|    Aug 19 Sat, 2017 3:39 am
FLASH NEWS

നോട്ടു പ്രതിസന്ധി രൂക്ഷം;ബാങ്കുകളിലും എടിഎമ്മിലും ക്ഷാമം

Published : 1st December 2016 | Posted By: SMR

മട്ടന്നൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ദുരിതവും തുടരുന്നു. സ്വന്തം അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയെങ്കിലും ഇന്നലെ പല ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ലാത്തത് ജനത്തെ ദുരിതത്തിലാഴ്ത്തി. നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം 22 ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതം ഏറിവരികയാണ്. പ്രതിഷേധസ്വരങ്ങള്‍ കുറഞ്ഞെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പണമില്ലാതെ പ്രതിസന്ധി രൂക്ഷമാവുകയാണ്. മുന്‍ ദിവസങ്ങളിലെല്ലാം പണം ലഭിച്ചിരുന്ന ഗ്രാമീണ്‍ ബാങ്കുകളില്‍ ചിലയിടങ്ങളില്‍ രണ്ടുദിവസമായി പണം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകളിലും ഇന്നലെ വേണ്ടത്ര പണം നിറച്ചിരുന്നില്ല. ഗ്രാമീണ മേഖലയില്‍ ഇത് കടുത്ത പ്രശ്‌നങ്ങളാണുണ്ടാക്കിയത്. സ്ത്രീകളും വീട്ടമ്മമാരുമുള്‍പ്പെടെയുള്ളവര്‍ രണ്ടു ദിവസങ്ങളിലായി ബാങ്കിലെത്തി മടങ്ങുകയാണ്.  പുതിയ രണ്ടായിരം രൂപയുടെ ഒറ്റനോട്ടാണ് പല എടിഎമ്മുകളിലും ഇപ്പോഴും ലഭിക്കുന്നതെങ്കിലും അവിടെയും നീണ്ട ക്യൂ അനുഭവപ്പെടുന്നുണ്ട്. ചില്ലറയ്ക്കായി എടിഎമ്മി ല്‍ ഏറെ നേരം ക്യൂ നിന്ന പലര്‍ക്കും ലഭിച്ചത് 2000ത്തിന്റെ നോട്ടുകളാണ്. 1500 രൂപയെന്ന് ടൈപ്പ് ചെയ്ത് നോക്കിയവര്‍ക്ക് രൂപയില്ലെന്നായിരുന്നു മറുപടി. ഇതെങ്ങനെ ചില്ലറായാക്കുമെന്നു പരിതപിച്ചാണ് പലരും എടിഎമ്മില്‍ നിന്ന് മടങ്ങുന്നത്. എടിഎമ്മുകള്‍ മുഴുവനായി പ്രവര്‍ത്തനക്ഷമമാവാത്തതും 500 രൂപയുടെ നോട്ടുകള്‍ ലഭിക്കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം വന്നിട്ട് 22 ദിവസം പിന്നിട്ടിട്ടുംഎടിഎമ്മുകളില്‍ ഇപ്പോഴും നൂറിന്റെയും അമ്പതിന്റെയും നോട്ടുകളുടെ ക്ഷാമം തുടരുകയാണ്. ബാങ്കുകളില്‍ ആവശ്യമായ ചില്ലറ നോട്ടുകളുടെ 10 ശതമാനം മാത്രമാണ് ഇപ്പോഴും എത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ചില്ലറ നോട്ടുകള്‍ കൂടുതല്‍ എത്തിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. പല ബാങ്കുകളുടെയും ഭൂരിഭാഗം എടിഎമ്മുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കാശുള്ള എടിഎമ്മുകള്‍ തേടി ജനം ഇപ്പോഴും അലയുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക