടത്തരം: ജയറാം രമേശ്

Published : 22nd January 2017 | Posted By: fsq

jairam_ramesh-01

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവിസ്മരണീയമായ മണ്ടത്തരമാണ് കാട്ടിയതെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. സത്യമേവ ജയതേക്ക് പകരം അസത്യമേവ ജയതേയാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. നോട്ട് അസാധുവാക്കല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയതീരുമാനമാണ്. ഇത് ഒരു സാമ്പത്തിക തീരുമാനമായിരുന്നെങ്കില്‍ ഈ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിക്കുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഒരു സാമ്പത്തികവിദഗ്ധനും ഈ മണ്ടന്‍ തീരുമാനം അംഗീകരിക്കില്ല. അസത്യം പ്രചരിപ്പിച്ച് ഹരിശ്ചന്ദ്രന്റെ പിതാവാകാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പൂര്‍ണ പരാജയമാണങ്കിലും ഈ സത്യം ഒരിക്കലും പുറത്തുപറയാന്‍ നരേന്ദ്രമോദി തയ്യാറാവില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെതിരേ എഐസിസി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ഇന്ദിരാഭവനില്‍ നടന്ന ജന്‍വേദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി ഗ്രാമോദ്യോഗ് കലണ്ടറില്‍ മഹാത്മാഗാന്ധി—ക്ക് പകരം നരേന്ദ്രമോദിയുടെ ചിത്രമാണ് അച്ചടിച്ചത്. ഇതാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനശൈലി. ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിക്ക് പകരം നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.  കള്ളപ്പണം തിരിച്ചുപിടിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍, ഇതില്‍ സിംഹഭാഗവും തിരിച്ചെത്തിയതോടെ കാഷ്‌ലസ് ഇക്കോണമിയെക്കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുമാണ് അദ്ദേഹം ഇപ്പോള്‍ സംസാരിക്കുന്നത്. കള്ളപ്പണമുള്ളവര്‍ അത് കറന്‍സികളില്‍ സൂക്ഷിക്കില്ല. നോട്ട് അസാധുവാക്കിയതോടെ കശ്മീരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കടുത്ത ശൈത്യത്തില്‍ കല്ലെറിയാന്‍ ആരും തയ്യാറാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിലൂടെ വ്യക്തിയുടെ അവകാശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തത്. ഒരു രാജ്യത്തെ പൗരനും ഈയൊരു അവസ്ഥയുണ്ടായിട്ടില്ല. പാര്‍ലമെന്ററി സമിതിയുടെ ചോദ്യങ്ങള്‍ക്കൊന്നും ഉചിതമായ മറുപടി നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു. എഐസിസി സംസ്ഥാന നിരീക്ഷകന്‍ കെവി തങ്കബാലു, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, വി ടി ബല്‍റാം, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss