|    Aug 19 Sat, 2017 10:56 am

നോക്കുകൂലി നല്‍കിയില്ല : കോല്‍ തടി കയറ്റുന്നത് യൂനിയനുകള്‍ തടഞ്ഞതായി ആക്ഷേപം

Published : 8th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ കോല്‍തടി കയറ്റുന്നത് യൂനിയന്‍കാര്‍ തടഞ്ഞതായി ആക്ഷേപം. പുത്തന്‍വീട്ടില്‍ പാറയില്‍ ഷാഹുല്‍ ഹമീദാണ് ആക്ഷേപം ഉന്നയിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാലും ചെയ്യാത്ത ജോലിക്ക് തൊഴിലാളികള്‍ക്ക് കൂലികിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനു മുമ്പും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ക്രെയിന്‍ ഉപയോഗിച്ച് കോല്‍ത്തടി ലോറിയില്‍ കയറ്റുന്നതിനും ഈ ആവശ്യത്തിലേക്ക് തനിക്ക് താല്‍പ്പര്യമുള്ള തൊഴിലാളികളെ ഉപയോഗിക്കുന്നതിനും അനുവാദം നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നുവെന്ന് ഷാഹുല്‍ ഹമീദ് പറയുന്നു. ഉത്തരവിന്റെ കോപ്പികള്‍ ജില്ലാ പോലിസ് സൂപ്രണ്ട്, കാഞ്ഞിരപ്പള്ളി സിഐ, എസ്‌ഐ എന്നിവര്‍ക്കും ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കും നല്‍കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഭീഷണി മുഴക്കിയത്. ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റിയാല്‍ ലോറിയും ക്രെയിനും അടിച്ച് തകര്‍ക്കുമെന്നും വാഹനങ്ങള്‍ കത്തിക്കുമെന്നുമാണ് ഇവര്‍ ഭീഷണി മുഴക്കിയത്. ഇതോടെ ലോറിക്കാരും ക്രെയിനും തടി കയറ്റാന്‍ തയ്യാറാവാതെ മടങ്ങിപ്പോവുകയും ഇവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക നല്‍കുകയും ചെയ്യേണ്ടി വന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും സ്ഥലത്തെത്തിയ പോലിസ് സംഘം പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാവാതെ തൊഴിലാളികളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു. വന്‍തുക കടം വാങ്ങി വ്യാപാരം നടത്തുന്ന തനിക്ക് വ്യാപാരത്തിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ടിനും കാഞ്ഞിരപ്പള്ളി സിഐക്കും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക