|    Nov 21 Wed, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ടുനിരോധനം: ആര്‍ബിഐ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നോട്ടുനിരോധനംകൊണ്ട് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതായി ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ മിനുട്‌സ് വ്യക്തമാക്കുന്നു.
നോട്ടുനിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം പറഞ്ഞ രണ്ടു കാര്യങ്ങള്‍, കള്ളപ്പണം തിരിച്ചുപിടിക്കല്‍, കള്ളനോട്ടുകള്‍ ഇല്ലാതാക്കല്‍ എന്നിവയായിരുന്നു. എന്നാല്‍, ഇതു രണ്ടും നടക്കില്ലെന്നുതന്നെയായിരുന്നു ആര്‍ബിഐ നല്‍കിയ മുന്നറിയിപ്പ്.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയാണ് നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് ധനകാര്യമന്ത്രാലയം വാദിച്ചപ്പോള്‍, കള്ളപ്പണം പണത്തിന്റെ രൂപത്തിലല്ല മറിച്ച് സ്വര്‍ണമായും ഭൂമിയായുമാണ് ശേഖരിച്ചുവച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ നീക്കംകൊണ്ട് കാര്യമായൊരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് അറിയിച്ചിരുന്നു.
1000ന്റെയും 500ന്റെയും കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്നും അതിന്റെ മൂല്യം 400 കോടിയായെന്നുമായിരുന്നു കേന്ദ്രത്തിന്റെ അടുത്ത വാദം. രാജ്യത്തുള്ള ഈ 400 കോടി കള്ളനോട്ടകള്‍ അത്ര പ്രധാനപ്പെട്ടൊരു ശതമാനത്തില്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
നോട്ടുനിരോധനം രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
രണ്ടുവര്‍ഷം മുമ്പ് 2016 നവംബര്‍ 8ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തിന് നാലുമണിക്കൂര്‍ മുമ്പ് ഈ തീരുമാനത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ രണ്ടു കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.
അന്നേദിവസം വൈകുന്നേരം 5.30ന് ന്യൂഡല്‍ഹിയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ 561ാമത് യോഗത്തിലാണ് ഡയറക്ടര്‍മാര്‍ എതിര്‍പ്പ് അറിയിച്ചത്.
നോട്ടുനിരോധനം ആ വര്‍ഷത്തെ മൊത്ത ആഭ്യന്തരോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തിന്റെ മിനുട്‌സില്‍ വ്യക്തമായി പറയുന്നുണ്ട്. യോഗം നടന്ന് അഞ്ചാഴ്ചയ്ക്കു ശേഷം 2016 ഡിസംബര്‍ 15ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ഊര്‍ജിത് പട്ടേലാണ് മിനുട്‌സില്‍ ഒപ്പുവച്ചിരിക്കുന്നത്. പ്രധാന നിരീക്ഷണങ്ങള്‍ എന്ന് പരാമര്‍ശിച്ചിട്ടുള്ള ആറ് എതിര്‍പ്പുകളും ഈ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധനകാര്യമന്ത്രാലയം നല്‍കിയ ന്യായീകരണങ്ങളെല്ലാം മിനുട്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss