|    Nov 21 Tue, 2017 10:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ടുനിരോധന വാര്‍ഷികം : എസ്ഡിപിഐ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

Published : 2nd November 2017 | Posted By: fsq

 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട നോട്ടുനിരോധനത്തിനു കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സാമ്പത്തിക ദുരന്തം മാത്രമാണ് സമ്മാനിക്കാന്‍ കഴിഞ്ഞതെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). ഈ സാഹചര്യത്തില്‍ നവംബര്‍ 8ന്, പിന്നിട്ട ഒരു വര്‍ഷത്തിന് നരേന്ദ്രമോദി മറുപടി പറയുക എന്ന മുദ്രാവാക്യമുയര്‍ത്തി വിചാരണദിനമായി ആചരിക്കും. കഴിഞ്ഞ നവംബര്‍ 8ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധനം രാജ്യത്തെ പിടിച്ചുലക്കുകയും സാധാരണക്കാരെ തീരാ ദുരിതത്തിലാക്കുകയും ചെയ്തതായി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു. നോട്ടുനിരോധനം ചരിത്രപരമായ തീരുമാനമാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇതു പരാജയപ്പെട്ടാല്‍ താന്‍ ഉത്തരവാദിയായിരിക്കുമെന്നും തന്നെ പരസ്യമായി ശിക്ഷിക്കാമെന്നുമാണ് രാജ്യത്തോട് പറഞ്ഞത്. എന്നാല്‍, നോട്ടുനിരോധനം രാജ്യത്തിനു സാമ്പത്തികത്തകര്‍ച്ച മാത്രമാണ് സമ്മാനിച്ചത്. ഇതിന്  പറഞ്ഞ കാരണങ്ങള്‍ പൂര്‍ണമായും തെറ്റായിരുന്നുവെന്നു തെളിഞ്ഞിരിക്കുന്നു. നോട്ടുനിരോധനം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കള്ളപ്പണം പുറത്തു കൊണ്ടുവരാനോ കള്ളപ്പണം പിടിച്ചെടുക്കാനോ കഴിഞ്ഞിട്ടില്ല. വ്യക്തിഗത നേട്ടത്തിനു സ്വന്തം മന്ത്രിമാരോടും സാമ്പത്തിക വിദഗ്ധരോടു പോലും കൂടിയാലോചിക്കാതെയാണ് നോട്ടുനിരോധനം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചത്. നോട്ടുനിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നു രാജ്യം ഇനിയും കരകയറിയിട്ടില്ല. വ്യാവസായിക മേഖല ഇപ്പോഴും ഭീമമായ നഷ്ടത്തിലാണ്. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിര്‍മാണമേഖല ഇപ്പോഴും സ്തംഭനാവസ്ഥയിലും വ്യാപാരമേഖല തകര്‍ച്ചയുടെ വക്കിലുമാണ്. തൊഴിലാളികളും കര്‍ഷകരും ഉപജീവനത്തിനു ബുദ്ധിമുട്ടുന്ന ഭീതിദമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. നോട്ടുനിരോധനം പരാജയപ്പെട്ടാല്‍ തന്നെ പരസ്യമായി ശിക്ഷിക്കാം എന്ന വാഗ്ദാനം നരേന്ദ്രമോദി തന്ത്രപൂര്‍വം മറക്കുകയുമാണെന്ന് എ സഈദ് കുറ്റപ്പെടുത്തി. കുറ്റകരമായ അനാസ്ഥയ്ക്കു നരേന്ദ്രമോദി രാജ്യത്തോട് മറുപടി പറയേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചു നവംബര്‍ 8ന് എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ റിസര്‍വ് ബാങ്കുകള്‍ക്കു മുമ്പിലും ജില്ലാ കലക്ടറേറ്റുകള്‍ക്കു മുമ്പിലും ധര്‍ണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക