|    May 21 Mon, 2018 11:00 am
FLASH NEWS
Home   >  Editpage  >  Editorial  >  

നോട്ടുകളുടെ പ്രശ്‌നത്തിന് ഒരു പരിഹാരവുമില്ലേ?

Published : 30th November 2016 | Posted By: SMR

70 കൊല്ലം നീണ്ടുനിന്ന വ്യവസ്ഥ ശുദ്ധീകരിച്ചെടുക്കുക അത്ര എളുപ്പമല്ലെന്നാണ് നോട്ട് അസാധുവാക്കല്‍ പ്രക്രിയ രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക അരാജകത്വത്തെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന ഒഴിവുകഴിവ്. പക്ഷേ, പ്രയാസം എത്രത്തോളമുണ്ടാവും എന്ന ചോദ്യത്തിന് ആരുടെയും പക്കല്‍ ഉത്തരമില്ല. ഇതേവരെ കണ്ട അലംഭാവത്തോടെയും തന്‍കാര്യപ്രമാണിത്തത്തോടെയുമാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും കാര്യങ്ങള്‍ നീക്കുന്നതെങ്കില്‍ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി കൂടുതല്‍ വഷളാവാനാണ് സകല സാധ്യതയും. എടിഎമ്മുകള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. കാശില്ലാതെ ബാങ്കുകളും അടച്ചിടേണ്ടിവന്നേക്കും. സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ പറയുന്നത് ശരിയാണെങ്കില്‍ ദിവസം കേരളത്തില്‍ 900 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ വേണം. ഒരാഴ്ചയായിട്ടും 150 കോടി രൂപയുടെ നോട്ടുകളാണെത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ പൊലിപ്പിക്കാന്‍ നടക്കുന്നവര്‍ ഇതു വല്ലതും അറിയുന്നുവോ?
മൊബൈല്‍ ബാങ്കിങിലേക്കു മാറൂ എന്നാണ് ഇതേപ്പറ്റി പറയുന്നവരോടുള്ള പ്രധാനമന്ത്രിയുടെ ഉപദേശം. അയല്‍വാസികളെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പഠിപ്പിക്കൂ എന്ന് യുവാക്കളോട് പറയുകയും ചെയ്തു കക്ഷി. മഹാഭൂരിപക്ഷത്തിനും മലവിസര്‍ജനം നടത്താന്‍ കക്കൂസില്ലാത്ത ഒരു നാട്ടിലിരുന്നാണ് പ്രധാനമന്ത്രി പ്ലാസ്റ്റിക് മണിയെപ്പറ്റി പറയുന്നത് എന്നോര്‍ക്കണം. 10 കൊല്ലം കിണഞ്ഞു ശ്രമിച്ചാല്‍ പോലും ജനങ്ങളില്‍ 30 ശതമാനം പേര്‍ക്കുപോലും ഇത്തരം സൗകര്യങ്ങള്‍ പ്രാപ്യമാവുകയില്ലെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഏറ്റവും വലിയ ശുഭവിശ്വാസി പറയുന്നത്. അപ്പോഴും പ്രധാനമന്ത്രി ഒരു ഉളുപ്പുമില്ലാതെ നാളെ രാവിലെ തന്നെ ഇ-ബാങ്കിങിലേക്കു തിരിയൂ എന്നു പറയുന്നു. അതിനു കൈയടിച്ചുകൊടുക്കാനും ആളുണ്ട്.
കറന്‍സി ക്ഷാമം ചെറുകിട വ്യാപാരികളെ മുഴുവനും കഷ്ടത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. കാശുകൊടുത്ത് സാധനങ്ങള്‍ വാങ്ങിയിരുന്നവര്‍ ചെറിയ നോട്ടുകളുടെ അഭാവം മൂലം സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന വന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലേക്കു മാറി. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൊഴുത്തുതടിക്കുമ്പോള്‍ ചെറുകിട വ്യാപാരികള്‍ ആത്മഹത്യയുടെ വക്കത്തെത്തിനില്‍ക്കുന്നു. ഈ ദുരിതത്തെ പറ്റിയുള്ള വല്ല കണക്കുമുണ്ടോ ഭരണാധികാരികളുടെയും അവരുടെ കുഴലൂത്തുകാരുടെയും കൈയില്‍? ദേശാഭിമാനവിജൃംഭിതരായി നെഞ്ചു തള്ളിച്ചു നടന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സക്രിയമായ ബദല്‍ വഴികളെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ആലോചിക്കാത്തത്? ചില്ലറക്ഷാമം കൊടുമ്പിരികൊണ്ടപ്പോള്‍ പണ്ട് പ്രാദേശികതലത്തില്‍ വ്യാപാരിസമൂഹം മുന്‍കൈയെടുത്ത് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി പ്രശ്‌നത്തെ ഒരു പരിധിവരെ അഭിമുഖീകരിച്ചിരുന്നു. ഇത് കുറേക്കൂടി വ്യാപകമാക്കാവുന്നതേയുള്ളൂ. വികസിത പാശ്ചാത്യസമൂഹങ്ങള്‍ പ്ലാസ്റ്റിക് മണിയെ മാത്രം ആശ്രയിക്കുന്നവരല്ല. ലോക്കല്‍ കറന്‍സിയുടെ ഉപയോഗം എന്ന ബദല്‍ മാര്‍ഗം ഇംഗ്ലണ്ടിലും ജര്‍മനിയിലുമെല്ലാം ഉണ്ട്. എന്തുകൊണ്ട് ഇത്തരം വഴികളെപ്പറ്റി നമുക്കും ആലോചിച്ചുകൂടാ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss