|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട്‌നിരോധനം കള്ളപ്പണം തടഞ്ഞില്ല

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തു നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് കള്ളപ്പണം തടയുന്നതില്‍ ഒരുനിലയ്ക്കും സഹായിച്ചിട്ടില്ലെന്ന് ഇന്നലെ സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത്. നോട്ട് നിരോധനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് ഇതു വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിനുശേഷം പിടിച്ചെടുത്ത കള്ളപ്പണം മുന്‍കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റെക്കോഡായിരുന്നുവെന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത് വ്യക്തമാക്കി.
ജനുവരിയില്‍ താന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായതിനുശേഷം 11 മാസത്തിനിടെ ഒമ്പത് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടത്തി. ഇക്കാലയളവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍തോതിലുള്ള കള്ളപ്പണമാണ് കമ്മീഷന്‍ പിടിച്ചെടുത്തത്. ഇപ്പോള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മാത്രം ഇതുവരെ 200 കോടിയുടെ കള്ളപ്പണമാണ് കമ്മീഷന്‍ പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പുസമയത്ത് ഉറവിടമില്ലാത്ത പണമിറങ്ങും. ഇവ തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നോട്ട്‌നിരോധനം പോലുള്ള നടപടികളൊന്നും ഇവയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണം ദുരുപയോഗം ചെയ്യല്‍, സോഷ്യല്‍ മീഡിയ, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍ എന്നിവ തിരഞ്ഞെടുപ്പുകളെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമല്ല, ലോകത്ത് എല്ലായിടത്തും ഇവ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവ തടയുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കമ്മീഷന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ കമ്മീഷണറായിരുന്ന കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവന്നതിനാല്‍ കമ്മിറ്റിക്ക് അതു പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും അതില്‍ തനിക്കു ഖേദമുണ്ടെന്നും റാവത്ത് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss