|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നോട്ടുനിരോധനം: കാര്‍ഷികമേഖലയെ തകര്‍ത്തെന്ന ആദ്യ റിപോര്‍ട്ട് തിരുത്തി

Published : 28th November 2018 | Posted By: kasim kzm

കെ എ സലിം

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്ന കൃഷിമന്ത്രാലയത്തിന്റെ റിപോര്‍ട്ട് മോദിക്കു വേണ്ടി തിരുത്തി. നിരോധനം കര്‍ഷകര്‍ക്കു ഗുണകരമായെന്ന തിരുത്തലാണു വരുത്തിയത്. തിരുത്തിയ റിപോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതിയില്‍ അവതരിപ്പിച്ചു. നോട്ടുനിരോധനംമൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവു കാരണം കര്‍ഷകര്‍ക്ക് വിത്തുകളും വളവും വാങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നായിരുന്നു ആദ്യ റിപോര്‍ട്ടിലെ കണ്ടെത്തല്‍. വേനല്‍ക്കാല വിളകള്‍ വില്‍ക്കുകയും ഗോതമ്പുപോലുള്ള ശൈത്യകാല വിളകള്‍ വിതയ്ക്കുകയും ചെയ്യുന്ന നവംബറിലാണ് നോട്ട് നിരോധിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന പണം ഉപയോഗശൂന്യമായി. ഇക്കാരണത്താല്‍ ഇന്ത്യയിലെ 26 കോടിയോളം വരുന്ന കര്‍ഷകരെ തീരുമാനം തകര്‍ത്തെന്നും ആദ്യ റിപോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍, അതിനു വിപരീതമായാണ് പുതിയ റിപോര്‍ട്ട്. കാര്‍ഷിക വായ്പകള്‍, ഗുണമേന്മയുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ വിത്തുകളുടെ വിതരണം, പ്രധാനപ്പെട്ട ശൈത്യകാല വിളകളുടെ വിതരണം, വിളകളുടെ ഉല്‍പാദനം തുടങ്ങിയവയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രോല്‍സാഹനജനകമായ വളര്‍ച്ചയാണ് നോട്ടുനിരോധനശേഷം ഉണ്ടായത്. ഇത് നോട്ടുനിരോധനം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതിനു തെളിവാണെന്നാണ് ‘500, 1000 രൂപയുടെ നിരോധനവും അനന്തരഫലവും’ എന്ന തലക്കെട്ടോടു കൂടി മന്ത്രാലയം തയ്യാറാക്കിയ പുതിയ റിപോര്‍ട്ടില്‍ പറയുന്നത്. നോട്ടുനിരോധനം ഇന്ത്യയിലെ കാര്‍ഷികരംഗത്തെ കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതാക്കിയെന്നും ഇതു കര്‍ഷകര്‍ക്ക് വളരെ ഗുണകരമായെന്നും റിപോര്‍ട്ട് അവകാശപ്പെടുന്നു.
ദേശീയ വിത്ത് കോര്‍പറേഷന്റെ ശേഖരത്തിലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പുവിത്തുകള്‍ വില്‍ക്കാന്‍ ഇതോടെ കഴിയാതെയായതായി പഴയ റിപോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. പഴയ നോട്ടുകള്‍ ഉപയോഗിച്ചും വിത്തുകള്‍ വാങ്ങാമെന്നു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല. നോട്ടുനിരോധനം വന്‍കിട കര്‍ഷകരെയും ബാധിച്ചു. തങ്ങളുടെ വയലുകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കഴിയാതെയും വിളവെടുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാതെയും വന്നതോടെയാണ് ഇവരും പ്രതിസന്ധിയിലായത്. ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ‘ഷോക്ക് ചികില്‍സ’യായ നോട്ടുനിരോധനം കാര്‍ഷികവിപണിക്ക് ഉണര്‍വേകിയെന്നാണ് പുതിയ റിപോര്‍ട്ടിലുള്ളത്. നോട്ടുനിരോധനംമൂലം കറന്‍സി ലഭിക്കാതെ കര്‍ഷകര്‍ വലഞ്ഞിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൃഷിമന്ത്രാലയ സെക്രട്ടറിയുടെ അനുമതിയോടെയാണ് ആദ്യ റിപോര്‍ട്ട് അന്തിമമാക്കിയതെങ്കിലും നോട്ടുനിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമാണ് ആദ്യ റിപോര്‍ട്ടിന്റെ ഉള്ളടക്കമെന്നു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബിജെപി നേതാക്കള്‍ ഇടപെടുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം വീരപ്പമൊയ്ലി അധ്യക്ഷനായ സ്റ്റാന്റിങ് കമ്മിറ്റിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss