|    Dec 17 Sun, 2017 11:48 am
FLASH NEWS

നോട്ടുകള്‍ പിന്‍വലിക്കല്‍; വലഞ്ഞവരില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികള്‍

Published : 10th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ഏറെ ദുഖിതരും വലഞ്ഞവരും കേരളത്തില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍. വാര്‍ത്തകള്‍ അറിയാന്‍ താല്‍പ്പര്യം കാണിക്കാത്ത ഇവരില്‍ പലരും ഇന്നലെ തൊഴിലിനായി സൈറ്റുകളില്‍ എത്തിയപ്പോഴാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന വിവരം തന്നെ അറിയുന്നത്. എന്നാല്‍ ഇതിന്റെ ഗൗരവം ശരിക്കും മനസ്സിലായത് വൈകുന്നേരങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാനായി നഗരത്തില്‍ എത്തിയപ്പോഴാണ്. നിലവിലെ 500ഉം 1000ഉം രൂപയും കൂലിയായി ഇന്നലെ വാങ്ങിയവരും ഏറെയാണ്. ആഴ്ചയില്‍ ഒരിക്കല്‍ കൂലി ഒന്നിച്ചു വാങ്ങുന്നവരും പണം കൈയില്‍ സ്വരൂപിച്ചവരുമായ അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നതും കാണാമായിരുന്നു. കൈയിലുള്ള പണം മാറാനും മറ്റുമായി ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖകളും കൈയിലില്ലാത്തതാണ് ഇതിനു കാരണം. ഇവരെ സഹായിക്കാനോ പറഞ്ഞു മനസ്സിലാക്കാനോ ആരുമില്ലാത്തതും ഇവരെ വലക്കുന്നുണ്ട്. നഗരത്തിലെമ്പാടുമുള്ള കടകളില്‍ ഇന്നലെ പതിവു കച്ചവടത്തിന്റെ നാലിലൊന്നു പോലും നടന്നില്ല. ബസ്സില്‍ യാത്രക്കാരു പോലും വളരെ കുറവായിരുന്നു. മല്‍സ്യ-മാംസ മാര്‍ക്കറ്റുകളിലും പച്ചക്കറി മാര്‍ക്കറ്റുകളിലും വ്യാപാരം നടന്നില്ല. ലക്ഷക്കണക്കിനു വ്യാപാരം നടക്കുന്ന ചങ്ങനാശ്ശേരി മൊത്തവ്യാപാര പലചരക്കു മാര്‍ക്കറ്റിലും സ്ഥിതി വിഭിന്നമല്ലായിരുന്നു. നൂറിന്റെയും 10ന്റെയും നോട്ടുകളുടെ അഭാവം മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നു മരുന്നു വാങ്ങാന്‍ പോലും ആളുകളെ ബുദ്ധിമുട്ടിച്ചു. ഇതിനിടയില്‍ പിന്‍വലിച്ച നോട്ടുകള്‍ നല്‍കിയാല്‍ ഇരുന്നൂറും മുന്നൂറും രൂപാ കുറച്ചു കൊടുക്കാനും നഗരത്തില്‍ ഇന്നലെ ആളുകളുണ്ടായി. അവരില്‍ നിന്നു നഷ്ടത്തില്‍ പണം വാങ്ങിയവരും നഗരത്തില്‍ ഏറെയാണ്. അത്യാവശ്യയാത്ര ചെയ്യേണ്ടി വന്നവരാണ് അവരില്‍ അധികം പേരും. അതേസമയം കൂടുതല്‍ പണം കൈവശമുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ ഏറെ വിഷമിക്കുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss