|    Oct 17 Wed, 2018 2:19 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

നോട്ടുനിരോധനം ഒരു വര്‍ഷത്തിനിപ്പുറം

Published : 8th November 2017 | Posted By: fsq

 

എന്‍  മുഹമ്മദ്  ഷഫീഖ്

കള്ളപ്പണം വെളിയില്‍ കൊണ്ടുവരുക, തീവ്രവാദികളുടെ സാമ്പത്തികസ്രോതസ്സുകള്‍ തകര്‍ക്കുക, കള്ളനോട്ട് തടയുക എന്നിവ മുന്‍നിര്‍ത്തിയാണ് 2016 നവംബര്‍ 8ന് 15.4  ലക്ഷംകോടിയോളം വരുന്ന 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിക്കുന്നത്. എന്നാല്‍, പിന്നീട് ഈ തീരുമാനത്തിന്റെ ലക്ഷ്യം പലപ്രാവശ്യം മാറുന്നതാണു രാജ്യം കണ്ടത്. നാലുലക്ഷം കോടിയോളം കള്ളപ്പണം ബാങ്കുകളിലേക്കു തിരിച്ചുവരില്ലെന്നു ആദ്യദിവസങ്ങളില്‍ വീമ്പുപറഞ്ഞ ബിജെപി നേതൃത്വം പിന്നീട് സാമ്പത്തിക ഇടപാടുകളെ ഡിജിറ്റലൈസ് ചെയുക എന്നതാണ് നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്നു മാറ്റിപ്പറയുന്നതാണു ജനം കണ്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രയോഗിച്ച ‘സംഘടിത കൊള്ള’ തന്നെയാണ് നോട്ടുനിരോധനത്തിനു യോജിക്കുന്ന യഥാര്‍ഥ വിവരണം.  ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നോട്ടുനിരോധനത്തിന്റെ ആഘാതം രാജ്യം മറികടന്നോ എന്നുള്ളതാണ്. രാജ്യത്തിന്റെ സമ്പദ്സ്ഥിതി സൂചിപ്പിക്കുന്ന ജിഡിപി 7.9ല്‍ നിന്ന് 5.7 ശതമാനം എന്ന കഴിഞ്ഞ മൂന്നുവര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത് നോട്ടുനിരോധനം എത്രത്തോളം ആഴത്തില്‍ രാജ്യത്തെയും ജനതയെയും തളര്‍ത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.  ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് പോലും സമ്മതിക്കുന്നു.150ലധികം ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ അപഹരിച്ച നോട്ടുനിരോധനം യഥാര്‍ഥത്തില്‍ നേരിട്ടു ബാധിച്ചത് രാജ്യത്തിന്റെ നെടുംതൂണായ കൃഷിയെ  തന്നെയാണ്. കാവേരി ഡെല്‍റ്റ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി രംഗനാഥന്‍ പറയുന്നത് നോട്ടുനിരോധനം മുഖേന കൃഷിക്കു സംഭവിച്ച തളര്‍ച്ച പൂര്‍ണരൂപത്തിലും ആഴത്തിലും ചര്‍ച്ചയായില്ല എന്നാണ്. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതു തന്നെ വിളവെടുപ്പു സമയത്താണ്. ജലസേചനം വഴി കൃഷിചെയ്യപ്പെടുന്ന നെല്ല്, കരിമ്പ്, ചോളം, മഞ്ഞള്‍, പരുത്തി, പച്ചക്കറികള്‍ തുടങ്ങിയവയെയാണ് ഇതു ശക്തമായി ബാധിച്ചത്. കൃഷിയിറക്കാന്‍ വേണ്ട സാമഗ്രികള്‍ വാങ്ങാന്‍പോലും കഴിയാതെ കൃഷിയിടങ്ങള്‍ നശിച്ചുപോയി. പണമായി സൂക്ഷിച്ചിരിക്കാന്‍ സാധ്യതയുള്ള കള്ളപ്പണം വേട്ടയാടാന്‍ ഇറങ്ങിയ പ്രധാനമന്ത്രി വിദേശത്തും നാട്ടിലുമായി വസ്തുവിലും സ്വിസ് ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചു മിണ്ടിയതേയില്ല. റേഷനരി വാങ്ങാനും ചികില്‍സാ ചെലവിനും കല്യാണത്തിനും പണം കണ്ടെത്താനായി സാധാരണക്കാരന്‍ മണിക്കൂറുകള്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവന്നത് രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെ ബാധിച്ചു. പിന്നീട് ഇതേ ഭരണകൂടം വിജയ് മല്യയുടെ 7000 കോടി രൂപയുടെ വായപ കിട്ടാക്കടമായി  എഴുതിത്തള്ളുന്നതാണു കണ്ടത്. ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നഷ്ടമായതാണ് മറ്റൊരു തിരിച്ചടി. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. തുടര്‍ന്നും മാറ്റങ്ങള്‍ ഉണ്ടാവുമോ എന്ന ആശങ്ക നിക്ഷേപകരെ വിപണിയില്‍നിന്ന് അകറ്റി. പൂര്‍ണമായി നോട്ട് മുഖാന്തരം കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ചെറുകിട വ്യവസായങ്ങളെയും ഇതു സാരമായി ബാധിച്ചു. പച്ചക്കറി, മല്‍സ്യ-മാംസം, വഴിയോര കച്ചവടങ്ങള്‍ എന്നീ മേഖലകള്‍ പൂര്‍ണമായും നിലച്ചു. അതിന്റെ ആഘാതം അളക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറിയ നോട്ടുകളുടെ അഭാവമായിരുന്നു അതിന്റെ പ്രധാന കാരണം. മാത്രമല്ല, ഇത്തരം മേഖലകളിലെ മാന്ദ്യം വന്‍തോതില്‍ തൊഴിലില്ലായ്മയിലേക്കു നയിച്ചു. ഏതാണ്ട് 70 ശതമാനം പേര്‍ക്കും ബാങ്ക് ഇടപാടുകള്‍ അന്യമായിട്ടുള്ള ഒരു ജനതയുടെ മുകളിലാണ് ഇത്തരമൊരു നടപടി അടിച്ചേല്‍പിച്ചത് എന്നോര്‍ക്കണം. നോട്ടുനിരോധനം എന്ന എടുത്തുചാട്ടം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. നൊബേല്‍ സമ്മാനജേതാവായ സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യാസെന്‍ നോട്ടുനിരോധനം അഴിമതിയെ നേരിടുന്നതിനായാലും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ നടപ്പാക്കലിനായാലും ഒരു ഭീമന്‍ അബദ്ധമാണെന്നും അത് തികച്ചും വിപരീത ഫലമേ ഉണ്ടാക്കൂ എന്നുമാണു രേഖപ്പെടുത്തിയത്. യുപി നിയമസഭാ ഇലക്ഷന് മുന്നോടിയായിട്ടുള്ള തികച്ചും സ്വാര്‍ഥപരമായ ഒരു കരുനീക്കമായും ചരിത്രം ഇതിനെ വിലയിരുത്തേണ്ടതുണ്ട്. ഇത്തരമൊരു നീക്കം ഒരുതരത്തിലും രാജ്യത്തിനോ ജനങ്ങള്‍ക്കോ ഗുണംചെയ്യില്ല എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. നോട്ടുനിരോധനത്തിനു ശേഷമുള്ള ദിവസങ്ങളില്‍ രാജ്യം മുഴുവന്‍ പകച്ചുനില്‍ക്കുമ്പോള്‍ കള്ളപ്പണ കേസുകളില്‍ അറസ്റ്റിലായവരില്‍ പലരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നതും യാദൃച്ഛികമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss