|    Nov 16 Fri, 2018 11:48 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നോട്ടുനിരോധനത്തിന്റെ രണ്ടു വര്‍ഷങ്ങള്‍

Published : 9th November 2018 | Posted By: kasim kzm

ഈ നവംബര്‍ എട്ടിന് നോട്ടുനിരോധനത്തിന് രണ്ടു വയസ്സ് തികഞ്ഞിരിക്കുന്നു. നോട്ടുനിരോധനത്തിന്റെ മഹാവിസ്മയങ്ങള്‍ സാഘോഷം കൊണ്ടാടിയ ദേശഭക്തരെയൊന്നും ഈ രണ്ടാംവര്‍ഷം വലുതായൊന്നും വെളിയില്‍ കാണാനില്ലെങ്കിലും ആ മഹാപരാധത്തിന്റെ കെടുതികള്‍ രാജ്യത്തെവിടെയും ഇന്നു പ്രകടമാണ്.
2016 നവംബര്‍ എട്ടിന് 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഇടിത്തീപോലെയാണ് ജനങ്ങള്‍ ശ്രവിച്ചത്. ആ പ്രഖ്യാപനത്തില്‍ പ്രകടമായ ഔദ്ധത്യത്തിലും ശരീരഭാഷയിലും ജനങ്ങളോടുള്ള പുച്ഛം നിറഞ്ഞുനിന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിനു നേരെ നടന്ന ആഭ്യന്തര ആക്രമണമായേ ആ പ്രഖ്യാപനത്തെ കാണാനാവുമായിരുന്നുള്ളൂ. ആ പാതിരാവില്‍ മറനീക്കിക്കാട്ടിയ ഏകാധിപത്യത്തിന്റെ മനംപിരട്ടുന്ന അശ്ലീലതയില്‍ അമ്പരന്നുപോയവര്‍ രാജ്യത്തു മാത്രമല്ല, ലോകത്താകമാനമുണ്ട്.
എന്തൊക്കെ അവകാശവാദങ്ങളുടെ അകമ്പടിയിലാണ് ഈ കൊടിയ അനീതി രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. കള്ളപ്പണം തടയുമെന്നും കള്ളനോട്ടുകള്‍ ഇല്ലാതാവുമെന്നും അതുവഴി രാജ്യത്തിനകത്തു ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമെന്നൊക്കെയായിരുന്നു തള്ളലുകള്‍. വെറുപ്പിന്റെ രാഷ്ട്രീയക്കളരിയില്‍ സ്വയം വികസിപ്പിച്ചെടുത്ത കൊടിയ കള്ളങ്ങളുടെ ഇരകളായി ബിജെപി സ്വയം മാറുകയായിരുന്നുവെന്നും വേണമെങ്കില്‍ പറയാം. ആ ഭ്രമാത്മകഭാവനയില്‍ വിരിഞ്ഞതൊന്നും യാഥാര്‍ഥ്യമായി പുലര്‍ന്നില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, നിരോധിത നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. നോട്ടുനിരോധനത്തിനു മുമ്പുള്ളതിനേക്കാള്‍ കള്ളപ്പണത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്ക് അപരിചിതമായ നോട്ടുകള്‍ വ്യാപകമായി ഇറങ്ങിയതോടെ കള്ളനോട്ടടിക്കാര്‍ക്കും സൗകര്യമായി.
നോട്ടുനിരോധനം സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം തത്തമ്മപ്പാട്ടുകാരായ ഭക്തര്‍ക്കൊഴിച്ച് എല്ലാവര്‍ക്കും ഇന്നു ബോധ്യമാണ്. ചെറുകിട വ്യാപാരങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മയും തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയും പെരുകിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യമിടിഞ്ഞ് നിലംപരിശായിക്കഴിഞ്ഞു. ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. മൂര്‍ധാവില്‍ അടിയേറ്റതുപോലെ സാമ്പത്തികമേഖല അപ്പാടെ നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അവശേഷിക്കുന്ന സമ്പത്ത് കവര്‍ന്നെടുത്ത് ദിനേനയെന്നോണം വന്‍കിടമുതലാളിമാര്‍ രാജ്യം വിടുന്നു.
തറവാട് കുളംതോണ്ടാന്‍ ഒരുമ്പെട്ടിറങ്ങിയ മുടിയനായ പുത്രനെപ്പോലെ ബിജെപി ഭരണകൂടത്തിന്റെ പാപഗ്രസ്തമായ കണ്ണുകള്‍ ഇപ്പോള്‍ രാജ്യത്തിന്റെ കരുതല്‍ശേഖരത്തിലാണ് വീണുകിടക്കുന്നത്. ബിജെപി നോമിനിയായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കുപോലും അസഹനീയമായി തോന്നിയതുകൊണ്ടു മാത്രമാണ് ആ നീക്കം വിജയിക്കാതെ നില്‍ക്കുന്നത്. ചുരുക്കത്തില്‍, പാപി ചെന്നിടം പാതാളം എന്ന പ്രയോഗത്തെ സാധൂകരിക്കുന്ന തകര്‍ച്ചയുടെ നാലാണ്ടുകളാണ് മോദിഭരണം രാജ്യത്തിനു സമ്മാനിച്ചതെന്ന് വ്യക്തം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss