|    Jun 18 Mon, 2018 5:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

നോട്ടുകള്‍ റദ്ദാക്കുന്നതിന്റെ ആഘാതം പ്രവചനാതീതം

Published : 10th November 2016 | Posted By: SMR

നാടകീയതയ്ക്കു വലിയ പ്രാധാന്യം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെന്ന് ഇനിയും പറയാറായിട്ടില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനും കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും ഹവാലാ ഇടപാടുകള്‍ക്ക് അന്ത്യംകുറിക്കുന്നതിനുമാണ് ഇത്തരമൊരു ആത്യന്തിക നടപടി സ്വീകരിച്ചതെന്ന് മോദി പറയുന്നു. അതോടെ തീവ്രവാദത്തിന് അറുതിവരുത്താന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
അതീവരഹസ്യമായി മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണത്രേ ഇടിവെട്ടുംപോലെയുള്ള ഈ തീരുമാനം. നിലവില്‍ രാജ്യത്തു നടക്കുന്ന ക്രയവിക്രയത്തില്‍ 80 ശതമാനത്തില്‍ കൂടുതലാണ് 500, 1000 രൂപ നോട്ടുകളുടെ വിനിയോഗം. ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ വേണ്ടത്ര പ്രചാരത്തിലില്ലാത്തതും നാണയങ്ങള്‍ അടിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും കാരണം വലിയ തുകയ്ക്കുള്ള നോട്ടുകളാണ് കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ആ നിലയ്ക്കു പെട്ടെന്ന് അവ അസാധുവാക്കാനുള്ള തീരുമാനം സാധാരണക്കാരെയാണു കുഴപ്പത്തിലാക്കുക. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ബാങ്കുകള്‍ വഴിയുള്ള ഇടപാടുകളും രാജ്യത്ത് അത്ര സാധാരണമല്ല. വലിയ കൊട്ടിഘോഷത്തോടെ ആരംഭിച്ച ജന്‍ധന്‍ പോലുള്ള നിക്ഷേപ സമാഹരണ പദ്ധതികളില്‍ പണമിടാന്‍ ഉപഭോക്താക്കള്‍ മുമ്പോട്ടുവരാത്തതിനാല്‍ ബാങ്കുകള്‍ അവയില്‍ പലതും മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായി. ആ നിലയ്ക്കു ബദല്‍ സംവിധാനത്തെക്കുറിച്ചു സര്‍ക്കാര്‍ എന്തുപറഞ്ഞാലും ഇപ്പോഴത്തെ തീരുമാനം ഫലത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും.
ഈ തീരുമാനത്തിന് ഉദ്വേഗത കൂടുമെങ്കിലും ഇന്ത്യയെപ്പോലുള്ള രാജ്യത്ത് കള്ളപ്പണം തടയുന്നതിന് അതു വേണ്ടത്ര ഫലപ്രദമാവുമോ എന്ന സംശയം അത്ര അപ്രസക്തമല്ല. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടപോലെ, കേന്ദ്ര ഭരണകൂടം കരുതുന്ന രീതിയില്‍ ഇന്ത്യക്കാര്‍ കള്ളപ്പണം ചാക്കില്‍ കെട്ടി സൂക്ഷിക്കുകയല്ല ചെയ്യുന്നത്. പാനമരേഖകള്‍ കാണിക്കുന്നത്, ഇന്ത്യക്കാരുടെ പൊതുകടത്തേക്കാളധികം കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചിരിക്കുന്നുവെന്നാണ്. ഓഫ് ഷോര്‍ ബാങ്കിങ് സ്ഥാപനങ്ങളിലൂടെ ആവശ്യത്തിനു കള്ളപ്പണം ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. സ്വര്‍ണവും ഭൂമിയുമാണ് കള്ളപ്പണം സൂക്ഷിക്കാനുള്ള പ്രധാന വഴികള്‍. രഹസ്യമായെടുത്ത തീരുമാനം എന്നു പറയുന്നുവെങ്കിലും ഇതുസംബന്ധിച്ചു വന്‍തോക്കുകള്‍ക്ക് വിവരം കിട്ടിയിട്ടില്ലെന്ന് ഉറപ്പുപറയാന്‍ ആയിട്ടില്ലതാനും. എന്നാല്‍, കള്ളനോട്ടുകളുടെ പ്രചാരം താല്‍ക്കാലികമായി അവസാനിക്കുമെന്ന ഗുണം ഈ തീരുമാനത്തിനുണ്ട്.
നോട്ടുകള്‍ റദ്ദാക്കുക എന്ന സൂത്രം യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി നടത്തിയ ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണെന്ന് വിമര്‍ശകര്‍ പറയുന്നു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞിരുന്നു. കേന്ദ്ര ഭരണകൂടം ആ മേഖലയില്‍ കാര്യമായ നീക്കം നടത്തിയതിന്റെ സൂചനകള്‍ ഒന്നുമില്ല. ഏതായാലും സാധാരണജീവിതം സ്തംഭിപ്പിക്കുമെന്ന് ഉറപ്പുള്ള ഈ മിന്നലാക്രമണത്തിന്റെ ജയാപചയങ്ങള്‍ക്കായി നമുക്കു കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss