|    Oct 19 Thu, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നോട്ടുനിരോധനം മഹാവിഡ്ഢിത്തം : പാര്‍ലമെന്ററി സമിതി

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് മഹാവിഡ്ഢിത്തമായെന്ന് പാര്‍ലമെന്ററി സമിതി റിപോര്‍ട്ട്. നോട്ടുനിരോധനം സംബന്ധിച്ച് പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിന്റെ മേശപ്പുറത്തു വച്ച സമിതി റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് അബദ്ധമായെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട്, നോട്ടുനിരോധനംകൊണ്ട് ലക്ഷ്യംവച്ച കാര്യങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വലിയതോതിലുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. 4.172 കോടിയുടെ സംശയകരമായ പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നാണ് ധനകാര്യമന്ത്രാലയം തന്നെ വ്യക്തമാക്കിയത്. അഞ്ചു മുതല്‍ ഏഴു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നാണ് പ്രധാനമന്ത്രി മോദി നേരത്തേ പ്രവചിച്ചിരുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തികസഹായത്തിന് തടയിടാന്‍ നോട്ടുനിരോധനംകൊണ്ട് സാധിച്ചില്ലെന്നു മാത്രമല്ല, ധനകാര്യമന്ത്രാലയം പദ്ധതിയിട്ടതുപോലെയുള്ള കറന്‍സിരഹിത സമൂഹത്തെ സൃഷ്ടിക്കാനും നോട്ടുനിരോധനംകൊണ്ട് സാധിച്ചില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. നോട്ട് നിരോധിച്ച നവംബര്‍ 8ന് മുമ്പുള്ള അതേ നിലയിലേക്ക് പണമിടപാടിന്റെ തോത് മാറിയിട്ടുണ്ടെന്നും പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നോട്ടുനിരോധനം ചെറുകിട വ്യവസായങ്ങളെയും പ്രബലമായ അസംഘടിത മേഖലകളെയും തകര്‍ത്തെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. സംഘപരിവാര തൊഴിലാളിസംഘടനയായ ബിഎംഎസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുലക്ഷം വ്യവസായ യൂനിറ്റുകള്‍ അടച്ചുപൂട്ടിയതുമൂലം നാലുകോടി തൊഴിലുകള്‍ നഷ്ടപ്പെട്ടെന്നാണ് ബിഎംഎസിന്റെ കണക്ക്. ആസൂത്രണമില്ലാതെയാണ് അധികൃതര്‍ തീരുമാനമെടുത്തത്. എടിഎമ്മുകളുടെ കാര്യത്തിലും 2000 രൂപ ഇറക്കിയതിലും വരെ ഈ ആസൂത്രണമില്ലായ്മ വ്യക്തമാണ്. ദിനംപ്രതി നിയമങ്ങള്‍ മാറ്റിക്കൊണ്ടിരുന്നതും ആസൂത്രണത്തിന്റെ പോരായ്മയാണ്. ഗ്രാമീണമേഖലയിലെ ഭൂരിപക്ഷം എടിഎമ്മുകളിലും ഇപ്പോഴും പണം ലഭ്യമല്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക