|    Jan 23 Mon, 2017 8:27 pm
FLASH NEWS
Home   >  Sports  >  Cricket  >  

നോട്ടിങ്ഹാമില്‍ ഇംഗ്ലീഷ് റണ്‍ പ്രളയം

Published : 1st September 2016 | Posted By: SMR

നോട്ടിങ്ഹാം: സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് റണ്‍പ്രളയം സൃഷ്ടിച്ചപ്പോള്‍ പാകിസ്താന്‍ ഒഴുകിപ്പോയി, ഒപ്പം ലോകറെക്കോഡും. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ സ്‌കോറാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 444 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്.
ഇംഗ്ലീഷ് ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. 42.4 ഓവറില്‍ 275 റണ്‍സിന് പാകിസ്താന്‍ പോരാട്ടമവസാനിപ്പിച്ചു. ഇംഗ്ലണ്ടിന്റെ ജയം 169 റണ്‍സിന്.
ഷര്‍ജീല്‍ ഖാന്‍ (58), പേസര്‍ മുഹമ്മദ് ആമിര്‍ (58) എന്നിവര്‍ മാത്രമേ പാക് നിരയില്‍ പൊരുതിനോക്കിയുള്ളൂ. നാലു വിക്കറ്റെടുത്ത ക്രിസ് വോക്‌സും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദുമാണ് പാക് പതനം വേഗത്തിലാക്കിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-0ന് കൈക്കലാക്കി. ഹെയ്ല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തേ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തവരെല്ലാം പാകിസ്താനെ തല്ലിപ്പരുവമാക്കി. ഓപണര്‍ ജാസണ്‍ റോയ് (15) മാത്രമാണ് ഇതിനൊരു അപവാദം. കേവലം 122 പന്തില്‍ 22 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 171 റണ്‍സ് വാരിക്കൂട്ടിയ ഓപണര്‍ അലെക്‌സ് ഹെയ്ല്‍സാണ് ഇംഗ്ലീഷ് വീരനായകന്‍. ഹെല്‍സിന്റെ ഇന്നിങ്‌സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റു താരങ്ങളും തകര്‍ത്തടിച്ചതോടെ പാക് താരങ്ങള്‍ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടി. ജോസ് ബട്‌ലര്‍ (90*), ജോ റൂട്ട് (85), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (57*) എന്നിവരാണ് ഇംഗ്ലീഷ് ഇന്നിങ്‌സില്‍ മിന്നിക്കത്തിയ മറ്റു താരങ്ങള്‍.
ബട്‌ലര്‍ കേവലം 51 പന്തില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറും പറത്തിയപ്പോള്‍ മോര്‍ഗന്‍ 27 പന്തില്‍ മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറും പായിച്ചു. 86 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് റൂട്ട് 85 റണ്‍സ് നേടിയത്. പാകിസ്താനു വേണ്ടി 10 ഓവര്‍ എറിഞ്ഞ വഹാബ് റിയാസ് വിക്കറ്റൊന്നുമില്ലാതെ വിട്ടുകൊടുത്തത് 110 റണ്‍സാണ്.
ആറു വര്‍ഷം മുമ്പ് ഹോളണ്ടിനെതിരേ ശ്രീലങ്ക സ്ഥാപിച്ച ഒമ്പതിന് 443 റണ്‍സെന്ന ലോകറെക്കോഡാണ് ഇംഗ്ലീഷ് താണ്ഡവത്തിന് മുന്നില്‍ വഴിമാറിയത്.
ഇംഗ്ലണ്ട് ഇതു രണ്ടാം തവണയാണ് 400ലേറെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നേടിയ ഒമ്പതിന് 408 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ നേരത്തേയുള്ള മികച്ച സ്‌കോര്‍.
പാകിസ്താനെതിരായ സൂപ്പര്‍ ഇന്നിങ്‌സിലൂടെ ഹെയ്ല്‍സും പുതിയ റെക്കോഡിന് അവകാശിയായി. ഏകദിനത്തില്‍ ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഹെയ്ല്‍സ് കണ്ടെത്തിയത്. 1993ല്‍ ആസ്‌ത്രേലിയക്കെതിരേ റോബിന്‍ സ്മിത്ത് നേടിയ 167* റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോഡ്.
ഈ കളിയില്‍ 22 പന്തിലാണ് ഇംഗ്ലീഷ് താരം ബട്‌ലര്‍ അര്‍ധസെഞ്ച്വറി തികച്ചത്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. തിരുത്തപ്പെട്ടത് മുന്‍ ക്യാപ്റ്റന്‍ പോള്‍ കോളിങ്‌വുഡിന്റെ (24 പന്ത്) റെക്കോഡ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക