|    Jan 25 Wed, 2017 2:58 am
FLASH NEWS

നോക്കൂ, തിളക്കം എത്ര മനോഹരം!

Published : 24th October 2015 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

അസഹിഷ്ണുത എന്നത് വല്ലാത്തൊരു ഇതാണ്. എപ്പോഴാണ് അത് ഭസ്മാസുരന്റെ രൂപം പ്രാപിക്കുക എന്ന് പടച്ചതമ്പുരാനുപോലും പറയാനാവില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ ഭസ്മാസുരന്‍ ഉഗ്രരൂപിയായി നാടെങ്ങും നാറ്റിക്കും. അതാണ് നാട്ടുനടപ്പ്. ഡല്‍ഹിയിലെ സിംഹാസനത്തിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന മാമാങ്കത്തില്‍ ഇവന്റെ വിശ്വരൂപം ബഹുമാന്യ വോട്ടര്‍മാര്‍ കണ്ടതും അനുഭവിച്ചതുമാണല്ലോ! ഉത്തരദേശത്തെ മുസഫര്‍നഗറിലായിരുന്നു വിളയാട്ടം കൂടുതല്‍ ഭയാനകം.
സംഗതി ഏറ്റെന്ന് പ്രത്യേകം പറയേണ്ടതുണ്ടല്ലോ! മോദി തമ്പ്രാന്‍ ഇന്ദ്രപ്രസ്ഥം പിടിച്ചു. അന്നുതൊട്ട് ഗോമാതാവിന് ശൗര്യം ഏറി. വഴിയില്‍ കാണുന്നവരെ മുഴുവന്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയായി ആയമ്മയുടെ ജോലി. സാധ്വി പ്രാചി, സാക്ഷി മഹാരാജ്, ആദിത്യനാഥ്, സംഗീത് സോം തുടങ്ങി അതുവരെ കേള്‍ക്കാത്ത ചിലരൊക്കെ ഗോനൃത്തമാടി ഇന്ദ്രപ്രസ്ഥത്തെ കൊഴുപ്പിച്ചു. പരമശിവനെ വെല്ലുന്ന ഈ താണ്ഡവം ദാദ്രിയും പിന്നിട്ട് ഹരിയാനയിലെ ഫരീദാബാദിലെത്തിയിരിക്കുകയാണ്.
ബിഹാറിലെ നടപ്പ് നിയമസഭാ മാമാങ്കത്തിന് വല്ലതും തടയുമോ എന്ന പരീക്ഷണമായിരുന്നു ദാദ്രിയില്‍ സംഭവിച്ചത്. ഗോമാതാവ് കലിപൂണ്ട് തുള്ളി. മുഹമ്മദ് അഖ്‌ലാഖ് എന്ന പാവം മനുഷ്യനെ കടിച്ചുകീറി. അയാളുടെ മകനെ മൃതപ്രായനാക്കി. വീട് നിലംപരിശാക്കി.
അപ്പോള്‍ മഹേഷ് ശര്‍മ എന്ന തമ്പ്രാന്‍ മന്ത്രി പുലമ്പി: ‘ദാദ്രി ചെറിയ സംഭവം. വ്യാജ മതേതരന്‍മാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കരുത്. ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരോടൊപ്പം അഖ്‌ലാഖിനെയും കാലപുരിക്കയച്ചതോടെ അതുവരെ ഉറങ്ങുകയായിരുന്ന ചില മനസ്സാക്ഷികളൊക്കെ ഉണര്‍ന്നു. സാഹിത്യ അക്കാദമിക് പാഴ്‌സലായി അവാര്‍ഡുകളൊക്കെ തിരിച്ചയച്ചു. അപ്പോള്‍ പി വല്‍സലയ്ക്ക് ചൊറിഞ്ഞുകയറി: വാങ്ങിയ അവാര്‍ഡ് അവര്‍ നേരത്തേ തന്നെ തിരിച്ചുകൊടുക്കേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും തോന്നിയതു നന്നായി. എനിക്ക് അവാര്‍ഡ് കിട്ടിയതാണ്. അതു ഞാന്‍ തിരിച്ചുകൊടുക്കില്ല. മാത്രമല്ല, അവാര്‍ഡ് ശില്‍പ്പം കണ്ടില്ലെങ്കില്‍ എനിക്ക് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാനാവില്ല. പല്ലുതേക്കാതെ ഞാന്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ചോദ്യം.”
സംഗതിയുടെ പിന്നാമ്പുറം വേറെയാണെന്ന് ഒരു കോഴിക്കോടന്‍ ബഡാ പരുന്ത് കണ്ടുപിടിച്ചിരിക്കുന്നു. വല്‍സലാമ്മ ഇടതുപക്ഷക്കാരിയായിരുന്നു. അതിന്റെ ഗുണമൊക്കെ കിട്ടിയിട്ടുണ്ട്. എന്നാല്‍, വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നു തോന്നിയപ്പോള്‍ ആയമ്മയ്ക്ക് വെളിച്ചപ്പാടിളകി. ചെന്നെത്തിയത് മാതാ അമൃതാനന്ദമയിയുടെ തൃപ്പാദത്തിലാണ്. അതോടെ മലക്കംമറിച്ചിലിന്റെ ഒന്നാംഘട്ടമായി.
സാഹിത്യകാരന്‍മാര്‍ രാജിവച്ചതോടെ അക്കാദമിയില്‍ ചില ബഡാ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. വേണമെങ്കില്‍ വല്‍സലാമ്മ വരും. പക്ഷേ, വിളിക്കണം. സുരേഷ്‌ഗോപിയെപ്പോലെ എന്നെ വിളിച്ചോ എന്നു ചോദിച്ച് നടക്കാന്‍ വല്‍സലാമ്മയെ കിട്ടില്ല. മ്മളെ സിരകളില്‍ ഓടുന്നത് വിപ്ലവരക്തമാണ്. കാവിതമ്പ്രാക്കന്‍മാര്‍ അതു മറക്കരുത്.
ഹരിയാനയിലെ ഫരീദാബാദില്‍ ദലിതുകളെ ചുട്ടുകൊന്നതും തമ്പ്രാക്കള്‍ക്ക് വലിയ ആനക്കാര്യമായി തോന്നിയിട്ടില്ല. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് കേന്ദ്രം ഉത്തരവാദിയാണോ എന്നാണ് ബഹു. മന്ത്രി വി കെ സിങ് ചോദിച്ചത്. അവിടത്തെ മ്മളെ മുഖ്യമന്ത്രിയെ ജനം കൂക്കിവിളിച്ചത് സിങിന് തീരെ പിടിച്ചിട്ടില്ല. മനുസ്മൃതിയുടെ രണ്ടുകോടി കോപ്പികള്‍ അച്ചടിച്ച് വിതരണം ചെയ്യലായിരിക്കണം ഇതിനൊക്കെയുള്ള ആദ്യഘട്ട പ്രതിവിധി. എങ്കിലേ ഈ നാട് രക്ഷപ്പെടാന്‍ സാധ്യത കാണുന്നുള്ളു.
കശ്മീരില്‍ മാട്ടിറച്ചി മഹോല്‍സവം നടത്തിയ എംഎല്‍എക്ക് നിയമസഭയില്‍ തല്ലുകിട്ടിയെങ്കിലും കോടതി സംഗതി തീര്‍ത്തുപറഞ്ഞിട്ടുണ്ട്. മാട്ടിറച്ചി ഇഷ്ടംപോലെ കഴിച്ചോ, ഒരു ചുക്കും സംഭവിക്കാനില്ല എന്നാണ് കോടതി പറഞ്ഞത്. ഈ ഉത്തരവ് വന്നതോടെ പശുക്കളെല്ലാം ശാന്തസ്വഭാവികളായി ആലയിലേക്കു തന്നെ പിന്‍വാങ്ങിയെന്ന് റോയിട്ടേഴ്‌സ് ഇന്നലെ റിപോര്‍ട്ട് ചെയ്തതാണല്ലോ!
അക്രമാസക്തമായ പശുവിനെ ഒതുക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പ്രണബിനെതിരേ തല്‍ക്കാലം വാളുയര്‍ന്നിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ ഫലമൊന്നുമുണ്ടാക്കിയിട്ടില്ലെന്നാണ് ഫരീദാബാദ് തെളിയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക