|    Mar 21 Wed, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നോക്കൗട്ട് റൗണ്ട് തേടി മാഞ്ചസ്റ്റര്‍, യുവന്റസ്

Published : 25th November 2015 | Posted By: SMR

ലണ്ടന്‍/ റോം: നോക്കൗട്ട്‌റൗണ്ടി ല്‍ സ്ഥാനമുറപ്പിക്കാന്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റ സ്, ഇംഗ്ലണ്ടിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഫ്രാന്‍സിലെ വിജയികളായ പിഎസ്ജി എന്നിവര്‍ ഇന്നു യുവേഫ ചാംപ്യന്‍സ് ലീഗില്‍ കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ ഗ്രൂപ്പ് ബിയില്‍ ഡച്ച് ടീം പിഎസ്‌വി ഐന്തോവനുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ് ഡിയില്‍ യുവന്റസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി പോരടിക്കും.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ റയല്‍ മാഡ്രിഡ് ഷക് തര്‍ ഡൊണെസ്‌കിനെയും പിഎസ്ജി മാല്‍മോയെയും ബിയില്‍ വോള്‍ഫ്‌സ്ബര്‍ഗ് സിഎസ്‌കെഎ മോസ്‌കയെയും സിയില്‍ അത്‌ലറ്റികോ മാഡ്രിഡ് ഗലാത്‌സരെയെയും ബെന്‍ഫിക്ക അസ്താനയെയും ഡിയില്‍ സെവിയ്യ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കിനെയും നേരിടും.
ഗ്രൂപ്പ് എയില്‍ ഇന്നു മാല്‍മോയെ കീഴടക്കാനായാല്‍ പിഎസ്ജിക്ക് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാം. നാലു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം ഏഴു പോയിന്റോടെ പിഎസ്ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്താണ്. 10 പോയിന്റുള്ള റയല്‍ ഇതിനകം നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ മല്‍സരത്തില്‍ റയലിനോട് അവരുടെ മൈതാനത്ത് 0-1ന്റെ തോ ല്‍വി വഴങ്ങിയ പിഎസ്ജി വിജയപാതയില്‍ തിരിച്ചെത്താനുറച്ചാണ് മാല്‍മോയുടെ തട്ടകത്തിലെത്തുന്നത്.
അതേസമയം, ഗ്രൂപ്പ് ബിയില്‍ ഏഴു പോയിന്റോടെ തലപ്പത്തു നില്‍ക്കുന്ന മാഞ്ചസ്റ്ററിന് ഇന്ന് പിഎസ്‌വിയെ മറികടക്കാനായാല്‍ അവസാന 16ലേക്കു മുന്നേറാം. പരിക്കേറ്റ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി മര്‍ത്യാല്‍ ഇന്നു മാഞ്ചസ്റ്ററിനായി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. ദേശീയ ടീമിനായി കളിക്കുന്നതിനിടെ പരിക്കേറ്റ മര്‍ത്യാല്‍ പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. ഇന്നലെ ടീമിനൊപ്പം പരിശീലനസെഷനില്‍ പങ്കെടുത്ത സ്‌ട്രൈക്കര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞതായാണ് സൂചന. പരിക്കുമൂലം പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി തിരിച്ചെത്തുമെന്നത് മാഞ്ചസ്റ്ററിന് ആശ്വാസമാവും.
എന്നാല്‍ കരുത്തരായ സിറ്റിയെ വീഴ്ത്തിയെങ്കില്‍ മാത്രമേ യുവന്റസിനു പ്രീക്വാര്‍ട്ടറിലെത്താനാവൂ. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോട് 1-4ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് സിറ്റി. ഈ പരാജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനവും സിറ്റിക്കു നഷ്ടമായിരുന്നു.
യുവന്റസും സിറ്റിയും തമ്മിലുള്ള ഗ്രൂപ്പുഘട്ടത്തിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ ലണ്ടനില്‍ നടന്ന ആദ്യപാദത്തി ല്‍ യുവന്റസ് 2-1ന് സിറ്റിയെ വീഴ്ത്തിയിരുന്നു. അന്നത്തെ തോല്‍വിക്ക് യുവന്റസിനോട് അവരുടെ കാണികള്‍ക്കു മുന്നില്‍ പകരം ചോദിക്കാനുറച്ചാവും സിറ്റി കച്ചമുറുക്കുക.
ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ എസി മിലാനെ 1-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യുവ ന്റസ് ഇന്ന് സിറ്റിയെ ഹോംഗ്രൗണ്ടിലേക്കു ക്ഷണിക്കുന്നത്.
സസ്‌പെന്‍ഷനെത്തുടര്‍ന്ന് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഹെര്‍ണാനസിന്റെ സേവനം യുവന്റസിനു ലഭിക്കില്ല. പരിക്കുമൂലം സമി ഖെദിറ, റോബര്‍ട്ടോ പെരേര എന്നിവരും ടീമിനു പുറത്താണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss