|    Nov 16 Fri, 2018 2:20 am
FLASH NEWS
Home   >  Top Stories   >  

നോട്ടത്തിന്റെ സമയ പരിധി

Published : 18th August 2016 | Posted By: mi.ptk

imthihan-SMALLമല്ലൂസിംഗ് എന്ന പടത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളെ തുറിച്ചു നോക്കുന്ന നായകനായ കുഞ്ചാക്കോബോബനോട് ഒരു സഹയാത്രിക മലയാളിയാണോ എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്. ഒരു നാട്ടുകാരിയെ പരിയപ്പെട്ടതിന്റെ ആവേശത്തില്‍ എങ്ങനെ മനസ്സിലായി എന്നു ചോദിക്കുന്ന കുഞ്ചാക്കോയോട് ആ പെണ്‍കുട്ടി പറഞ്ഞത് ആ വൃത്തികെട്ട നോട്ടത്തില്‍ നിന്നും മനസ്സിലായി എന്നാണ്. സ്വന്തം നാട്ടുകാരുടെ മനോവൈകൃതം കൃത്യമായി തിരിച്ചറിഞ്ഞ ആ പെണ്‍കുട്ടിയുടെ മറുപടിയേറ്റ് പുളയുന്നത് ചാക്കോച്ചന്‍ മാത്രമല്ല എല്ലാ മല്ലൂസുമാണ്. എന്നു കരുതി നോട്ടം ഒരു തനത് കേരളിയകലയാക്കി യുനെസ്‌കോയിലോ മറ്റോ റജിസ്റ്റര്‍ ചെയ്യാന്‍ വരട്ടെ. നോട്ടം അത് നേര്‍ക്കുനേരെയുളളതാകട്ടെ ഒളിമറയിട്ടിട്ടുളളതാകട്ടെ ആദി പുരാതന കാലത്തേയുളള ഒരു കലയാണ് എന്ന മറുപടി കേട്ട് തലയുയര്‍ത്തി ഒന്നു നോക്കാന്‍ പോലുമാകാതെ തിരിഞ്ഞുനടക്കേണ്ടിവരും. കാരണം മനുഷ്യാരംഭം മുതലേ, അഥവാ അപരലിംഗത്തില്‍ പെട്ടവനെ/ പെട്ടവളെ കൗതുകം തോന്നിയ കാലം മുതലേ നോട്ടവുമാരംഭിച്ചിട്ടുണ്ടെന്നായിരിക്കും മറുപടി.

shakundalamസാത്താന്റെ പ്രലോഭനത്തിനടിപ്പെട്ട് വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദാമും ഹവ്വായും തങ്ങളുടെ നഗ്നത വെളിപ്പെട്ടപ്പോള്‍ പരസ്പരം നോട്ടത്തില്‍ നിന്നു രക്ഷപ്പെടാനാണല്ലോ സ്വര്‍ഗത്തിലെ ഇലകളില്‍ അഭയം തേടിയത് എന്ന വേദപാഠവും കേള്‍ക്കേണ്ടി വന്നേക്കും. പുരുഷന്റെ സ്ത്രീക്കു നേരെയുളള പതിനാലു നിമിഷത്തിലധികമുളള നോട്ടം അധിക്ഷേപകരവും സ്ത്രീത്വത്തിനു നേരെയുളള കൈയ്യേറ്റവുമായി കണക്കാക്കി കേസെടുക്കാനുളള വകുപ്പുണ്ടാക്കണമെന്ന രാജകീയ മീശക്കാരന്‍ ഋഷിരാജ്‌സിംഗിന്റെ പ്രസ്താവനായാണ് നോട്ടത്തെക്കുറിച്ച ചിന്തകളുണര്‍ത്തിയത്. നോട്ടത്തെ നിയമം മൂലം നിരോധിക്കുക സാധ്യമാണോ. അഥവാ എല്ലാ നോട്ടങ്ങളും നിരോധിക്കപ്പെടേണ്ട രീതിയില്‍ അരോചകമാണോ. എങ്കില്‍ പരുഷന്‍മാര്‍ സ്ത്രീകളെ നോക്കുന്നത് മാത്രമാണോ പ്രശ്‌നം. സ്ത്രീകള്‍ പുരുഷന്‍മാരെ നോക്കി എത്ര നിമിഷം ഇനി  മണിക്കൂറുകള്‍ തന്നെ നോക്കിയാലും ഇരക്ക് പരാതിയുണ്ടാവില്ലേ. യഥാര്‍ത്ഥത്തില്‍ നോട്ടങ്ങള്‍ പലവിധമുണ്ട് എന്നതാണ് വാസ്തവം. നയനകടാക്ഷത്തെ അനുരാഗത്തിന്റെ പ്രഥമപടിയായി കാമശാസ്ത്ര വിഛക്ഷണനായ വാത്സായനന്‍ വിലയിരുത്തുന്നു. പ്രഥമദര്‍ശത്തില്‍ തന്നെ അനുരാഗബദ്ധരായിത്തീര്‍ന്നവരെക്കുറിച്ച പ്രണയകാവ്യങ്ങളും ഏറെ. ഗാന്ധര്‍വ വിവാഹം കഴിഞ്ഞ് തലസ്ഥാന നഗരിയിലേക്കു മടങ്ങിപ്പോകുന്ന ദുഷ്യന്തമഹാരാജാവിനെ ഒന്നുകൂടി കാണാനുളള ആഗ്രഹത്താലും നേര്‍ക്കുനേരെ നോക്കുവാനുളള ലജ്ജയാലും കാലില്‍ ദര്‍ഭ പുല്ല് തറച്ചിട്ടെന്ന പോലെ പിന്തിരിഞ്ഞുനോക്കുന്ന ശകുന്തളയെ കാളിദാസന്‍ അജിജ്ഞാനശാകുന്തളത്തില്‍ കാവ്യഭാഷ്യയില്‍ അതിമനോഹരമായി വരച്ചത് വരയുടെ തമ്പുരാന്‍ രാജാരവിവര്‍മ്മ ലോകത്തിനായി വര്‍ണങ്ങളില്‍ ചാലിച്ച് അനശ്വരവും ജനകീയവുമാക്കി. ചുരുക്കത്തില്‍ കണ്‍മുമ്പില്‍ കാണുന്ന വസ്തു ഭംഗിയുളളതാവട്ടെ ഇല്ലാത്തതാവട്ടെ ദൃഷ്ടിയുളളവന്‍ നോക്കിയിരിക്കും.
വൈരാഗ്യമേറിയൊരു വൈദികനാകട്ടെ
യേറ്റവൈരിക്കു മുന്‍പുഴറിയോടിയ ഭീരുവാകട്ടെ
നേരേവിടര്‍ന്നുവിലസീടിന നിന്നെ നോക്കി
ആരാകിലെന്തു മിഴിയുളളവര്‍ നിന്നിരിക്കാം (വീണപൂവ്) എന്നെഴുതുമ്പോള്‍ ആശാനുദ്ദേശിച്ചതും  ഈ നോട്ടം തന്നെയാവാനാണ് സാധ്യത. നോട്ടം കണ്ണുകള്‍ കൊണ്ടുളള വ്യഭിചാരമാണെന്നു പഠിപ്പിച്ച നബിതിരുമേനി പോലും ആദ്യനോട്ടം അനുവദിച്ചിരിക്കുന്നു. പിന്നീടുളള നോട്ടം പിശാചിന്റേതാണെന്ന് വ്യക്തമാക്കുകയും ചെയ്ത തിരുമേനി പക്ഷേ നോട്ടത്തിന്റെ നിയന്ത്രണ പരിധിയില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ഉള്‍പ്പെടുത്തി. അതുകൊണ്ടു തന്നെ സ്ത്രീകളോടും പുരുഷന്‍മാരോടും പരസ്പരം കണ്ണുകള്‍ താഴ്ത്താന്‍ വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കര്‍ക്കശമായ നിയമപാലനത്തിന് എപ്പോഴും പഴികേള്‍ക്കാറുളള ഇസലാമിക ശരീഅത്ത് അന്യസ്ത്രീയെ നോക്കിയതിന് പുരുഷനേയോ തിരിച്ചോ ക്രിമിനല്‍ നടപടിക്ക് വിധേയരാക്കുന്നില്ല. മറിച്ച് അവരില്‍ ദൈവബോധവും അതുവഴി ആത്മനിയന്ത്രണവും വളര്‍ത്തി അവരെ സ്വയം നിയന്ത്രണത്തിനു വിധേയരാക്കുകയാണ്. പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജിന് അവിടുത്തോടൊപ്പം കഴുതപ്പുറത്ത് യാത്രചെയ്യുകയാണ് യുവാവായ ഫള്‌ലുബ്‌നു അബ്ബാസ്. തീര്‍ത്ഥാടകരായ സ്ത്രീകളെ കണ്ടപ്പോള്‍ സ്വാഭാവികമായും യുവാവായ ഫള്‌ലിന്റെ ദൃഷ്ടികള്‍ അങ്ങോട്ടു തിരിഞ്ഞു. കാര്യം മനസ്സിലാക്കിയ പ്രവാചകന്‍ ദേഷ്യപ്പെടാതെ, കനപ്പിച്ചൊരു വാക്കുപോലും പറയാതെ ഫള്‌ലിന്റെ തല മറുവശത്തേക്ക് തിരിച്ചു. (ഒരിക്കലല്ല,പലതവണ) അതോടെ ഫള്‌ലിന്റെ മനസും തിരിഞ്ഞു. നോട്ടവും അവസാനിച്ചു. ചുരുക്കത്തില്‍ ആത്മനിയന്ത്രണം വഴി സാധ്യമാക്കേണ്ട, വീട്ടകങ്ങളില്‍ നിന്നും പളളിക്കൂടങ്ങളില്‍ നിന്നും സ്വായത്തമാക്കേണ്ട സാംസ്‌കാരികാവബോധവും ആത്മനിയന്ത്രണവും പോലീസ് സ്‌റ്റേഷനുകള്‍ വഴിനടപ്പാക്കാന്‍ തുനിഞ്ഞാല്‍ എല്‍ കെ ജി ക്ലാസിലെ ടീച്ചറുടെ ജോലി കൂടി ചെയ്യേണ്ട സ്ഥിതിയിലാരിക്കും പോലീസുകാര്‍ക്കെന്നു സാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss