|    Apr 22 Sun, 2018 2:31 pm
FLASH NEWS

നോട്ടുകള്‍ അസാധുവാക്കിയ നടപടി; വാഹനക്കച്ചവടം നിരീക്ഷണത്തില്‍

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം ജില്ലയില്‍ നടന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹന കച്ചവടങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ നിരീക്ഷണം കര്‍ശനമാക്കി. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പനയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് അധികൃതര്‍ ഗതാഗത വകുപ്പ് മുഖേന ഇതുസംബന്ധിച്ച വിശദീകരണം തേടി. വാഹന വില്‍പന സംബന്ധിച്ച് ആര്‍ടി ഓഫിസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും മറ്റും പരിശോധിക്കും. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ നടന്ന വാഹന ഇടപാടുകളാണു പ്രധാനമായും അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരേ പിഴയീടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ജില്ലയിലെ പല നഗരങ്ങളിലും സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പന കേന്ദ്രങ്ങള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ബ്രോക്കര്‍മാര്‍ മുഖേനയും വില്‍പന നടക്കുന്നു. പ്രധാനമായും കാറുകളും ബൈക്കുകളുമാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നത്. ഇക്കഴിഞ്ഞ മേയില്‍, 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത െ്രെടബ്യൂണലിന്റെ ഇടക്കാല ഉത്തരവ് വന്നതോടെ ജില്ലയില്‍ ഉള്‍പ്പെടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി തകരുന്ന സ്ഥിതി സംജാതമായിരുന്നു. നിരവധി ബുക്കിങുകളാണ് അക്കാലയളവില്‍ റദ്ദായത്. പിന്നീട് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തോടെ ബുക്കിങ് വീണ്ടും കൂടി. പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം വില്‍പനമൂല്യം ഗണ്യമായി കുറയുന്നു. എന്നാല്‍, സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് വില്‍പനമൂല്യത്തില്‍ വലിയ നഷ്ടം സംഭവിക്കുന്നില്ല എന്നതാണ് വില്‍പന വര്‍ധിക്കാന്‍ പ്രധാന കാരണം. പ്രമുഖ വാഹനനിര്‍മാണ കമ്പനികളുടെ ഡീലര്‍മാര്‍ തന്നെ എക്‌സ്‌ചേഞ്ചിനും മറ്റുമായി തിരിച്ചെടുക്കുന്ന കാറുകള്‍ വാറന്റിയോടെ വിപണിയില്‍ വില്‍ക്കുന്നുവെന്നതും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ സജീവമാക്കുന്നുണ്ട്. എന്നാല്‍, നോട്ട് അസാധുവാക്കിയ ശേഷം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ചിലര്‍ വാങ്ങിക്കൂട്ടിയതായി അധികൃതര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാഹനം വിറ്റഴിച്ചവര്‍ക്ക് വാഹന വില്‍പനയിലൂടെ ലഭിച്ച പണമാണെന്നു ചൂണ്ടിക്കാട്ടി തുക അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന സൗകര്യത്തിലാണത്രെ വില്‍പന നടന്നത്. ചട്ടപ്രകാരം കൈമാറ്റം ചെയ്യുന്നതിനു വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും മോട്ടോര്‍ വാഹനവകുപ്പ് ഓഫിസില്‍ എത്തണമെന്നില്ല. ആരുടെ പേരിലേക്കും വാഹനം രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, യൂസ്ഡ് കാര്‍ വില്‍പന കേന്ദ്രങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ട്രേഡ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാല്‍, ഇതുസംബന്ധിച്ച പരിശോധന പ്രായോഗികമല്ലെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. എക്‌സൈസ്-കസ്റ്റംസ് വകുപ്പിന്റെ നടപടിക്കെതിരേ സെക്കന്‍ഡ് ഹാന്‍ഡ് വാഹന കച്ചവടക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss